കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം: കേരളത്തിലെ ഡോക്ടർമാർ നാളെ പണിമുടക്കും
തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരളത്തിലെ ഡോക്ടർമാർ നാളെ സമരം നടത്തും. പി ജി ഡോക്ടർമാരും സീനിയർ റെസിഡന്റ് ഡോക്ടർമാരുമാണ് നാളെ സൂചനാ സമരം നടത്തുന്നത്. കെ എം പി ജിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
നാളെ ആശുപത്രിയിൽ അത്യാഹിതവിഭാഗം മാത്രമാണ് പ്രവർത്തിക്കുകയെന്നും ഒ പിയും ഡ്യൂട്ടിയും ബഹിഷ്ക്കരിക്കുമെന്നും കെ എം പി ജി എ അറിയിച്ചു. ശ്രീചിത്രം മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് ഡോക്ടർമാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കുമെന്ന് കെ ജി എം ഒ എ അറിയിച്ചു.

യുവ ഡോക്റുടെ കൊലപാതകത്തിന് കാരണക്കാരായ ആളുകളെ ഉടൻ പിടികൂടണമെന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ സെൻട്രൽ പ്രാെട്ടക്ഷൻ ആക്ട് നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേ സമയം, കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ആക്രമത്തിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരോ വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ആൾക്കൂട്ടം ആശുപത്രിക്കുള്ളിലേക്ക് ഇരച്ചുകയറി അത്യാഹിത വിഭാഗം തല്ലിത്തകർക്കുകയായിരുന്നു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തിവീശിയ പോലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. പോലീസിന്റേതടക്കം നിരവധി വാഹനങ്ങൾ ആക്രമിക്കപ്പെട്ടു, വൻ തോതിൽ പൊതുമുതൽ നശിക്കപ്പെട്ടെന്നും സംഭവത്തിനിടയിൽ 15 പോലീസുകാർക്ക് പരിക്കേറ്റെന്നുമാണ് കൊൽക്കത്ത പോലീസ് പറയുന്നത്.
ആർ ജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറാണ് ആഗസ്റ്റ് 9 ന് ബലാത്സംഗത്തിനിരയായി കാെല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്. വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർദ്ധ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ പോലീസിന്റെ സിവിക് വൊളന്റിയറായ പ്രതി പിടിയിലായത്.












Click it and Unblock the Notifications