സുമലത കോൺഗ്രസിനൊപ്പം കൈകോർക്കുമോ?; മാണ്ഡ്യയിലെ ബിജെപി നീക്കത്തിൽ കലിച്ച് നടി..ഉടൻ കൂടിക്കാഴ്ച
ബെംഗളൂരു: മാണ്ഡ്യ ലോക്സഭ സീറ്റ് ജെ ഡി എസിന് നൽകാനുള്ള ബി ജെ പി നീക്കത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സിറ്റിംഗ് എംപിയും നടിയുമായ സുമലത അംബരീഷ്. നേരത്തേ മണ്ഡലത്തിൽ ബി ജെ പിയുടെ പിന്തുണയോടെ സ്വതന്ത്രയായിട്ടായിരുന്നു സുമതല ഇവിടെ വിജയിച്ചത്. ഇത്തവണയും മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കത്തിലാണ് അവർ. എന്നാൽ ജെ ഡി എസുമായി സഖ്യത്തിലെത്തിയ ബി ജെ പി മണ്ഡലം ഇക്കുറി ജെ ഡി എസിന് നൽകാൻ തീരുമാനിക്കുകയായിരുന്നു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിന് വഴിയൊരുങ്ങിയ മണ്ഡലമായിരുന്നു മാണ്ഡ്യ. സ്വതന്ത്ര അംഗമായ അംബരീഷിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ഭാര്യയായ സുമതല തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുകയായിരുന്നു. തുടക്കത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിട്ടായിരിക്കും മത്സരം എന്ന് വിലയിരുത്തപ്പെട്ടെങ്കിലും അവർ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചു. ജെ ഡി എസിന് വേണ്ടി മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനായ നിഖിൽ കുമാരസ്വാമിയായിരുന്നു മത്സരിച്ചത്.

അന്ന് സുമലതയ്ക്ക് ബി ജെ പി നിരുപാധിക പിന്തുണ നൽകി. വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ഇവിടെ അവർ വിജയിച്ചത്. ഇതോടെ അവർ ബി ജെ പിയുമായി അടുത്തു. പലപ്പോഴും ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇതുവരേയും അവർ ബി ജെ പിയിൽ ഔദ്യോഗികമായി ചേർന്നിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് അവർ ബി ജെ പി അംഗത്വം എടുത്തേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണയും അവർ സ്വതന്ത്രയായി മത്സരിക്കണമെന്ന ആവശ്യമാണ് അനുയായികൾ ഉയർത്തുന്നത്.
ഇതിനിടയിലാണ് എൻ ഡി എയിൽ സീറ്റ് ജെ ഡി എസിന് നൽകാനുള്ള ബി ജെ പി നീക്കം. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജേന്ദ്രയുമായി അവർ ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. അതിനിടെ ഇപ്പോഴത്തെ അതൃപ്തിയുടെ പശ്ചാത്തലത്തിൽ സുമതലയെ പാർട്ടിയിൽ എത്തിക്കാനുളള നീക്കങ്ങൾ കോൺഗ്രസും ആരംഭിച്ചിട്ടുണ്ട്. സുമലത കോൺഗ്രസിലെത്തിയാൽ അത് തങ്ങളെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.
ജെ ഡി എസിന് വലിയ സ്വാധീനമുള്ള വൊക്കാലിഗ വിഭാഗത്തിന്റെ ശക്തി കേന്ദ്ര മാണ് മാണ്ഡ്യയെങ്കിലും കന്നഡ സൂപ്പർ സ്റ്റാർ ആയിരുന്ന അംബരീഷിനോട് വലിയ സ്നേഹം ഈ സമുദായം പുലർത്തുന്നുണ്ട്. ഇത് മുതലെടുത്ത് മാണ്ഡ്യ ഉറപ്പിക്കാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. അതേസമയം കോൺഗ്രസ് അത്തമൊരു നീക്കം നടത്തിയാൽ ബി ജെ പിയെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രതിസന്ധി വലിയ തർക്കങ്ങളിലേക്ക് നീങ്ങാതെ പരിഹരിക്കാനായിരിക്കും ബി ജെ പി നീക്കം.












Click it and Unblock the Notifications