കശ്മീര്‍, ജെഎന്‍യു വിഷയങ്ങളില്‍ രജനീകാന്ത് സംസാരിക്കണമെന്ന് കാര്‍ത്തി ചിദംബരം
ചെന്നൈ: ചലച്ചിത്ര താരം രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം ഗൗരവമായി കാണുന്നുവെങ്കില്‍ ജമ്മു കശ്മീര്‍, ജെഎന്‍യു വിഷയങ്ങളില്‍ പ്രതികരണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കാര്‍ത്തി ചിദംബരം. 1971ലെ പെരിയാറിന്റെ റാലിയെ കുറിച്ച് നടത്തിയ പ്രസ്താവന പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും താരം പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് കാര്‍ത്തിയുടെ പ്രതികരണം. താരത്തിന്റെ അഭിപ്രായം തികച്ചും അന്യായമാണെന്നും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിലവിലെ പ്രശ്നങ്ങളായ പൗരത്വ ഭേദഗതി നിയമം, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിക്കണമെന്നും ട്വിറ്ററില്‍ കാര്‍ത്തി ആവശ്യപ്പെട്ടു.
കേന്ദ്ര ബജറ്റിനൊപ്പം റെയിൽവേ ബജറ്റും, റെയിൽവേ ബജറ്റ് 2020 ശ്രദ്ധയൂന്നുക ഈ സുപ്രധാന വിഷയങ്ങളിൽ
സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയാര്‍ തമിഴ്നാട്ടില്‍ നല്കിയ സംഭാവന വളരെ പ്രധാനപ്പെട്ടതാണ്. പെരിയാറിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയാണോ രജനിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ പ്രസക്തമായ വിഷയം? ഗാന്ധി / ചര്‍ച്ചില്‍ മുതലായ എല്ലാ ചരിത്രനേതാക്കള്ക്കും നിരവധി വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരിക്കാം. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയാന്‍ സമഗ്രമായ വീക്ഷണം ആവശ്യമാണെന്നും കാര്‍ത്തി ട്വീറ്റില്‍ പറഞ്ഞു. ചരിത്രപരമായ മാറ്റമുണ്ടാക്കുന്നവരെ ചില സംഭവങ്ങളോ വാക്കുകളോ ചൂണ്ടിക്കാണിച്ച് വിലയിരുത്തുന്നത് തികച്ചും അന്യായമാണെന്ന് കാര്‍ത്തി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. പെരിയാര്‍ തമിഴ്നാടിന് നല്കിയ സംഭാവന വളരെ വലുതാണ്. രജനി ഒരു പൊതുചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിലവിലെ പ്രശ്നങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും കാര്‍ത്തി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
1971ല്‍ സേലത്ത് പെരിയാര്‍ നടത്തിയ റാലിയില്‍ രാമന്റെയും സീതയുടെയും പ്രതിമകള്‍ വസ്ത്രമില്ലാതെ ചെരിപ്പ് മാല തൂക്കി പ്രദര്‍ശിപ്പിച്ചുവെന്ന അവകാശവാദവുമായി രജനീകാന്ത് രംഗത്തെത്തിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. തമിഴ് മാസിക തുഗ്ലക്കിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം വിവാദമായതോടെ രജനിക്കെതിരെ പ്രതിഷേധവുമായി തമിഴ് സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍ പഴയ പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പുമായെത്തിയ രജനി മാപ്പ് പറയില്ലെന്ന് അറിയിക്കുകയായിരുന്നു.