ബിജെപിയെ ഉത്തർ പ്രദേശ് ചതിക്കും! സീറ്റുകൾ കൂപ്പുകുത്തും, കുതിച്ച് കയറുക മായാവതി-അഖിലേഷ് സഖ്യം!
ദില്ലി: കണക്ക് കൂട്ടലുകളും കാത്തിരിപ്പുകളും അവസാനിക്കാന്‍ പോവുകയാണ്. വരുന്ന 5 വര്‍ഷക്കാലം ഈ രാജ്യത്തിന്റെ വിധി ആരുടെ കൈകളില്‍ ആയിരിക്കും എന്നറിയാന്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുളള ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്.
ബിജെപിയാകട്ടെ പുതിയ സഖ്യകക്ഷികളെ ഉണ്ടാക്കാനുളള നെട്ടോട്ടത്തിലാണ്. തനിച്ചോ നിലവിലുളള മുന്നണിയിലെ പാര്‍ട്ടികളെ മാത്രമോ ആശ്രയിച്ച് സര്‍ക്കാരുണ്ടാക്കാനാവില്ല എന്ന തിരിച്ചറിവ് കോണ്‍ഗ്രസിനും ബിജെപിക്കുമുണ്ട്. ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉത്തര്‍ പ്രദേശില്‍ നിന്നടക്കമുണ്ടാകും എന്നാണ് ആംബിറ്റ് ക്യാപിറ്റല്‍ വിലയിരുത്തുന്നത്.

2014ലെ കൂറ്റൻ വിജയം
2014ല്‍ മോദി തരംഗത്തിലേറിയാണ് രണ്ട് തവണ തുടര്‍ച്ചയായി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിനെ പുറത്താക്കി ബിജെപി അധികാരത്തിലേറിയത്. 543 ലോക്‌സഭാ സീറ്റുകളില്‍ ബിജെപിക്ക് 282 സീറ്റുകള്‍ നേടി കൂറ്റന്‍ വിജയമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.

അമിത് ഷായുടെ വാദം
ഇത്തവണ അതില്‍ 55 സീറ്റുകള്‍ കൂടി അധികം നേടും എന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ഉത്തര്‍ പ്രദേശില്‍ ആകെയുളള 80ല്‍ 73 സീറ്റ് ബിജെപി നേടുമെന്നും ഷാ പറയുന്നു.

ആംബിറ്റ് ക്യാപിറ്റല്‍ റിപ്പോർട്ട്
എന്നാല്‍ വിദഗ്ധരുടെ വിലയിരുത്തല്‍ അത്തരത്തിലല്ല. രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആംബിറ്റ് ക്യാപിറ്റല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇത്തവണ ബിജെപിക്ക് തിരിച്ചടിയുണ്ടാകും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സാധാരണക്കാരില്‍ നിന്ന് വരെ വിവരം ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

190 മുതല്‍ 210 വരെ
ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം മാത്രമാണ് ബാക്കിയുളളത്. ബിജെപിക്ക് ഏറെ നിര്‍ണായകമായ ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലുമടക്കം ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇത്തവണ ബിജെപിക്ക് കിട്ടാന്‍ സാധ്യത 190 മുതല്‍ 210 വരെ സീറ്റുകളാണ് എന്നാണ് ഇവരുടെ പ്രവചനം.

ഭൂരിപക്ഷം ലഭിക്കില്ല
എന്‍ഡിഎ മുന്നണിക്ക് മൊത്തത്തില്‍ കിട്ടാന്‍ സാധ്യതയുളള സീറ്റുകളുടെ എണ്ണം 220 മുതല്‍ 240 വരെയാണ്. അതായത് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് സീറ്റുകള്‍ മാത്രമേ ലഭിക്കൂ. ബിജെപിക്ക് തനിച്ചോ എന്‍ഡിഎയ്‌ക്കോ സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ലഭിക്കില്ല.

യുപി ചതിക്കും
ബിജെപിയുടെ പതനത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കുക ഉത്തര്‍ പ്രദേശ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍ പ്രദേശില്‍ എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ചേരുന്ന മഹാഗഡ്ബന്ധന്റെ സാന്നിധ്യമാണ് ബിജെപിക്ക് വലിയ തിരിച്ചടിയായി മാറുക എന്നും ആംബിറ്റ് ക്യാപിറ്റലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

35 സീറ്റ് വരെ മാത്രം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 80 സീറ്റുകളില്‍ 70തിന് മുകളില്‍ സീറ്റ് ബിജെപി നേടി. ഇത്തവണ ആകെയുളള വോട്ടിന്റെ 40 മുതല്‍ 50 ശതമാനം വരെ മഹാഗഡ്ബന്ധന്‍ കൊണ്ട് പോകും. അങ്ങനെ വരുമ്പോള്‍ യുപിയിലെ ഭരണകക്ഷി കൂടിയായ ബിജെപിക്ക് ലഭിക്കുക 30 മുതല്‍ 35 സീറ്റുകള്‍ വരെ മാത്രമായിക്കും എന്നും വിലയിരുത്തപ്പെടുന്നു.

4 പാർട്ടികളുടെ സഹായം വേണം
എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം തികയാതെ വരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കണമെങ്കില്‍ കുറഞ്ഞത് നാല് വമ്പന്‍ പ്രാദേശിക പാര്‍ട്ടികളുടെ സഹായമെങ്കിലും ബിജെപിക്ക് വേണ്ടി വരും. മായാവതിയുടെ ബിഎസ്പി തിരഞ്ഞെടുപ്പിന് ശേഷം മോദിയുമായി കൈകോര്‍ക്കാനുളള സാധ്യത തളളിക്കളയാന്‍ സാധിക്കില്ല എന്നാണ് വിലയിരുത്തല്‍.

മൂന്നാമത്തെ വലിയ പാർട്ടി
2014 ലെ വോട്ടിംഗ് ശതമാനക്കണക്ക് പ്രകാരം ബിഎസ്പി ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയാണ്. ഒരു സീറ്റ് പോലും നേടാന്‍ ബിഎസ്പിക്ക് സാധിച്ചില്ലെങ്കില്‍ പോലും മായാവതിയുടെ പാര്‍ട്ടിക്ക് നിര്‍ണായകമായ വോട്ട് ഷെയറുണ്ട് എന്ന് വിസ്മരിക്കാവുന്നതല്ല.

മായാവതിയുടെ സൂചന
2014 കണക്ക് പ്രകാരം 42 ശതമാനമാണ് ബിഎസ്പിയുടെ വോട്ട് വിഹിതം. ഇത്തവണ എസ്പിയുമായി കൈ കോര്‍ക്കുമ്പോള്‍ വോട്ട് വിഹിതം ഉയരും. എന്ന് മാത്രമല്ല മായാവതിയുടെ പാര്‍ട്ടി സീറ്റ് നേട്ടവും ഉണ്ടാക്കുമെന്ന് ആംബിറ്റ് ക്യാപിറ്റല്‍ വിലയിരുത്തുന്നു. എന്നാല്‍ മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതി രംഗത്ത് വന്നത് ബിജെപിയുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നതാണ്.












Click it and Unblock the Notifications