ഹിജാബ്, ഹലാല്‍, മുസ്ലിം വ്യാപാരികള്‍... ഇനി ബാങ്ക് വിളി; കര്‍ണാടകയില്‍ വിവാദം കത്തിച്ച് മന്ത്രി
ബെംഗളൂരു: കര്‍ണാടകയില്‍ ഒന്നിന് പിറകെ ഒന്നായി വിദ്വേഷ പ്രചാരണം. മുസ്ലിം വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നതായിരുന്നു നേരത്തെയുള്ള വിവാദം. തുടര്‍ന്ന് സര്‍ക്കാര്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തി. വിദ്യാര്‍ഥിനികള്‍ കോടതിയെ സമീപിച്ചെങ്കിലും രക്ഷയുണ്ടായില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. തൊട്ടുപിന്നാലെയാണ് ഹലാല്‍ ഭക്ഷണ വിവാദമുണ്ടായത്. ഹലാല്‍ ഭക്ഷണം വില്‍ക്കരുതെന്നായി ഹിന്ദുത്വ സംഘടനകളുടെ മുന്നറിയിപ്പ്. ശേഷം ക്ഷേത്ര പരിസരങ്ങളില്‍ മുസ്ലിം വ്യാപാരികള്‍ കച്ചവടം നടത്തുന്നത് വിലക്കിയതും ഏറെ ചര്‍ച്ചയായി. ഇപ്പോള്‍ പള്ളികളിലെ ബാങ്ക് വിളിയാണ് ചര്‍ച്ച.
മഹാരാഷ്ട്രയില്‍ നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ തുടക്കമിട്ട ബാങ്ക് വിളിക്കെതിരായ പ്രചാരണം കര്‍ണാടകയില്‍ മന്ത്രി കെഎസ് ഈശ്വരപ്പയാണ് ഏറ്റുപിടിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് വിളി ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. ഏറെ കാലമായി ബാങ്ക് വിളി ഉച്ചഭാഷിണിയില്‍ തന്നെയാണെന്ന് സമ്മതിച്ച ഈശ്വരപ്പ, അത് അവരുടെ കുട്ടികള്‍ക്ക് പോലും പഠനത്തിന് പ്രയാസമുണ്ടാക്കുമെന്ന് പറഞ്ഞു. കര്‍വാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ അഭിപ്രായത്തില്‍ ഉച്ചഭാഷിണി നിരോധിക്കണം. മുസ്ലിങ്ങള്‍ ബാങ്ക് വിളിക്കുന്നതും ഹിന്ദുക്കള്‍ ഹനുമാന്‍ ചാലിസ നടത്തുന്നതും തമ്മിലുള്ള മല്‍സരമല്ലിത്. ബാങ്ക് വിളി കാരണം വിദ്യാര്‍ഥികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്കെല്ലാം പ്രയാസമുണ്ടെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയോടെ ബാങ്ക് വിളിക്കെതിരായ പ്രചാരണം ബിജെപി ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മഹാരാഷ്ട്രയിലും ബാങ്ക് വിളിക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തുവന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്ക് വിളിക്കെതിരെ പ്രചാരണം നടത്തുന്ന ബിജെപി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയാങ്ക് ഖാര്‍ഗെ പരിഹസിച്ചു. എണ്ണ ഇറക്കുന്നത് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നാണ്. അവര്‍ ശരിക്കും ഹിന്ദുത്വം കാണിക്കട്ടെ. ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിന് സുപ്രീംകോടതിയുടെ മാനദണ്ഡങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശങ്ങളുമുണ്ട്. അക്കാര്യങ്ങള്‍ നടപ്പാക്കിയാല്‍ മതി. പള്ളി, ക്ഷേത്രം, ചര്‍ച്ച് എന്നിവിടങ്ങളില്ലാം എങ്ങനെ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാമെന്ന് ഇവ പറയുന്നുണ്ടെന്നും പ്രിയാങ്ക് ഖാര്‍ഗെ പ്രതികരിച്ചു.
ബാങ്ക് വിളിക്കെതിരായ പ്രചാരണം മഹാരാഷ്ട്രയിലാണ് ആദ്യം തുടങ്ങിയത്. മുംബൈ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് രാജ് താക്കറെ ബാങ്ക് വിളിക്കെതിരെ രംഗത്തുവന്നിരുന്നു. ഭരണകക്ഷിയായ ശിവസേനയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാങ്ക് വിളിക്കുന്ന സമയം ഹനുമാന്‍ ചാലിസ നടത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. പൊതുസ്ഥലങ്ങളില്‍ ഹനുമാന്‍ ചാലിസ നടത്താന്‍ എല്ലാ സഹായവും നല്‍കാമെന്നും ബാങ്ക് വിളി നിര്‍ത്തണമെന്നും മൊഹിത് കംബോജ് ആവശ്യപ്പെട്ടു. ബിജെപിയുടെ ധനികരായ നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം.
രാജ്താക്കറെയുടെ പ്രതികരണത്തിനെതിരെ കടുത്ത ഭാഷയിലാണ് ശിവസേന എംപി സഞ്ജയ് റാവത്ത് രംഗത്തുവന്നത്. ഇവിടെ ഒരു നിയമമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ആഭ്യന്തര മന്ത്രി വളരെ കൃത്യമായി ക്രമസമാധാന പാലനം ചെയ്യുന്നുണ്ട്. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര എന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ആദ്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബാങ്ക് വിളിക്കുന്നത് നിര്‍ത്തൂ. പള്ളികളില്‍ നിന്ന് ലൗഡ് സ്പീക്കര്‍ എടുത്തുമാറ്റൂ എന്നിട്ട് മതി മഹാരാഷ്ട്രയില്‍ സംസാരിക്കാന്‍. ഇത് മഹാരാഷ്ട്രയാണ്. ഇവിടെ കൃത്യമായ നിയമം പാലിക്കുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. രാജ്താക്കറെയുടെ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് സഞ്ജയ് റാവത്ത് മറുപടി പറഞ്ഞത്.
അതേസമയം, കര്‍ണാടകത്തില്‍ തുടര്‍ച്ചയായി മുസ്ലിം വിരുദ്ധ പ്രചാരണം നടക്കുന്നത് ബെംഗളൂരുവിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ ഐടി ഹബ്ബായ ബെംഗളൂരുവിലേക്ക് കൂടുതല്‍ കമ്പനികള്‍ എത്തുന്നതില്‍ നിന്ന് പിന്‍മാറാനാണ് സാധ്യത. ഈ അവസരത്തില്‍ തമിഴ്‌നാട്, തെലങ്കാന സര്‍ക്കാരുകള്‍ ഐടി കമ്പനികളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. കര്‍ണാടകയില്‍ അടുത്ത വര്‍ഷം ആദ്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതു ലക്ഷ്യമിട്ട് നിരന്തര വിവാദങ്ങള്‍ സൃഷ്ടിച്ച് അനുകൂല സാഹചര്യമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications