ഓപ്പറേഷന്‍ ലോട്ടസിന്, ഓപ്പറേഷന്‍ ഹസ്തയിലൂടെ കോണ്‍ഗ്രസിന്റെ മറുപടി? കര്‍ണാടകയില്‍ ചടുലനീക്കങ്ങള്‍
ബെംഗളൂരു: ബി ജെ പിയുടെ ഓപ്പറേഷന്‍ ലോട്ടസിന് മറുപടിയായി കര്‍ണാടകയില്‍ ഓപ്പറേഷന്‍ ഹസ്ത പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരെ കോണ്‍ഗ്രസിലെത്തിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയം ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് ഊര്‍ജമായിട്ടുണ്ട്.
ഇത് നിലനിര്‍ത്തുന്ന വിജയം സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരാനാണ് കെ പി സി സിയുടെ ശ്രമം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റില്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇത്തവണ 20 സീറ്റുകള്‍ നേടുകയാണ് ലക്ഷ്യമെന്ന് പാര്‍ട്ടി നേതാക്കള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറാണെന്ന് സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ പാര്‍ട്ടി താല്‍പ്പര്യം കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കുക എന്നാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സാഹചര്യമനുസരിച്ച് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന ഏത് തരത്തിലുള്ള ധാരണയും പ്രാദേശികമായി ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു.
'കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് മുന്‍ഗണന. പ്രാദേശികമായി എന്തെങ്കിലും ധാരണയിലെത്തുന്നതിന് പരിഭ്രാന്തരാകരുതെന്നും വൈരാഗ്യം ഉണ്ടാകരുതെന്നും ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാന്‍ അവരോട് നിര്‍ദേശിച്ചിട്ടുണ്ട്,' ശിവകുമാര്‍ പറഞ്ഞു.
ചില സാഹചര്യങ്ങളില്‍ പാര്‍ട്ടി വലിയ സാന്നിധ്യമല്ലായിരിക്കാം. അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി അവിടെ ശക്തമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നും വലിയ നേതാക്കളെ മാത്രമല്ല മറ്റ് പാര്‍ട്ടികളിലെ നിരവധി പ്രവര്‍ത്തകര്‍ തങ്ങളോടൊപ്പം ചേരാന്‍ മുന്നോട്ട് വന്നിട്ടുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിനനുസരിച്ച് എന്തും ചെയ്യും.
പ്രതിപക്ഷത്ത് നിന്നുള്ള ഏതാനും നേതാക്കളും സിറ്റിംഗ് എം എല്‍ എമാരും കോണ്‍ഗ്രസിലേക്കെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാരിന്റെ കാലത്ത് ബി ജെ പിയിലേക്ക് കൂറുമാറിയവരാണ് തിരികെയെത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 17 എം എല്‍ എമാര്‍ രാജിവെച്ചതോടെയാണ് 2018 ലെ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാര്‍ നിലംപൊത്തിയത്.












Click it and Unblock the Notifications