ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അക്രമം; ഒമ്പത് പേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടാ അക്രമത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ ഒമ്പത് പേരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ പിജി ഡോക്ടര്‍ ആഗസ്റ്റ് ഒമ്പതിന് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ആള്‍ക്കൂട്ടം ആശുപത്രിക്കുള്ളിലേക്ക് ഇരച്ചുകയറി അത്യാഹിത വിഭാഗം തല്ലിത്തകര്‍ക്കുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിവീശിയ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പൊലീസിന്റേതടക്കം നിരവധി വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. വന്‍തോതില്‍ പൊതുമുതലും. സംഭവത്തിനിടെ 15 പോലീസുകാര്‍ക്ക് പരിക്കേറ്റതായാണ് കൊല്‍ക്കത്ത പൊലീസ് പറയുന്നത്.

വ്യാഴാഴ്ച രാവിലെ, ആശുപത്രി തകര്‍ത്ത ആള്‍ക്കൂട്ടത്തിന്റെ ഭാഗമെന്ന് കരുതുന്നവരുടെ ചില ഫോട്ടോകള്‍ പോലീസ് പുറത്തുവിടുകയും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അറസ്റ്റ് പ്രഖ്യാപിച്ചത്. അതേസമയം പൊലീസ് പ്രചരിപ്പിച്ച ഫോട്ടോഗ്രാഫുകളില്‍ താനും ഉണ്ടെന്ന് ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറത്തുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന അനുഭവ് മൊണ്ടല്‍ എന്ന ഡോക്ടര്‍ പറഞ്ഞു.
'ഞങ്ങളുടെ പ്രതിഷേധങ്ങള്‍ തുടരും. ഞങ്ങളെ പേടിപ്പിച്ച് പിന്തിരിപ്പിക്കാമെന്ന് കരുതുന്നവര്‍ വിജയിക്കില്ല. എന്ത് വിലകൊടുത്തും ഞങ്ങള്‍ക്ക് നീതി വേണം. കോടതിയുടെ മേല്‍നോട്ടത്തിലുള്ള നിഷ്പക്ഷ അന്വേഷണമാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം,' മോണ്ടല്‍ എന്‍ഡിടിവിയോട് പറഞ്ഞു. അതേസമയം ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സെമിനാര്‍ ഹാള്‍ ജനക്കൂട്ടം നശിപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ പൊലീസ് സെമിനാര്‍ ഹാളില്‍ ആരും പ്രവേശിച്ചിട്ടില്ല എന്നും വ്യക്തമാക്കി. അതിനിടെ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് ആശുപത്രി സന്ദര്‍ശിച്ചു. കൊലപാതകത്തിനും അക്രമത്തിനും ശേഷം തങ്ങള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഗവര്‍ണറോട് പറഞ്ഞു.
പ്രതിഷേധത്തിന് ഗവര്‍ണര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതേസമയം ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ കുടുംബത്തെ കണ്ടു. സംഭവത്തില്‍ സഞ്ജയ് റോയി എന്ന സിവില്‍ വോളന്റിയറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ സിബിഐയുടെ കസ്റ്റഡിയിലാണ്. അതിനിടെ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തി.
തൃണമൂല്‍ കോണ്‍ഗ്രസിലെ ഗുണ്ടകളാണ് ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അക്രമത്തിന് പിന്നില്‍ എന്നും നിര്‍ണായക തെളിവുകളുള്ള പ്രദേശങ്ങള്‍ നശിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം എന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.












Click it and Unblock the Notifications