തിരഞ്ഞെടുപ്പില്‍ ഇമേജ് പോയ നേതാക്കള്‍
ലോക്‌സഭ തിരഞ്ഞെടുപ്പ് 2014 പൂര്‍ത്തിയാകുമ്പോള്‍ വാണവരും വീണവരുമായി നേതാക്കള്‍ ഏറെയുണ്ട്. ബി ജെ പി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുന്ന കാഴ്ച കണ്ട് നിതീഷ് കുമാറിനെയും മമതാ ബാനര്‍ജിയെയും പോലുള്ള നേതാക്കള്‍ അമ്പരന്ന് പോയി കാണണം.
വോട്ടെടുപ്പിന് മുന്‍പ് മോദിയെ വിമര്‍ശിച്ച പവരും ഫലം പുറത്ത് വന്നതോടെ വാക്ക് തിരുത്തേണ്ട സ്ഥിതിയിലാണ്. മോദിയെ മാത്രമല്ല, രാഷ്ട്രീയ എതിരാളികള്‍ക്ക് മേല്‍ ബുദ്ധിശൂന്യമായ പ്രയോഗങ്ങള്‍ നടത്തി നിലയും വിലയും പോയ നേതാക്കള്‍ കേരളത്തിലുമുണ്ട്.
ജയവും തോല്‍വിയും തിരഞ്ഞെടുപ്പില്‍ സാധാരണമാണ്. എന്നാല്‍ അമിതമായ ആത്മവിശ്വാസവും നാക്കുപിഴയും കൊണ്ട് തോല്‍വിക്കൊപ്പം ഇമേജ് നഷ്ടവും ഏറ്റുവാങ്ങേണ്ടി വന്ന നേതാക്കളില്‍ ചിലരിതാ.

അരവിന്ദ് കെജ്രിവാള്‍
മോദിക്ക് കെട്ടി വെച്ച കാശ് പോകും, ആം ആദ്മി പാര്‍ട്ടിക്ക് നൂറ് സീറ്റ് കിട്ടും - ഇത് രണ്ടുമായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദം. രണ്ടും നടന്നില്ല. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ മോദി ജയിച്ചു. ആം ആദ്മി പാര്‍ട്ടി വെറും നാല് സീറ്റില്‍ ഒതുങ്ങുകയും ചെയ്തു.

പിണറായി വിജയന്‍
എല്‍ ഡി എഫിലെ മിതഭാഷിയും ജനപ്രിയനുമായ എന്‍ കെ പ്രേമചന്ദ്രനെ മുന്നണി മാറിയതിന് പിന്നാലെ പരനാറി എന്ന് വിശേഷിപ്പിച്ചാണ് പിണറായി വിജയന്‍ ശൂരത്വം പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രേമചന്ദ്രന്‍ ജയിച്ചു. പിണറായിയുടെ എം എ ബേബി തോറ്റു. തോറ്റാലും പരനാറി യോഗ്യനാകുന്നില്ല എന്ന് പറഞ്ഞ് വിജയന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പിണറായിയുടെ സെക്രട്ടറി സ്ഥാനം പോയേക്കും എന്നാണ് കേള്‍വി.

നിതീഷ് കുമാര്‍
മോദിയെ വേണ്ട എന്ന് പറഞ്ഞ് എന്‍ ഡി എ വിട്ട നിതീഷ് കുമാറിന് ബിഹാറില്‍ കിട്ടിയത് രണ്ട് സീറ്റ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു നിതീഷ്. സെക്കുലര്‍ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് മോദിയെ തള്ളിയെതെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജനം മോദിക്കൊപ്പം നിന്നു.

പ്രകാശ് കാരാട്ട്
ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാനായിരുന്നു സി പി എമ്മിന്റെ തീരുമാനം. കേരളത്തില്‍ ആപ്പിന് എതിരായി പ്രചാരണവും മത്സരവും. തമിഴ്‌നാട്ടില്‍ ആദ്യം ജയയ്‌ക്കൊപ്പം, പിന്നെ ജയയ്‌ക്കെതിരെ. എല്ലാം പിഴച്ചു. സി പി എമ്മിനെ 9 സീറ്റുകളിലേക്ക് ഒതുക്കിയ സെക്രട്ടറി എന്നാവും വരും കാലം പ്രകാശ് കാരാട്ടിനെ ആളുകള്‍ ഓര്‍ക്കുക.

ജസ്വന്ത് സിംഗ്
തനിക്ക് ഇഷ്ടപ്പെട്ട മണ്ഡലത്തില്‍ മത്സരിക്കാന്‍ സമ്മതിക്കാത്തതിനാണ് സിംഗ് ബി ജെ പി വിട്ടത്. ബാഡ്മീറില്‍ ബി ജെ പിക്കെതിരെ സ്വതന്ത്രനായി മത്സരിച്ചെങ്കിലും തോറ്റു. ചരിത്രവിജയത്തോടെ ബി ജെ പി അധികാരത്തിലുമെത്തി.

കരുണാനിധി
മക്കള്‍ തമ്മിലുള്ള അടി പിടി പൊതുസ്ഥലത്തേക്കെത്തിച്ച കരുണാനിധിയുടെ ഡി എം കെയ്ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. വോട്ടെടുപ്പ് കഴിഞ്ഞ് ഡി എം കെ അണികള്‍ ടി വി ചാനലുകാരെ തല്ലിയാണ് ദേഷ്യം തീര്‍ത്തത്.

മായാവതി
കുമാരി മായാവതി നയിച്ച ബി എസ് പിക്ക് ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് പോലും കിട്ടിയില്ല. മൂന്നാം മുന്നണി അധികാരത്തിലെത്തുമ്പോള്‍ പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ടിരുന്നവരില്‍ പ്രമുഖയാണ് മായാവതി.

അരുണ്‍ ജെയ്റ്റ്‌ലി
രാജ്യമെങ്ങും നമോ തരംഗം ഉണ്ടായിട്ടും അരുണ്‍ ജെയ്റ്റ്‌ലി തോറ്റു. ഇനിയിപ്പോള്‍ രാജ്യസഭ വഴി വേണം ജെയ്റ്റ്‌ലിക്ക് മന്ത്രിസഭയിലെത്താന്‍. വോട്ടെണ്ണല്‍ കഴിഞ്ഞതും ബാബ രാംദേവിനെ ഗാന്ധിജിയോട് ഉപമിച്ച് ജെയ്റ്റ്‌ലി ഇമേജ് കളഞ്ഞു.

എം പി വീരേന്ദ്ര കുമാര്‍
ഓരിയിടുന്ന കുറുക്കന്മാരല്ല ഗര്‍ജിക്കുന്ന സിംഹങ്ങളാണ് പാര്‍ലിമെന്റിലേക്ക് പോകേണ്ടത് എന്നായിരുന്നു വീരേന്ദ്രകുമാറിന്റെ മുദ്രാവാക്യം. എതിര്‍ സ്ഥാനാര്‍ഥിയായ എം ബി രാജേഷ് ഒരുലക്ഷത്തില്‍ പരം വോട്ടിന് ജയിച്ചപ്പോള്‍ യു ഡി എഫ് വോട്ടുമറിച്ചു എന്ന് കുറ്റപ്പെടുത്തുകയാണ് ഈ മുന്‍ എം പി.

രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന്റെ ചരിത്രപരമായ തോല്‍വിക്ക് ഉത്തരവാദി രാഹുല്‍ ഗാന്ധിയാണ് എന്നാണ് അണികള്‍ പോലും പറയുന്നത്. സ്വന്തം മണ്ഡലമായ അമേഠിയില്‍ കഷ്ടിച്ച് ജയിച്ചെങ്കിലും രാഹുല്‍ പലപ്പോഴും മൂന്നാമതായിരുന്നു.












Click it and Unblock the Notifications