തകർന്നടിയുമോ? ബിജെപിക്ക് വെല്ലുവിളിയായി മഹാരാഷ്ട്രയും ബിഹാറും, സർവ്വേയിലെ മുന്നറിയിപ്പ്
'സംസ്ഥാനത്ത് ജംഗിൾരാജ് തിരിച്ചുവന്നു', ബിഹാറിലെ ബിജെപി റാലിയിൽ ദേശീയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞത് ഇങ്ങനെയായിരുന്നു. പാർട്ടി അധ്യക്ഷനായതിന് ശേഷമുള്ള നദ്ദയുടെ ആദ്യ ബിഹാർ സന്ദർശനമായിരുന്നു ഇത്. റാലിയിൽ നിതീഷിനേയും ജെഡിയുവിനേയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു നദ്ദയുടെ പ്രസംഗം. ബിഹാറിലെ ജനങ്ങളെ നിതീഷ് വഞ്ചിച്ചെന്നും ജനവിധിയെ അദ്ദേഹം അവഹേളിച്ചെന്നും ബീഹാറിലെ ജനങ്ങൾ ഈ അനാദരവിന് ജനാധിപത്യ രീതിയിൽ മറുപടി നൽകുമെന്നും നദ്ദ പറഞ്ഞു.
അടുത്തിടെ മഹാരാഷ്ട്രയിലും ജെപി നദ്ദയുടെ വമ്പൻ റാലി നടന്നിരുന്നു. ശിവസേനയെ ലക്ഷ്യമിട്ടായിരുന്നു ഇവിടെ ബിജെപിയുടെ പ്രചരണം. മാത്രമല്ല പ്രത്യേക യോഗങ്ങളും നദ്ദയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വരും ദിവസങ്ങളിലും മഹാരാഷ്ട്രയിലും ബിഹാറിലും ഇത്തരത്തിൽ പ്രചരണം കൊഴുപ്പിക്കാൻ തന്നെയാണ് ബി ജെ പി പദ്ധതി. അതിന് കാരണവുമുണ്ട്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 40 ലോക്സഭ സീറ്റുകളിൽ 39 സീറ്റിലും വിജയിക്കാൻ എൻ ഡി എ സഖ്യത്തിന് കഴിഞ്ഞിരുന്നു. അന്ന് ബി ജെ പിയും ജെ ഡി യു വും ലോക് ജനശക്തി പാർട്ടിയും സഖ്യത്തിലാണ് മത്സരിച്ചിരുന്നത്. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചും. ബി ജെ പിക്ക് 17 ഉം ജെ ഡി യുവിന് തനിച്ച് 16 സീറ്റുകളുമാണ് ലഭിച്ചത്. ജെ ഡി യു ബന്ധം ഉപേക്ഷിച്ചത് ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വലിയ തിരിച്ചടിയാകുമെന്ന കാര്യത്തിൽ വലിയ തർക്കമൊന്നുമില്ല. സിറ്റിംഗ് സീറ്റുകൾ നിലനിർത്താനായാൽ പോലും കണക്കകുകളിൽ വലിയ വ്യത്യാസം നേരിടും. വൈശാലി, വാൽമീകി നഗർ, നവാഡ, കിഷൻഗഞ്ച്, കതിഹാർ, സുപൗൾ, മുൻഗർ, പൂർണിയ, ഗയ, ഝഞ്ജർപൂർ തുടങ്ങിയ സീറ്റുകളിൽ ബി ജെ പിയുടെ നില പരുങ്ങലിലാണ്.

മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. 2019 ൽ മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ 23 എണ്ണം ബിജെപിയും 18 എണ്ണം ശിവസേനയുമായിരുന്നു നേടിയത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി 2020 ൽ സേന ബി ജെ പി ബന്ധം ഉപേക്ഷിച്ചിരുന്നു. ബി ജെ പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനായി ബദ്ധ ശത്രുക്കളായ എൻ സി പിയും കോൺഗ്രസുമായി ശിവസേന കൈകോർക്കുകയായിരുന്നു. എന്നാൽ ഉദ്ധവിന്റെ ശിവസേനയെ പിളർത്തി ബി ജെ പി ഇവിടെ ഭരണം തിരിച്ച് പിടിച്ചു.

മഹാരാഷ്ട്ര ഭരണം കൈപ്പിടിയിലായെങ്കിലും ശിവസേന ബന്ധം തകർന്നത് സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത വെല്ലുവിളി തീർക്കുമെന്നാണ് ബി ജെ പി ആശങ്കപ്പെടുന്നത്. 11 ഓളം സീറ്റുകളിൽ കാര്യങ്ങൾ അനുകൂലമല്ലെന്ന് ബി ജെ പിയുടെ ആഭ്യന്തര സർവ്വേകൾ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ തീവ്രപ്രചരണത്തിന് തയ്യാറെടുക്കുകയാണ് ബി ജെ പി.

2019 ലെ പ്രകടനം ആവർത്തിക്കാൻ സാധിക്കുമെന്ന് ബി ജെ പി പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. ഇവിടെ പ്രതിപക്ഷം സഖ്യത്തിൽ മത്സരിച്ചിട്ട് പോലും മിന്നും പ്രകടനം കാഴ്ച വെയ്ക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. ഇത്തവണ പക്ഷേ പ്രതിപക്ഷ സഖ്യമില്ല. ഇത് ഗുണം ചെയ്യുമെന്നാണ് ബി ജെ പി കരുതുന്നത്. എങ്കിലും 11 സിറ്റിംഗ് സീറ്റുകളിൽ കനത്ത മത്സരമായിരിക്കും നേരിടുകയെന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവ്വേകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications