നാളെ എന്തും സംഭവിക്കാം..! ഇന്ത്യാ സഖ്യ നേതാക്കള്‍ ഒന്നടങ്കം ഡല്‍ഹിയിലേക്ക്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളുടേയും തലവന്‍മാര്‍ രാജ്യതലസ്ഥാനത്തേക്ക്. നേതാക്കള്‍ നാളെ ഡല്‍ഹിയില്‍ എത്തണം എന്ന് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫലം പുറത്ത് വന്നതിന് ശേഷം നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേരും.
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ആലോചിക്കുന്നതിനുമായി യോഗം ചേരാന്‍ ജൂണ്‍ ഒന്നിന് ചേര്‍ന്ന അനൗദ്യോഗിക യോഗത്തില്‍ മുന്നണി തീരുമാനമെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു. ഇത് പ്രകാരം ഇന്ത്യാ ബ്ലോക്കിലെ ഉന്നത നേതാക്കളുടെ യോഗം നാളെ വൈകുന്നേരമോ ബുധനാഴ്ച രാവിലെയോ നടന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.

എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാ എന്‍ഡിഎ മൂന്നാം വട്ടവും അധികാരത്തിലെത്തും എന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യാ സഖ്യത്തിന് 295 സീറ്റുകള്‍ ലഭിച്ചേക്കും എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞത്. കേവല ഭൂരിപക്ഷത്തോട് അടുത്താണ് ഇരുകക്ഷികള്‍ക്ക് സീറ്റ് ലഭിക്കുന്നത് എങ്കില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയാകും.
ജൂണ്‍ ഒന്നിന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നിരവധി ഇന്ത്യന്‍ ബ്ലോക്ക് പാര്‍ട്ടികളുടെ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സമാജ്വാദി പാര്‍ട്ടി, സിപിഎം, സിപിഐ, ഡിഎംകെ, ജെഎംഎം, എഎപി, ആര്‍ജെഡി, ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍) എന്നിവരും യോഗത്തില്‍ പ്രതിനിധീകരിച്ചു.
ശരദ് പവാര്‍, അഖിലേഷ് യാദവ്, തേജസ്വി യാദവ്, അനില്‍ ദേശായി, സീതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാള്‍, ഭഗവന്ത് മാന്‍, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ചമ്പായി സോറന്‍, കല്‍പ്പന സോറന്‍, ടി ആര്‍ ബാലു, ഫാറൂഖ് അബ്ദുള്ള, ഡി രാജ, ദിപാങ്കര്‍ ഭട്ടാചാര്യ, ജിതേന്ദ്ര അഹ്വാദ, മുകേഷ് സഹാനി എന്നിവരാണ് വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയും പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. വോട്ടെണ്ണല്‍ ദിനത്തിലേക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് ഇന്ത്യാപാര്‍ട്ടികളുടെ നേതാക്കള്‍ അനൗപചാരികമായി യോഗം ചേര്‍ന്നത് എന്നാണ് യോഗത്തിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡിഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും നാളെ പുറത്തുവരും.












Click it and Unblock the Notifications