സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ നടുറോഡില്‍, ദുരൂഹതയേറുന്നു!
ചണ്ഡിഗഡ്: ഹരിയാനയിലെ സോണിപത് ജില്ലയിലെ മൂര്‍ത്തലില്‍ റോഡില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കാണപ്പെട്ടതിന് പിന്നില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ടുകള്‍. കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെ വസ്ത്രങ്ങളാണ് ഇവയെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ നിഷേധിക്കുകയാണ്. ജീന്‍സും അടിവസ്ത്രങ്ങളുമാണ് റോഡില്‍ കാണപ്പെട്ടത്.
ഹരിയാനയിലെ ജാട്ട് സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭത്തിനിടെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യാത്രക്കാരായ സ്ത്രീകളെ കാറില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് ട്രൈബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. മുര്‍ത്തലിലായിരുന്നു ഇത്. ഇതിന് സമീപത്താണ് സ്ത്രീകളുടെ വസ്ത്രങ്ങള്‍ കാണപ്പെട്ടത്.

അതേസമയം ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതിപ്പെട്ട് ഒരു സ്ത്രീ പോലും രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഹരിയാന പോലീസ് പരാതി നല്‍കരുതെന്ന് തങ്ങളോട് പറഞ്ഞതായി പീഡനത്തിന് ഇരയായ സ്ത്രീകളില്‍ ചിലര്‍ വെളിപ്പെടുത്തിയിരുന്നു. പരാതി നല്‍കിയാലും നടപടി എടുക്കില്ലെന്ന് പോലീസുകാര്‍ ഇവരോട് പറഞ്ഞത്രെ. അതല്ല മാനഹാനി ഭയന്നാണ് ബലാത്സംഗത്തിന് ഇരയായവര്‍ പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും പറയപ്പെടുന്നു.
അതേസമയം കൂട്ടബലാത്സംഗത്തിന്റെ കാര്യം ഹരിയാന സര്‍ക്കാരും പോലീസ് അധികൃതരും നിഷേധിക്കുകയാണ് ചെയ്യുന്നത്. കാറുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. എന്നാല്‍ ബലാത്സംഗം നടന്നിട്ടില്ല എന്നാണ് പോലീസ് നിലപാട്. മുപ്പതോളം പേരാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തതെന്നാണ് ട്രൈബ്യൂണ്‍ പറയുന്നത്. സംഭവം അറിഞ്ഞെത്തിയ പരിസരവാസികളാണത്രെ അവശരായ സ്ത്രീകളെ രക്ഷപ്പെടുത്തിയത്.












Click it and Unblock the Notifications