ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍: 1000 പേരെ പുറത്താക്കിയെന്ന് റിപ്പോർട്ട്
ഡല്‍ഹി: പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിൽ ഇടവേളക്ക് ശേഷം വീണ്ടും കൂട്ടപിരിച്ചുവിടൽ. കമ്പനിയുടെ പുനഃനിർമ്മാണ പ്രക്രിയയുടെ ഭാഗമായി ആയിത്തോളം ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. നടപടിയെക്കുറിച്ച് അറിയുന്ന വ്യത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ പിടിഐയാണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
യുഎസിലെ ലോണ്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് കമ്പനി നിയമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച വാർത്തയും പുറത്തുവരുന്നത്. ഒരു ബില്യൺ ഡോളർ ടേം ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് അമേരിക്കന്‍ സ്ഥാപനവുമായുള്ള തർക്കം. 'ബൈജൂസ് ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നിരുന്നാലും, പുതിയ ജീവനക്കാരെ ചേർക്കുന്ന പ്രകിയ നടക്കുന്നതിനാല്‍ കമ്പനിയുടെ തൊഴിലാളികളുടെ എണ്ണം 50,000 ആയി തുടരുന്നു'- പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ബൈജൂസ് രണ്ട് തവണകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടിരുന്നു. ലാഭ നിലയിലേക്ക് പോവുന്നതിന് വേണ്ടി കമ്പനി സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടികൾക്ക് അനുസൃതമായാണ് ഏറ്റവും പുതിയ പിരിച്ചുവിടലുകൾ. പുതിയ നടപടി കമ്പനിയുടെ ആകേയുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ 2 ശതമാനം പേരേയും ബാധിച്ചേക്കും.
2022 ഒക്‌ടോബർ മുതൽ ആറ് മാസത്തിനുള്ളിൽ 2,500 തൊഴിൽ വെട്ടിക്കുറയ്ക്കുന്നതായി ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ 2023 മാർച്ചോടെ കമ്പനി ലാഭകരമാക്കാനുള്ള പദ്ധതി അനാവരണം ചെയ്തിരുന്നു. മലയാളിയായ യുവ സംരഭകന്‍ തലപ്പത്തുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നായ ബൈജൂസിന്റെ മൂല്യം ഒരു ഘട്ടത്തില്‍ 22 ബില്യൺ ഡോളറായിരുന്നു.
എന്നാല്‍ അടുത്തിടെ നിയമപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിൽ ഉള്‍പ്പെട്ട കമ്പനിയുടെ മൂല്യനിർണ്ണയം 8.2 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. 2011ൽ ആരംഭിച്ച കമ്പനിയിൽ ആഗോളതലത്തിൽ നിക്ഷേപം വന്നുതുടങ്ങിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ജനറൽ അറ്റ്ലാന്റിക്, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റൽ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ബൈജൂസില്‍ നിക്ഷേപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് നേടാനും കമ്പനിക്ക് സാധിച്ചു.












Click it and Unblock the Notifications