മകന്റെ വിവാഹത്തിന് സര്‍ക്കാര്‍ സ്‌കൂളിന് അവധി; സ്‌കൂള്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
ജമ്മു: മകന്റെ വിവാഹ ദിനത്തില്‍ സ്‌കൂളിന് മുഴുവനായി അവധി നല്‍കിയ പ്രധാനാധ്യാപികക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും സസ്‌പെന്‍ഷന്‍. ജമ്മു കശ്മീരിലെ ദോദയിലാണ് സംഭവം. പ്രധാനാധ്യാപികയുടെ മകന്റെ വിവാഹ ദിവസമായ വ്യാഴാഴ്ചയാണ് സ്‌കൂളിന് അവധി നല്‍കി അധ്യാപകരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാര്‍ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയത്.
ദോഡയിലെ ഭാഗ്ല ഭരത് ഏരിയയിലെ ഹൈസ്‌കൂളിലാണ് വിചിത്ര സംഭവം അരങ്ങേറിയതെന്നും പ്രധാനാധ്യാപിക ഉള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും വിദ്യഭ്യാസ ഡയറക്ടര്‍ സമിത സേത്തി അറിയിച്ചു.

മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിന് അവധി നല്‍കുന്ന കാര്യം അധികൃതരെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് അധ്യാപിക സയീദ അന്‍ജും അടച്ചുപൂട്ടിയതതെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പ്രധാനാധ്യാപികയുടെ മകന്റെ വിവാഹമായതിനാല്‍ സ്‌കൂള്‍ അടച്ചിടുന്നു എന്ന നോട്ടീസും നോട്ടീസ് ബോര്‍ഡില്‍ പതിച്ചിരുന്നു. വില്ലേജ് അധികാരി സ്‌കൂളിലെത്തിയപ്പോഴാണ് ഇക്കാര്യമറിയുന്നത്. ഇതോടെ അദ്ദേഹം നേരിട്ട് വിദ്യാഭ്യാസമന്ത്രി നയീം അക്തറിനെ വിവരമറിയിച്ചു. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അന്നേദിവസം തന്നെ സ്‌കൂളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌കൂളിലെ ജീവനക്കാരെ മുഴുവനായി സസ്‌പെന്‍ഡ് ചെയ്തത്.
അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം 300 വിദ്യാര്‍ത്ഥികളുടെ ഭാവി പകണക്കിലെടുത്ത് കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നിയമാനുസൃതമായി കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ ഡയക്ടര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ മകളുടെ വിവാഹത്തിന് തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളിന് ഒരാഴ്ചത്തെ അവധി വിവാദത്തിലകപ്പെട്ട പ്രധാനാധ്യാപികക്ക് പിന്നാലെയാണ് ജമ്മു കശ്മീരിലെ സംഭവം. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. 300നടുത്ത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒമ്പത് അധ്യാപകരാണുള്ളത്. എന്നാല്‍ പ്രധാനാധ്യാപിക ഇത് നിഷേധിച്ചു. അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിഇഒ ഉത്തരവിടുകയും ചെയ്തു.












Click it and Unblock the Notifications