''എത്ര കാലം ബിജെപി ഇങ്ങനെ കോൺഗ്രസിനെ കുറ്റം പറഞ്ഞ് മുന്നോട്ട് പോകും?'' ചോദ്യവുമായി പ്രിയങ്ക ഗാന്ധി
ന്യൂ ഡല്‍ഹി: ഇനിയും എത്ര കാലം കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞുകൊണ്ട് മാത്രം ബിജെപി മുന്നോട്ട് പോകുമെന്ന് പ്രിയങ്ക ഗാന്ധി. ഉത്തരാഖണ്ഡിലെ രാംനഗറില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
എത്രകാലം നിങ്ങള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും? കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കോണ്‍ഗ്രസ് അധികാരത്തിലില്ല. പത്ത് വര്‍ഷമായി അവരാണ് പൂര്‍ണ ഭൂരിപക്ഷത്തോടെ കേന്ദ്രം ഭരിക്കുന്നത്. ഇപ്പോള്‍ അവര്‍ 400ന് മേലെ എന്ന് പറയുന്നു, കാരണം അവര്‍ക്ക് ഇനിയും ഭൂരിപക്ഷം ഉയര്‍ത്തണം, പ്രിയങ്ക ഗാന്ധി പറഞ്ഞു.

1950കളില്‍ ജവഹര്‍ലാല്‍ നെഹ്‌റു മുന്‍കൈ എടുത്തില്ലായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ അഭിമാനങ്ങളായ ഐഐടികളും ഐഐഎമ്മുകളും എയിംസുകളുമൊന്നും ഉണ്ടാകില്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പത്ത് വര്‍ഷം കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്തിട്ടുളളത്? 75 വര്‍ഷക്കാലം ഒന്നും ചെയ്തില്ലെന്ന് അവര്‍ പറയുന്നു. ഒന്നും ചെയ്തിട്ടില്ലെങ്കില്‍ പിന്നെങ്ങനാണ് ഉത്തരാഖണ്ഡ് ഇത്രയും കഴിവ് വികസിപ്പിച്ചത്? എവിടെ നിന്നാണ് ഐഐടികളും ഐഐഎമ്മുകളും എയിംസുകളും ഉണ്ടായത്. ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിലേക്കുളള വിത്ത് പാകിയത് ആരാണ്. 1950കളില്‍ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു മുന്‍കൈയെടുത്തില്ലായിരുന്നുവെങ്കില്‍ ഇതൊക്കെ സാധ്യമാകുമായിരുന്നോ, പ്രിയങ്ക ഗാന്ധി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളില്‍ വീഴരുതെന്നും ഇത്തവണ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. യഥാര്‍ത്ഥ വിഷയങ്ങളുടെ പുറത്താണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും അല്ലാതെ വാചകമടിയുടെ അടിസ്ഥാനത്തിലല്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന കാര്യങ്ങളില്‍ വീണുപോകരുത്. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പ് നിങ്ങള്‍ ആലോചിക്കേണ്ട പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ 10 വര്‍ഷം കൊണ്ട് നിങ്ങളുടെ ജീവിതത്തില്‍ ഒരു നല്ല മാറ്റം കൊണ്ട് വരാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ എന്നതാണ്. വര്‍ധിച്ച് കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും അനിയന്ത്രിതമായ പണപ്പെരുപ്പവും അഴിമതികളും മാത്രമാണ് നടക്കുന്നത് എന്നും അതിന് പത്ത് വര്‍ഷങ്ങളായി അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആണ് ഉത്തരവാദികളെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിച്ചിട്ടില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. യുവാക്കള്‍ക്ക് 2 കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നതും ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം എത്തിക്കും എന്നുമുളള വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി മതത്തെ ഉപയോഗിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ഹിമാചല്‍ പ്രദേശ് ദേവഭൂമിയാണ് എന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദി പറഞ്ഞത്. തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ജയിച്ചു. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഹിമാചലില്‍ ദുരന്തം സംഭവിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു രൂപ പോലും നല്‍കിയില്ല. സംസ്ഥാന സര്‍ക്കാരാണ് എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സ്വന്തം ചിലവില്‍ നടപ്പിലാക്കിയത്. തങ്ങളെ സംബന്ധിച്ച് മതം എന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനുളള ഉപകരണമല്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications