അവസാന നിമിഷം വരെ പോരാട്ടം; യെദ്യൂരപ്പ വീണ്ടും ഗവര്‍ണറെ കാണുന്നു, ഗംഭീര പ്രസംഗമൊരുങ്ങി
ബെംഗളൂരു: സഭയില്‍ മതിയായ ഭൂരിപക്ഷം തെളിയിക്കാന്‍ ആകുമെന്നായിരുന്നു മണിക്കൂറുകള്‍ മുമ്പ് വരെ മുഖ്യമന്ത്രി യെദ്യൂരപ്പ അണികളോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാല്‍ കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ എണ്ണം തികയുന്നില്ല. ഈ പശ്ചാത്തലത്തില്‍ നാണക്കേട് ഒഴിവാക്കാന്‍ വിശ്വാസ വോട്ടെടുപ്പ് നേരിടുംമുമ്പ് രാജിവയ്ക്കാന്‍ അദ്ദേഹം ഒരുങ്ങിയെന്നാണ് വിവരം. 3.30ന് സഭാ നടപടികള്‍ ആരംഭിച്ചാല്‍ യെദ്യൂരപ്പയുടെ പ്രസംഗമുണ്ടാകും. വികാര നിര്‍ഭരമായ ഒരു കുറിപ്പ് അദ്ദേഹം തയ്യാറാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, പ്രസംഗത്തിന് ശേഷം യെദ്യൂരപ്പ വീണ്ടും ഗവര്‍ണറെ കാണുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ വിധാന്‍ സൗധയില്‍ എത്തിയിട്ടുണ്ട്. അവരുമായി യെദ്യൂരപ്പ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്തു. മതിതായ എണ്ണം തികയ്ക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര നേതാക്കളെ യെദ്യൂരപ്പ അറിയിച്ചതായാണ് വിവരം. തുടര്‍ന്നാണ് രാജിവയ്ക്കുന്നത് സംബന്ധിച്ച് ആലോചിച്ചതത്രെ. ഏറെനേരം അപ്രത്യക്ഷമായ ശേഷം ഹോട്ടലില്‍ കണ്ടെത്തിയ രണ്ട് കോണ്‍ഗ്രസ് എംഎല്‍മാരും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചു.
ഗോള്‍ഡ്ഫിഞ്ച് ഹോട്ടലില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങിനും പ്രതാപ് സിങ് പാട്ടീലിനും കോണ്‍ഗ്രസ് എംഎല്‍സി എച്ച്എം രേവണ്ണ ഹോട്ടലില്‍ എത്തിയാണ് വിപ്പ് കൈമാറിയത്. കൂറുമാറി വോട്ട് ചെയ്യാന്‍ സാധിക്കാത്ത രീതിയിലാണ് കോണ്‍ഗ്രസ് നീക്കം നടത്തിയത്. തുടര്‍ന്നാണ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് സഖ്യത്തിന് തന്നെ വോട്ട് രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കിയത്.
Recommended Video

പാട്ടീല്‍ വിധാന്‍ സൗധയിലേക്ക് തിരിച്ചെത്തിയത് ബിജെപി എംഎല്‍എ എസ്ആര്‍ വിശ്വനാഥ്, ഹരീഷ് പൂഞ്ച എന്നിവര്‍ക്കൊപ്പമായിരുന്നു. സഭയില്‍ തിരിച്ചെത്തിയ ഉടനെ കോണ്‍ഗ്രസ് എംഎല്‍എമാരായ തുകറാമും രവിയും ചേര്‍ന്ന് കൈപ്പിടിച്ച് സ്വീകരിക്കുകയായിരുന്നു. പിന്നെ ബിജെപി അംഗങ്ങള്‍ക്കിടയിലേക്ക് ഇദ്ദേഹത്തെ പോകാന്‍ അനുവദിച്ചില്ല.












Click it and Unblock the Notifications