ചെന്നൈയിലെ ചുംബന സമരവും വിവാദത്തിലേക്ക്
ചെന്നൈ: കൊച്ചിയിലെ ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മദ്രാസ് ഐഐടിയില്‍ നടത്തിയ ചുംബനക്കൂട്ടായ്മയും വന്‍ വിവാദത്തിലേക്ക്. ഹിന്ദു മുന്നണിയും പട്ടാളി മക്കള്‍ കക്ഷിയുമാണ് ചുംബന സമരത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
കിസ്സ് ഓഫ് ലവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ സെലിബ്രേഷന്‍ ഓഫ് ലവ് എന്ന പേരില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. ഫ്രീഡം ഫോര്‍ ലവ് എന്ന പ്ലക്കാര്‍ഡുകളും എന്തിയ പരസ്പരം കെട്ടിപ്പിടിച്ചും ചുംബിച്ചും ആയിരുന്നു പ്രതിഷേധം.
പട്ടാളി മക്കള്‍ കക്ഷി നേതാവ് രാമദാസ് ആണ് ചുംബനക്കൂട്ടായ്മക്കെതിരെ ആദ്യം രംഗത്ത് വന്നത്. പ്രതിഷേധത്തെ ലൈംഗിക വൈകൃതം എന്നാണ് രാമദാസ് വിശേഷിപ്പിച്ചത്. പൊതു സ്ഥലത്ത് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിനെ ഞെട്ടലോടെയാണ് കാണുന്നതെന്നും രാമദാസ് പ്രതികരിച്ചു.

ഒരുപടി കൂടി മുന്നോട്ട് നീങ്ങിയാണ് ഹിന്ദു മുന്നണിയുടെ പ്രതികരണം. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഐഐടിയില്‍ നിന്ന് പുറത്താക്കണം എന്നാണ് ഇവരുടെ ആവശ്യം. ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ചുംബനക്കൂട്ടായ്മ നടത്തിയപ്പോള്‍ തടയാനെത്തിയത് എബിവിപി പ്രവര്‍ത്തകരും പോലീസും ആയിരുന്നു. സംഘര്‍ഷമില്ലാതെ ഒരു വിധത്തില്‍ സമരം കടന്നുപോയെങ്കിലും സമരക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മലയാളിയായ അരുന്ധതിക്കെതിരെ പൊതുസ്ഥലത്ത് അശ്ലീല പ്രദര്‍ശനത്തിനാണ് കേസെടുത്തത്.
രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് മദ്രാസ് ഐഐടി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറിലധികം വിദ്യാര്‍ത്ഥികളാണ് ചുംബനക്കൂട്ടായ്മയില്‍ പങ്കെടുത്തത്.












Click it and Unblock the Notifications