ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്തുചെയ്യും? തൃണമൂല്‍ കോണ്‍ഗ്രസ് എംപി
കൊല്‍ക്കത്ത: കൊല്‍ക്കത്ത ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി വളരെ കുറച്ച് പുരുഷന്മാര്‍ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുള്ളൂ എന്നും ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്തുചെയ്യാന്‍ കഴിയുമെന്നുമായിരുന്നു സംഭവത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രതികരണം.
'ലോ കോളേജില്‍ നടന്ന സംഭവത്തിന്റെ വക്താവല്ല ഞാന്‍. പക്ഷേ പ്രതിയെ അറസ്റ്റ് ചെയ്യണം. കുറച്ച് പുരുഷന്മാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. പക്ഷേ ഒരു സുഹൃത്ത് തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്തുചെയ്യാന്‍ കഴിയും. ഇത് ഒരു സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഭവമാണ്. പൊലീസ് എപ്പോഴും അവിടെ ഇല്ലെങ്കില്‍ ഇരയെ ആരാണ് സംരക്ഷിക്കുക,' അദ്ദേഹം ചോദിച്ചു.

''സ്‌കൂളുകളില്‍ പൊലീസ് ഉണ്ടാകുമോ? ഇത് വിദ്യാര്‍ത്ഥികള്‍ മറ്റൊരു വിദ്യാര്‍ത്ഥിയോട് ചെയ്തു. ഇരയെ ആര് സംരക്ഷിക്കും? ഇത് (സൗത്ത് കൊല്‍ക്കത്ത ലോ കോളേജ്) ഒരു സര്‍ക്കാര്‍ കോളേജാണ്. പൊലീസ് എപ്പോഴും അവിടെ ഉണ്ടാകുമോ?'' അദ്ദേഹം ചോദിച്ചു. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വന്നില്ലെങ്കില്‍ ഒരു നിയമത്തിനോ പോലീസിനോ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളേജ് അധികാരികള്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമല്ല എന്നും അദ്ദേഹം പറഞ്ഞു. സൗത്ത് കൊല്‍ക്കത്തയില്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയെ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബാനര്‍ജിയുടെ പരാമര്‍ശം. മൂന്ന് പ്രതികളെയും ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇവരെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതിനിടെ കോളേജിലെ സെക്യൂരിറ്റിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം കല്യാണ്‍ ബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. പ്രതികളോട് അനുകമ്പ കാണിക്കുന്ന സമീപനമാണ് തൃണമൂലിന്റേത് എന്ന് ബിജെപി ആരോപിച്ചു. ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായപ്പോള്‍ സമാന പ്രതികരണമാണ് കല്യാണ്‍ ബാനര്‍ജി നടത്തിയത് എന്നും ബിജെപി സംസ്ഥാന ഘടകം കുറ്റപ്പെടുത്തി.
'മമത ബാനര്‍ജി ഇത്തരം സംഭവങ്ങള്‍ കാണുന്നില്ല. പശ്ചിമ ബംഗാളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരികയാണ്, സ്ത്രീകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. ടിഎംസി കുറഞ്ഞപക്ഷം അത്തരം പ്രവൃത്തികളെയെങ്കിലും അപലപിക്കണം...' ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയും ബാനര്‍ജിയെ വിമര്‍ശിച്ചു.
അദ്ദേഹം 'ലജ്ജയില്ലായ്മയുടെ എല്ലാ പരിധികളും' ലംഘിച്ചു എന്ന് അമിത് മാളവ്യ പറഞ്ഞു. സഹപാഠികള്‍ ആണ് കുറ്റകൃത്യം ചെയ്തതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ആ കുറ്റകൃത്യത്തെ നിസ്സാരവല്‍ക്കരിച്ചു. അപ്പോള്‍ സഹപാഠികള്‍ നടത്തുന്ന ബലാത്സംഗം സ്വീകാര്യമാണോ എന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications