• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുതിയ ലോക്‌സഭയില്‍ അംഗമായി ഒരു 'ഭിക്ഷക്കാരി'! രാഷ്ട്രീയക്കാരേക്കാൾ കൂടുതൽ ബിസിനസ്സുകാർ!

ദില്ലി: 17 -ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ പട്ടിക നോക്കിയാല്‍ അത് ഇന്ത്യന്‍ ജനതയുടെ ഒരു പരിച്ഛേദം ആണെന്നൊന്നും പറയാന്‍ കഴിയില്ല. ഭൂരിപക്ഷം പേരും ഏതെങ്കിലും തരത്തിലുള്ള പ്രിവിലേജുകള്‍ അനുഭവിക്കുന്നവര്‍ തന്നെയാണ്.

രാഹുൽ പണി തുടങ്ങി! അശോക് ഗെഹ്ലോട്ടിനും കമൽ നാഥിനും പി ചിദംബരത്തിനും രൂക്ഷവിമർശനം

എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരമുള്ള ചില വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരു 'യാചക' കൂടി ഉണ്ട് എന്നതാണ് അത്. എട്ടാം ക്ലാസ്സ് പാസ്സായ അധ്യാപകനും കൂലിത്തൊഴിലാളിയും എല്ലാം ഈ കണക്കിലുണ്ട്.

ആരാണ് ആ ഒരേയൊരു യാചക എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടാല്‍ പിന്നേയും ഞെട്ടും. ഭോപ്പാലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി സാധ്വി പ്രഗ്യ സിങ് താക്കൂര്‍ ആണത്. ആ കഥകള്‍ ഇങ്ങനെയാണ്.

 വിവാദ നായിക പ്രഗ്യ സിങ്

വിവാദ നായിക പ്രഗ്യ സിങ്

ഈ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും വിവാദം സൃഷ്ടിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് പ്രഗ്യ സിങ് താക്കൂര്‍. മാലെഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ പ്രഗ്യ സിങ് പഴയ എബിവിപി നേതാണ്. പിന്നീട് സംഘപരിവാര്‍ സംഘടനകളിലായിരുന്നു പ്രവര്‍ത്തനം. ഏറ്റവും ഒടുവില്‍ 2019 ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേരുന്നത്. കൃത്യമായി പറഞ്ഞാല്‍ 2019, ഏപ്രില്‍ 17 ന്.

ഭോപ്പാല്‍ സീറ്റില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് പ്രഗ്യ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ ദ്വിഗ് വിജയ് സിങ്ങിനെ ഭോപ്പാലില്‍ പരാജയപ്പെടുത്തുകയും ചെയ്തു.

യാചകയായ പ്രഗ്യ

യാചകയായ പ്രഗ്യ

സന്യാസിനി എന്നാണ് പ്രഗ്യ വിശേഷിപ്പിക്കപ്പെടുന്നത്. അതാണ് സാധ്വി പ്രഗ്യ സിങ് താക്കൂര്‍. ഇവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ കൊടുത്തിരിക്കുന്ന ജോലി 'ഭിക്ഷാടനം' ആണ്.

സന്യാസിമാര്‍ ഭിക്ഷ യാചിച്ചാണ് ദൈനംദിന കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാറുള്ളത് എന്നാണല്ലോ പറയാറുള്ളത്. അതുകൊണ്ടായിരിക്കും പ്രഗ്യ തന്റെ ജോലി ഭിക്ഷാടനം ആണെന്ന് പറഞ്ഞിരിക്കുക.

ഒരേയൊരു ഭിക്ഷക്കാരി

ഒരേയൊരു ഭിക്ഷക്കാരി

എന്തായാലും 17-ാം ലോക്‌സഭയില്‍ ഒരേയൊരു ഭിക്ഷക്കാരി മാത്രമേ ഉള്ളു. അത് പ്രഗ്യാ സിങ് താക്കൂര്‍ ആണ്. പ്രഗ്യയുടെ വക അടുത്ത വിവാദമാകുമോ ഇത് എന്നാണ് ഇനി അറിയേണ്ടത്.

മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ദ് കാര്‍ക്കറെ കൊല്ലപ്പെടാന്‍ കാരണം തന്റെ ശാപമാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞ ആളാണ് പ്രഗ്യ. കൂടാതെ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയതും വലിയ വിവാദം ആയിരുന്നു. ഈ വിഷയത്തില്‍ താന്‍ ഒരിക്കലും പ്രഗ്യക്ക് മാപ്പ് കൊടുക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

കൂലിപ്പണിക്കാരന്‍

കൂലിപ്പണിക്കാരന്‍

പശ്ചിമ ബംഗാളിലെ അലിപുര്‍ദ്വാര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിയാണ് ജോണ്‍ ബര്‍ള. കൂലിപ്പണിക്കാരന്‍ ആണെന്നാണ് ഇദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിലുള്ള. എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ജോണ്‍ ബര്‍ള ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും 14 ലക്ഷത്തിന് മുകളിലാണ് ഇദ്ദേഹത്തിന്റെ ആസ്തി. 9 ക്രിമനല്‍ കേസുകളും ഇദ്ദേഹത്തിനെതിരെ ഉണ്ട്.

ജഡ്ജിയും പത്രപ്രവര്‍ത്തകനും

ജഡ്ജിയും പത്രപ്രവര്‍ത്തകനും

എംപിയായവരുടെ കൂട്ടത്തില്‍ ഒന്ന് വീതം ജഡ്ജിയും പത്രപ്രവര്‍ത്തകനും ഉണ്ട്. മധ്യപ്രദേശിലെ ദേവാസില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മഹേന്ദ്ര സിങ് സോളങ്കിയാണ് ജോലിയുടെ കോളത്തില്‍ ജഡ്ജി എന്ന് നല്‍കിയിട്ടുള്ളത്. വെറും 35 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം.

കര്‍ണാടകത്തിലെ മൈസൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബിജെപി എംപി പ്രതാപ് സിംഹ മാധ്യമ പ്രവര്‍ത്തകനാണ്. രണ്ടാം തവണയാണ് ഇദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ഒരു ഫോട്ടോഗ്രാഫറും എംപിമാരുടെ കൂട്ടത്തിലുണ്ട്. ആന്ധ്രയിലെ ബാപത്‌ല മണ്ഡലത്തില്‍ നിന്ന് വിജയിച്ച നന്ദിഗാം സുരേഷ് ആണിത്. എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം ആണ് ഇദ്ദേഹത്തിനുള്ളത്.

എട്ടാം ക്ലാസ്സ് വിദ്യാഭ്യാസമുള്ള അധ്യാപകന്‍

എട്ടാം ക്ലാസ്സ് വിദ്യാഭ്യാസമുള്ള അധ്യാപകന്‍

അഞ്ച് അധ്യാപകരാണ് 17-ാം ലോക്‌സഭയില്‍ ഉള്ളത്. കോളേജ് അധ്യാപകരെ കൂടി കൂട്ടിയാല്‍ ഇത് ഏഴ് ആകും. എന്നാല്‍ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട് ഈ പട്ടികയില്‍.

പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംപിയായ നിഷിത് പ്രമാണിക് അധ്യാപകനാണ്. പക്ഷേ, വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്സും! ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഇദ്ദേഹത്തിന്റെ ആസ്തി 96 ലക്ഷം രൂപയാണ്.

വീട്ടമ്മമാരും ഗായകരും

വീട്ടമ്മമാരും ഗായകരും

ഇത്തവണത്തെ എംപിമാരുടെ പട്ടികയില്‍ നാല് വീട്ടമ്മമാരും ഉണ്ട്. ആന്ധ്രയിലെ അമലാപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ചെത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ചിന്ത അനുരാധ, ഗുജറാത്തിലെ വഡോദരയില്‍ നിന്ന് വിജയിച്ചെത്തിയ ബിജെപിയുടെ രഞ്ജന്‍ ബെന്‍ ഭട്ട്, ഗുജറാത്തിലെ തന്നെ ഛോട്ടാ ഉദയ്പൂരില്‍ നിന്നുള്ള ബിജെപിയുടെ രത്വ ഗീതാബെന്‍ വജേസിങ്ഭായി, തെലങ്കാനയിലെ വാറങ്കലില്‍ നിന്നുള്ള ടിആര്‍എസിന്റെ കവിത മോലാത്തു എന്നിവരാണ് വീട്ടമ്മമാരായ ആ എംപിമാര്‍.

നാല് ഗായകരും ഈ പാര്‍ലമെന്റില്‍ ഉണ്ട്. അതില്‍ പ്രധാനി ഈസ്റ്റ് ദില്ലിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റില്‍ എത്തിയ മനോജ് തിവാരി ആണ്. നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഹന്‍സ് രാജ് ഹന്‍സും ഗായകന്‍ തന്നെ. പഞ്ചാബിലെ ഫരീദ്‌കോട്ടില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച മുഹമ്മദ് സാദിഖ് ഫോക്ക് ഗായകനാണ്. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്ന് ബാബുള്‍ സുപ്രിയ ബാരല്‍ ബാബുള്‍ ഗായകനും.

ബിസിനസ്സുകാരാണ് കൂടുതല്‍

ബിസിനസ്സുകാരാണ് കൂടുതല്‍

ഇത്തവണത്തെ ലോക്‌സഭയില്‍ രാഷ്ട്രീയക്കാരേക്കാളും പൊതു പ്രവര്‍ത്തകരേക്കാളും കൂടുതല്‍ ഉള്ളത് ബിസിനസ്സുകാരാണ്. 121 പേരാണ് തൊഴില്‍ ബിസിനസ്സ് എന്ന് സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ളത്.

രണ്ടാം സ്ഥാനത്തുള്ളത് കൃഷിയുമായി ബന്ധപ്പെട്ടതാണ്. 99 പേര്‍ കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ജോലികളാണ് ചെയ്യുന്നത്.

മൂന്നാം സ്ഥാനത്തുള്ളത് സാമൂഹ്യ പ്രവര്‍ത്തകരാണ്. 88 സാമൂഹ്യ പ്രവര്‍ത്തകര്‍ ഇത്തവണ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ നാലാമത്

രാഷ്ട്രീയക്കാര്‍ നാലാമത്

ഏറ്റവും ഞെട്ടിക്കുന്ന കാര്യം ലോക്‌സഭയിലെ രാഷ്ട്രീയക്കാരുടെ എണ്ണം ആണ്. തൊഴില്‍ എന്ന കോളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് കൊടുത്തിട്ടുള്ളവരുടെ കാര്യമാണിത്. ആകെ 86 പേരാണ് പുതിയ ലോക്‌സഭയില്‍ ഇത്തരത്തില്‍ ഉള്ളത്. എണ്ണത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനം മാത്രമേ രാഷ്ട്രീയക്കാര്‍ക്കുള്ളു എന്നതാണ് സത്യാവസ്ഥ. നമ്മുടെ രാജ്‌മോഹന്‍ ഉണ്ണിത്താനും കെ സുധാകരനും എംകെ രാഘവനും എഎം ആരിഫും എല്ലാം തൊഴില്‍ രാഷ്ട്രീയ പ്രവര്‍ത്തനം എന്നല്ല കൊടുത്തിട്ടുള്ളത്- സാമൂഹ്യ പ്രവര്‍ത്തനം എന്നാണ്.

മറ്റുള്ളവരുടെ കണക്കുകള്‍

മറ്റുള്ളവരുടെ കണക്കുകള്‍

17-ാം ലോക്‌സഭയില്‍ 32 ഡോക്ടര്‍മാരുണ്ട്. അഭിഭാഷകരുടെ എണ്ണം 26 ആണ്. ശമ്പളക്കാരായി 13 പേരും അഭിനേതാക്കളായി 13 പേരും ഉണ്ട്. പെന്‍ഷന്‍ പറ്റുന്നവര്‍ 12 പേരും ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ 8 പേരും ആണ്. എഴുത്തുകാരായി നാല് പേരുണ്ട്. സ്വയംതൊഴില്‍ ചെയ്യുന്നവരുടെ എണ്ണവും നാലാണ്. രണ്ട് എന്‍ജിനീയര്‍മാരും രണ്ട് പ്രൊഫസര്‍മാരും രണ്ട് വിരമിച്ച അധ്യാപകരും ഉണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തകരും ബില്‍ഡര്‍മാരും ആയി രണ്ട് വീതം പേര്‍. മൃഗഡോക്ടര്‍, നരേറ്റര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിങ്ങനെ ഓരോരുത്തരും ഉണ്ട്. ജോലി ബാധകമല്ല എന്ന് കൊടുത്തിട്ടുള്ള നാല് പേരും ഉണ്ട്.

English summary
Lok Sabha Election results 2019: Beggar, Labourer elected to 17th Parliament. Pragya Singh Thakur declared herself as Beggar in affidavit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X