'കെജ്രിവാൾ മാങ്ങയും മധുരവും കഴിക്കുന്നു'; പ്രമേഹം കൂട്ടി ജാമ്യം നേടാനുള്ള തന്ത്രമെന്ന് ഇഡി
ജാമ്യം കിട്ടാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വളഞ്ഞ വഴി തേടുന്നുവെന്ന് ഇഡി കോടതിയിൽ. പ്രമേഹം ഉയർത്തി മെഡിക്കൽ ജാമ്യത്തിനാണ് കെജ്രിവാൾ ശ്രമിക്കുന്നതെന്നും ഇതിനായി ജയിലിൽ വെച്ച് മാങ്ങ, ആലു പൂരി, മധുരപലഹാരങ്ങൾ എന്നിവ കഴിക്കുകയാണെന്നും ഇഡി കോടതിയിൽ പറഞ്ഞു. പ്രമേഹബാധിതനായ തനിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ ആഴ്ചയിൽ മൂന്ന് തവണ വീഡിയോ കോൺഫറൻസ് വഴി ഡോക്ടറുടെ സേവനം ആവശ്യമാണെന്ന് കാണിച്ച് കെജ്രിവാൾ നൽകിയ ഹർജിയിലാണ് ഇഡിയുടെ വാദങ്ങൾ.
വീട്ടിലെ ഭക്ഷണം കഴിക്കാനുള്ള അനുമതി കെജ്രിവാളിന് ഉണ്ട്. അതുകൊണ്ട് പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണമാണ് വീട്ടിൽ നിന്നും വരുത്തിച്ച് കഴിക്കുന്നതെന്നാണ് വാദത്തിനിടെ ഇഡി കോടതിയിൽ പറഞ്ഞത്.കെജ്രിവാൾ ബോധപൂർവ്വം പഞ്ചസാര, ഏത്തപ്പഴം, മധുരപലഹാരങ്ങൾ, പൂരി, ആലു സബ്ജി തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണ്. ടൈപ്പ് II ഡയബറ്റിസ് മെലിറ്റസ് രോഗിയായ അദ്ദേഹത്തിന് ഇത്തരം ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമെന്ന് അറിയാം. എന്നിട്ടും അദ്ദേഹം ഇതൊക്കെ മനപ്പൂർവ്വം കഴിക്കുകയാണ്', എന്നാണ് ഇഡി കോടതിയിൽ വാദിച്ചത്.

ആരോഗ്യകരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം തേടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കെജ്രിവാളിനെ പരിശോധിക്കാനായി 24 മണിക്കൂറും ഡോക്ടർമാരെ ജയിലിൽ നിയോഗിച്ചിട്ടുണ്ട്. കെജ്രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസത്തിൽ രണ്ടുതവണ പരിശോധിക്കന്നുണ്ട്. ഏപ്രിൽ 1 ന് ജയിലിൽ പ്രവേശിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രമേഹത്തിന്റെ അളവ് 139 ആണ്, ഏപ്രിൽ 14 ന് അത് 278 ആണെന്നും ഇഡി കോടതിയിൽ പറഞ്ഞു.
എന്നാൽ മാധ്യമങ്ങളിൽ വാർത്തയാകാൻ വേണ്ടി ഇഡി അനാവശ്യ വാദങ്ങൾ ഉന്നയിക്കുകയാണെന്നായിരുന്നു കെജ്രിവാളിൻറെ അഭിഭാഷകൻ പറഞ്ഞത്. പ്രമേഹം ഉള്ളൊരാൾക്ക് ഇത്തരം ഭക്ഷണങ്ങൾ ആരെങ്കിലും നൽകുമോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം കെജ്‌രിവാൾ കഴിക്കുന്ന ഡയറ്റ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ തീഹാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു.വെള്ളിയാഴ്ചയും ഇത് സംബന്ധിച്ച് കോടതിയിൽ വാദം തുടരും.
വിവാദമായ മദ്യ നയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാർച്ച് 21 നായിരുന്നു ഇഡി അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ വസതിയിലെത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications