മോദിയെ പഴയ കാര്യങ്ങള്‍ ഓർമ്മിപ്പിച്ച് പവാർ: 'ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിളിച്ചില്ലേ'
മുംബൈ: കർഷകരുടെ പ്രശ്‌നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ വിമർശനത്തിന് മറുപടിയുമായി എന്‍ സി പി നേതാവ് ശരദ് പവാർ. താൻ കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ (2004-2014) അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയെ സംസ്ഥാനത്തെ കാർഷിക പ്രതിസന്ധിയില്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ശരദ് പവാർ തിരിച്ച് അടിക്കുന്നത്. ശരദ് പവാർ കേന്ദ്രത്തില്‍ കൃഷിവകുപ്പ് മന്ത്രിയായിരിക്കുന്ന കാലയളവില്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.
ഒരിക്കൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി തന്നെ വിളിച്ച് തനത് കൃഷിരീതികൾ പഠിക്കാൻ ഇസ്രയേൽ സന്ദർശിക്കണമെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. "കാർഷിക മേഖലയിലെ പ്രശ്‌നങ്ങളുമായി അദ്ദേഹം എൻ്റെ അടുക്കൽ വരാറുണ്ടായിരുന്നു. എന്നെ ഗുജറാത്തിലേക്ക് പോലും കൊണ്ടുപോയി. ഒരിക്കൽ ഇസ്രായേൽ സന്ദർശിക്കാൻ ആഗ്രഹിച്ചതിനാൽ ഞാൻ അദ്ദേഹത്തെ അവിടെയും കൊണ്ടുപോയി. നരേന്ദ്ര മോദി എന്ത് പറഞ്ഞാലും ഇപ്പോൾ എനിക്ക് ആശങ്കയൊന്നുമില്ല," പവാർ പറഞ്ഞു.

ശരദ് പവാർ കേന്ദ്ര കൃഷി മന്ത്രിയായിരിക്കെ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എന്‍സിപി നേതാവിനെ രൂക്ഷമായി വിമർശിച്ചത്. അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ സമുദായങ്ങളെ അടുപ്പിക്കുന്നതിന് പകരം രാജ്യത്ത് സാമുദായിക അസ്വാരസ്യം വർദ്ധിപ്പിക്കുമെന്ന് എൻസിപി (എസ്പി) അധ്യക്ഷന്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഡിൻഡോരി ലോക്‌സഭാ മണ്ഡലത്തിൽ തൻ്റെ പാർട്ടി സ്ഥാനാർഥി ഭാസ്‌കർ ഭഗാരെയ്ക്കുവേണ്ടി നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിവിധ മതങ്ങളും ജാതികളും തമ്മിലുള്ള സാമുദായിക അസ്വാരസ്യം വർധിപ്പിക്കുന്ന നിലപാടുകൾ സ്വീകരിച്ച രാജ്യത്തിൻ്റെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇന്ന് നാസിക്കിൽ അദ്ദേഹത്തിൻ്റെ പ്രസംഗം ഞാൻ കേട്ടു, അത് ഞാൻ പ്രതീക്ഷിച്ചത് പോലെയായിരുന്നു. സമുദായങ്ങളെയും മതവിഭാഗങ്ങളെയും കൂടുതൽ അടുപ്പിക്കുന്ന നിലപാടുകളായിരുന്നില്ല അദ്ദേഹം സ്വീകരിച്ചത്' ശരദ് പവാർ പറഞ്ഞു.
മേഖലയിലെ ജലക്ഷാമവും ശരദ് പവാർ പരാമർശിച്ചു. "നാസിക് ജില്ലയിൽ ജലലഭ്യതയുടെയും വിതരണത്തിൻ്റെയും പ്രശ്നമുണ്ട്. ലഭ്യമായ വെള്ളത്തിൻ്റെ കുറച്ച് ഗുജറാത്തിലേക്ക് തിരിച്ചുവിടുന്നു; സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ എന്താണ് ചെയ്യുന്നത്?" അദ്ദേഹം ചോദിച്ചു. അതിനിടെ, പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ കൂടുതൽ വിചിത്രമാണെന്നും അദ്ദേഹത്തിൻ്റെ പ്രസംഗം എഴുതിയവരുടെ സമനില തെറ്റിയെന്ന് കാണിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരവും മോദിക്കെതിരെ ആഞ്ഞടിച്ചു.
'ഹിന്ദു-മുസ്‌ലിം വേർതിരിവ് കളിച്ചാൽ താൻ പൊതുജീവിതത്തിൽ യോഗ്യനായിരിക്കില്ലെന്ന് അദ്ദേഹം ഇന്നലെ അവകാശപ്പെട്ടു. എന്നാല്‍ ഇന്ന് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിക്കുന്ന പതിവ് കളിയാണ് അദ്ദേഹം കളിച്ചത്. കേന്ദ്ര ബജറ്റിൻ്റെ 15 ശതമാനം മുസ്‌ലിംകൾക്ക് മാത്രമായി ചെലവഴിക്കാൻ ഡോ. മൻമോഹൻ സിംഗ് പദ്ധതി തയ്യാറാക്കിയെന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആരോപണം പൂർണ്ണമായും തെറ്റാണ്," പി ചിദംബരം എക്‌സിൽ കുറിച്ചു.












Click it and Unblock the Notifications