ബംഗാളിലെ സീറ്റ് വിഭജനം; കോൺഗ്രസിന്റെ ശുഭാപ്‌തി വിശ്വാസത്തെ തള്ളി മമത ബാനർജി
കൊൽക്കത്ത: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കവേ കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ച് മമത ബാനർജി. തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ആഗ്രഹം മമത പ്രകടിപ്പിച്ചതോടെ, പശ്ചിമ ബംഗാളിൽ രാജ്യത്തെ പ്രതിപക്ഷ കക്ഷിയായ 'ഇന്ത്യ'യിലെ സ്‌തംഭനാവസ്ഥ പരിഹരിക്കാൻ ടിഎംസിയുമായി സീറ്റ് പങ്കിടൽ കരാർ ഉണ്ടാക്കാമെന്ന കോൺഗ്രസിന്റെ ശുഭാപ്‌തി വിശ്വാസങ്ങൾക്കാണ് തിരിച്ചടിയായിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ സീറ്റ് വിഭജന പ്രതിസന്ധിയെത്തുടർന്ന് ടിഎംസിയുമായി അനുരഞ്ജനത്തിന് കോൺഗ്രസ് ശ്രമിച്ചെങ്കിലും, സംസ്ഥാനത്ത് സീറ്റുകൾ വിട്ടുനൽകാൻ വിമുഖത കാണിച്ചിട്ടും, തൃണമൂൽ കോൺഗ്രസുമായി ഒരു ധാരണയിലെത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

നാദിയ ജില്ലയിൽ ഒരു സർക്കാർ പരിപാടിയെ അഭിസംബോധന ചെയ്‌തു കൊണ്ട് സംസാരിച്ച മമത ബാനർജി, സംസ്ഥാനത്ത് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം രൂപീകരിക്കാൻ തങ്ങളുടെ പാർട്ടിക്ക് താൽപ്പര്യമുണ്ടായിരുന്നെങ്കിലും തന്റെ നിർദ്ദേശം നിരസിച്ചത് കോൺഗ്രസാണെന്ന് ആരോപിച്ചിരുന്നു.
"ഞങ്ങൾക്ക് ഒരു സഖ്യം വേണമെന്നുണ്ടായിരുന്നു, പക്ഷേ കോൺഗ്രസ് അതിന് സമ്മതിച്ചില്ല. തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ അവർ സിപിഎമ്മുമായി ചേർന്നു. രാജ്യത്ത് ബിജെപിയെ നേരിടാൻ കഴിയുന്നത് ഞങ്ങൾക്കാണ്" അവർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മമത, തിരഞ്ഞെടുപ്പിന് ശേഷം മറ്റ് പ്രാദേശിക പാർട്ടികളുമായി ചേർന്ന് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള തന്ത്രത്തെക്കുറിച്ച് ടിഎംസി ആലോചിക്കുമെന്നും വ്യക്തമാക്കി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ കോൺഗ്രസും ഇടതുപക്ഷവും സഹകരിക്കുന്നുവെന്ന് ആരോപിച്ച മമത, കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചയിലെ വിള്ളലുകൾ എടുത്തുകാട്ടുകയും ഇടതുപക്ഷത്തിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും പറഞ്ഞു.
"ഡൽഹിയിൽ (ലോക്‌സഭാ തിരഞ്ഞെടുപ്പിൽ) വിജയിക്കാനുള്ള വഴി ബംഗാൾ കാണിച്ചുതരുമെന്ന് ഓർക്കുക. ഞങ്ങൾ ഡൽഹിയിൽ വിജയിക്കും. ബംഗാളിൽ ഒറ്റയ്ക്ക് പോരാടി ബിജെപിയെ പരാജയപ്പെടുത്തും" അവർ തറപ്പിച്ചു പറഞ്ഞു.
പശ്ചിമ ബംഗാളിൽ രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്‌മയായ 'ഇന്ത്യ'യെ കാര്യമായി ബാധിക്കുന്ന തീരുമാനത്തിന് ഒടുവിൽ സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിലും തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമതയുടെ സമീപകാല പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഈ സംഭവവികാസം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് 22 സീറ്റും, കോൺഗ്രസ് രണ്ട് സീറ്റും ബിജെപി 18 സീറ്റുമാണ് നേടിയത്.












Click it and Unblock the Notifications