മനുഷ്യത്വമായിരുന്നു അവർക്ക് മതം; മഹനീയ മാതൃകയ്ക്ക് അഭിനന്ദനവുമായി ശൈലജ ടീച്ചർ പോത്തുകല്ല് പള്ളിയിൽ
പോത്തുകല്ല്: നന്മ നിറഞ്ഞ മനസുകളുടെയും പരസ്നപര സഹകരണത്തിന്റെയും മഹനീയമായ ഒട്ടനവധി മാതൃകകളാണ് ആ പ്രളയം കാലം നമുക്ക് കാണിച്ച് തന്നത്. അത്തരത്തിൽ ഒന്നാണ് കവളപ്പാറ ദുരന്തമുഖത്ത് നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ് പോർട്ടം ചെയ്യാൻ സൗകര്യമൊരുക്കിയ പോത്തുകല്ല് പള്ളിയും കമ്മിറ്റിക്കാരും. പോത്തുകല്ല് പള്ളി സന്ദർശിച്ച് കേരളം നെഞ്ചേറ്റിയ ഈ മാതൃകയ്ക്ക് നേരിട്ട് അഭിനന്ദനം അറിയിക്കാൻ ആരോഗ്യ മന്ത്രി കെകെ ശൈലജ എത്തി. മനുഷ്യത്തമായിരുന്നു അവർക്ക് മതം, അവിടെ വ്യക്തമാക്കപ്പെട്ടത് അതായിരുന്നുവെന്നാണ് മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനത്തെ കുറിച്ച് ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
മനുഷ്യത്വമായിരുന്നു അവർക്ക് മതം - അവിടെ വ്യക്തമാക്കപ്പെട്ടത് അതായിരുന്നു. മഹാമാരി കവർന്നെടുത്ത ആ മൃതദേഹങ്ങൾ അവിടെയാണ് പോസ്റ്റ് മോർട്ടം ചെയ്തത്. അവിടെ വലുതായി ഉയർന്നുനിന്നത് ഏത് വിശ്വാസത്തെ നെഞ്ചേറ്റിയാലും ആത്യന്തികമായി നമ്മളെല്ലാം മനുഷ്യരാണ് എന്ന വസ്തുതതന്നെയാണ് .
പറഞ്ഞുവന്നത്, മലപ്പുറം കവളപ്പാറ ഉരുൾപൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടം ചെയ്യാൻ സൗകര്യമൊരുക്കിയ പോത്തുകല്ല് പള്ളിയെക്കുറിച്ചുതന്നെ.പള്ളിയില്‍ നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേര്‍ന്ന് കൈയ്യും കാലും കഴുകാനുള്ള ഇടവുമാണ് ജാതി, മത ഭേദമില്ലാതെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിട്ടുകൊടുത്ത് മാതൃകയായിരിക്കുന്നത്.
മതനിരപേക്ഷ-സാക്ഷര കേരളത്തിന്റെ മഹത്തായ സന്ദേശം പകർന്നുനൽകിയതാണ് ഇത്. മൃതദേഹത്തിന് മുന്നിൽ മനുഷ്യൻ കാട്ടേണ്ട മര്യാദയുടെ വെളിച്ചം കൂടിയായി ഈ മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനം മാറി.