'നൃത്തംചെയ്യൂ, അല്ലെങ്കില്‍ സസ്‌പെന്‍ഷന്‍'; പൊലീസുകാരനോട് ലാലു പ്രസാദിന്റെ മകന്‍; അച്ഛനെപോലെ മകനുമെന്ന് ബിജെപി
പട്ന: ഹോളി ആഘോഷത്തിനിടെ നൃത്തം ചെയ്തില്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്ന ആര്‍ജെഡി നേതാവിന്റെ വീഡിയോ വിവാദത്തില്‍. ലാലു പ്രസാദ് യാദവിന്റെ മകനും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവുമായ തേജ് പ്രതാപിന്റെ പെരുമാറ്റമാണ് വിവാദം സൃഷ്ടിച്ചത്.
ശനിയാഴ്ച ബിഹാറിലെ പട്നയില്‍ തേജ് പ്രതാപ് യാദവിന്റെ ഔദ്യോഗിക വസതിയില്‍
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഹോളി ആഘോഷത്തിനിടെയാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി, കോണ്‍ഗ്രസ്, ജെഡിയു നേതാക്കള്‍ തേജ് പ്രതാപിനെ വിമര്‍ശിച്ച് രംഗത്തെത്തി.
പരിപാടിക്കിടെയുള്ള തേജ് പ്രതാപ് യാദവിന്റെ പ്രവൃത്തികളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വീഡിയോയില്‍ ആര്‍ജെഡി നേതാവ് പൊലീസുകാരനോട് നൃത്തം ചെയ്യാന്‍ ആജ്ഞാപിക്കുന്നത് കാണാം. 'കോണ്‍സ്റ്റബിള്‍ ദീപക്, ഞാന്‍ ഒരു പാട്ട് പ്ലേ ചെയ്യാം. നിങ്ങള്‍ നൃത്തം ചെയ്യണം. വിഷമിക്കേണ്ട, ഇത് ഹോളിയാണ്, ഇന്ന് നൃത്തം ചെയ്തില്ലെങ്കില്‍ നിങ്ങളെ സസ്പെന്‍ഡ് ചെയ്യും' - തേജ് പ്രതാപ് ആവശ്യപ്പെട്ടു.

ആര്‍ജെഡി നേതാവിന്റെ നിര്‍ദേശം അനുസരിച്ച് പൊലീസുകാരന്‍ നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് കുമാര്‍ സിന്‍ഹ രംഗത്തെത്തി. നിയമം ലംഘിക്കുക, ഭരണഘടനാ പദവികളിലുള്ളവരെ കളിയാക്കുക, ഭരണഘടനയെ ആവര്‍ത്തിച്ച് അപമാനിക്കുക, ആളുകളുടെ മനോവീര്യം തകര്‍ക്കുക തുടങ്ങിയവ ആര്‍ജെഡിയുടെ സംസ്‌കാരമാണെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. ആര്‍ജെഡിയില്‍ ഉണ്ടായിരുന്ന ആളുകളുടെ പ്രത്യയശാസ്ത്രവും മൂല്യങ്ങളും ഒരിക്കലും മാറില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.
ആര്‍ജെഡി 'കാടന്‍ ഭരണത്തില്‍' വിശ്വസിക്കുന്നുവെന്നും അവര്‍ അധികാരത്തില്‍ വന്നാല്‍ നിയമം ലംഘിക്കുമെന്നും നിയമ സംരക്ഷകരെ ഡാന്‍സ് കളിപ്പിക്കുമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
അച്ഛനെ പോലെയാണ് മകനുമെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവല്ല വിമര്‍ശിച്ചു. ആദ്യം അച്ഛന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയമത്തെ തന്റെ താളത്തിനൊത്ത് തുള്ളിക്കുകയും ബീഹാറിനെ ഒരു കാട്ടുരാജ്യമാക്കി മാറ്റുകയും ചെയ്തിരുന്നു. ഇപ്പോള്‍ മകന്‍ അധികാരത്തിലില്ലെങ്കിലും ഭീഷണികളിലൂടെയും സമ്മര്‍ദങ്ങളിലൂടെയും നിയമ സംരക്ഷകരെ തന്റെ താളത്തിനൊത്ത് തുള്ളിക്കാന്‍ ശ്രമിക്കുന്നു. നൃത്തം ചെയ്തില്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. ഇത് കാണിക്കുന്നത് ആര്‍ജെഡി 'ജംഗിള്‍ രാജി'ല്‍ വിശ്വസിക്കുന്നു എന്നാണ്. അവര്‍ എങ്ങാനും അബദ്ധത്തില്‍ അധികാരത്തില്‍ വന്നാലും നിയമം ലംഘിക്കുകയും നിയമ സംരക്ഷകരെ നൃത്തം ചെയ്യിപ്പിക്കുകയും ചെയ്യും. അതിനാല്‍, അവരെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടത് പ്രധാനമാണ്' - ഷെഹ്സാദ് പൂനാവല്ല പറഞ്ഞു.
ബീഹാര്‍ ഇപ്പോള്‍ മാറിയിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ബീഹാറിന്റെ അന്തരീക്ഷത്തില്‍ അത്തരം പ്രവൃത്തികള്‍ക്ക് സ്ഥാനമില്ലെന്ന് ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങള്‍ മനസിലാക്കേണ്ടതുണ്ടെന്ന് ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് പറഞ്ഞു.












Click it and Unblock the Notifications