കുംഭമേളയ്ക്കിടെ സ്റ്റീവ് ജോബ്സിൻ്റെ ഭാര്യ കുഴഞ്ഞു വീണു: 'ഇത്ര തിരക്കുള്ള സ്ഥലത്ത് ഇതുവരെ എത്തിയിട്ടില്ല'
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാമകുംഭമേളയില്‍ പങ്കെടുക്കാനായി എത്തിയ അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിൻ്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് കുഴഞ്ഞു വീണു. വലിയ തിരക്ക് മൂലമുള്ള അസ്വസ്ഥ കാരണമാണ് ലോറീന്‍ കുഴഞ്ഞു വീണതെന്ന് ആത്മീയ നേതാവ് സ്വാമി കൈലാസാനന്ദ് ഗിരി വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലാണ് ലോറീൻ താമസിക്കുന്നത്.
അസുഖബാധിതയായെങ്കിലും ഗംഗാ നദിയിൽ സ്നാനം ചെയ്യുന്ന ചടങ്ങിൽ ലോറീൻ പവൽ ജോബ്‌സ് പങ്കെടുക്കും. ഇത്രയും തിരക്കുള്ള സ്ഥലത്ത് ജീവതത്തില്‍ ഒരിക്കലും പോകാത്ത വ്യക്തിയാണ് അവരെന്നാണ് സ്വാമി കൈലാസാനന്ദ് ഗിരി വ്യക്തമാക്കിയത്. "അവർ ത്രിവേണി സംഗമത്തിലെ സ്നാന ചടങ്ങിൽ പങ്കെടുക്കും. ഇപ്പോള്‍ എന്റെ ടെന്റില്‍ വിശ്രമിക്കുന്ന അവർക്ക് അലർജി ബാധിച്ചിട്ടുണ്ട്. ഇത്രയും തിരക്കുള്ള സ്ഥലത്ത് അവൾ ഒരിക്കലും പോയിട്ടില്ല." സ്വാമി കൈലാസാനന്ദ് ഗിരി വാർത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

144 വർഷത്തിനിടയില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുക്കാനായി തിങ്കളാഴ്ചയാണ് ലോറീൻ പവൽ ജോബ്‌സ് പ്രയാഗ്‌രാജിൽ എത്തിയത്. കൈലാസാനന്ദ് ഗിരിയില്‍ നിന്നും'കമല' എന്ന പേര് സ്വീകരിച്ച അവർ ജനുവരി 20 ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലേക്ക് മടങ്ങുന്നതിന് മുമ്പ് ജനുവരി 15 വരെ നിരഞ്ജിനി അഖാര ക്യാമ്പിലെ കുംഭമേള ടെൻ്റ് സിറ്റിയിലാകും താമസിക്കുക.
അതേസമയം, കുംഭമേളുടെ ആദ്യ ദിനമായ പൗഷ് പൂര്‍ണിമയോട് അനുബന്ധിച്ച് ഏകദേശം ഒന്നരക്കോടിയാളുകള്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. 45 ദിവസം നീണ്ടു നില്‍ക്കുന്ന മഹാകുംഭമേളയിലേക്ക് 45 കോടിയോളം ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൗഷ് പൂര്‍ണി സ്‌നാന വേളയില്‍ ഒത്തുകൂടിയ ഭക്തരുടെ മേല്‍ ഹെലികോപ്ടറില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തിയാണ് വരവേറ്റത്.
പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26ന് മഹാ ശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചടങ്ങുകൾ. മകര സംക്രാന്തി ദിനത്തിലും - ജനുവരി 14, മൗനി അമാവാസ്യ ദിനത്തിലും -ജനുവരി 19,വസന്ത പഞ്ചമി ദിനത്തിലും - ഫെബ്രുവരി 3, മാഘി പൂർണിമ ദിനത്തിലും - ഫെബ്രുവരി 12, മഹാ ശിവരാത്രി ദിനത്തിലുമാണ് - ഫെബ്രുവരി 26, പ്രധാന സ്നാനങ്ങൾ നടക്കുക.












Click it and Unblock the Notifications