ലക്ഷ്യം 2024? രാഹുലിന്റെ ലോക്‌സഭാ പ്രസംഗം പറഞ്ഞുവെക്കുന്നതെന്ത്
ന്യൂദല്‍ഹി: ഫെബ്രുവരി രണ്ടിന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസിനെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. പല സംസ്ഥാനങ്ങളിലും ഭിന്നത രൂക്ഷമാകുകയും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിക്കാന്‍ മറ്റ് കക്ഷികള്‍ തയ്യാറാകാതെയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രസംഗവും അതിലെ വാക്കുകളും പ്രസക്തമാകുന്നത്. 2024ല്‍ ബി ജെ പിയെ ഒറ്റക്കെട്ടായി നേരിടാന്‍ താല്‍പ്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതുമിനിമം പരിപാടിയുടെ ഭാഗമായി ഒറ്റ കുടക്കീഴില്‍ അണിനിരക്കാന്‍ ഉതകുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
പ്രാദേശിക തലത്തില്‍ സി പി ഐ എം അടക്കമുള്ളവര്‍ ഫെഡറല്‍ മുന്നണി എന്ന ആശയവുമായി മുന്നോട്ടുപോകുമ്പോഴാണ് ഭരണഘടനയിലെ ഫെഡറിലസത്തെ മുന്‍നിര്‍ത്തി രാഹുല്‍ പ്രസംഗിച്ചത്. പ്രാദേശിക ബി ജെ പി ഇതര പാര്‍ട്ടികളുമായും ഇടതുപക്ഷവുമായും തെരഞ്ഞെടുപ്പിന് ശേഷമോ മുന്‍പോ സഖ്യം ചേരുന്നതിന് തന്റെ ആശയങ്ങള്‍ അദ്ദേഹം വ്യക്തതയോടെ മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്ന് പ്രധാന സവിശേഷതകളാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലുള്ളത്. ആദ്യം ഹിന്ദുത്വ സങ്കല്‍പ്പത്തിനുനേരെയുള്ള ആക്രമണം. ബി ജെ പിയുടെ നയങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും രണ്ട് ഇന്ത്യകളെ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന തന്റെ വാദത്തില്‍ രാഹുല്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.

ഹിന്ദുവും മറ്റ് ന്യൂനപക്ഷങ്ങളും, പ്രത്യേകിച്ച് മുസ്ലീങ്ങളും; സമ്പന്നരും ദരിദ്രരും തെക്കും വടക്കും (ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍) എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ രാജ്യത്ത് നിലനില്‍ക്കുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. ഹിന്ദുത്വവും ചങ്ങാത്ത മുതലാളിത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഹുല്‍ സംസാരിക്കുന്നതാണ് ശ്രദ്ധേയമായി രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം 2014-ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നതുമുതല്‍ ഇടതുപാര്‍ട്ടികളായ സി പി ഐയുടെയും സി പി ഐ എമ്മിന്റെയും സി പി ഐ എം എല്‍ ലിബറേഷന്റെയും പ്രധാന ആരോപണമായിരുന്നു ഇത്. ഈ ഇരട്ട സ്‌പോണ്‍സര്‍ഷിപ്പില്‍ അധിഷ്ഠിതമായ 'നവ ഇന്ത്യ'യെക്കുറിച്ച് സംസാരിക്കുന്ന ഇന്നത്തെ ഭരണത്തിന്റെ നവ-ലിബറല്‍-ഹിന്ദുത്വ അജണ്ടയെക്കുറിച്ചാണ് ഇടതുപക്ഷം സംസാരിക്കാറുള്ളത്

സാമ്പത്തിക പ്രതിസന്ധിയുടെ സ്വഭാവം രാഹുലിന്റെ തുറന്നുകാട്ടലാണ് രണ്ടാമത്തെ പ്രധാന സവിശേഷത. ഡിജിറ്റലൈസേഷനില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഭാവി വളര്‍ച്ചയെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയില്ല. രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയിലും ഗ്രാമീണ മേഖലകളില്‍ തുടരുന്ന ദുരിതത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഊന്നല്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് എതിരെയും തന്റെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്നു. മൂന്നാമത്തേതും ഏറ്റവും പ്രതിഫലനമുണ്ടാക്കാന്‍ സാധ്യതയുള്ളതും ബി ജെ പിയുടെ ഭരണകാലത്ത് മോശമായ സ്വാധീനം ചെലുത്തിയ ഫെഡറലിസം എന്ന ആശയം ശക്തിപ്പെടുത്തുന്നതിന് രാഹുല്‍ നല്‍കിയ ഊന്നല്‍ ആണ്.

ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ സ്വയംഭരണാവകാശം നല്‍കിയിരുന്ന സ്ഥാപനങ്ങളുടെ തകര്‍ച്ചയും അതിനോടൊപ്പം രാഹുല്‍ ചൂണ്ടിക്കാണിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ഫെഡറലിസത്തിന്റെ വിഷയങ്ങളില്‍ ബി ജെ പി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതും രാഹുലിന്റെ പ്രസംഗത്തിന് കാരണമായി എന്നു വേണം അനുമാനിക്കാന്‍. സംസ്ഥാനങ്ങളിലെ ഭാഷ, സംസ്‌കാരം, ആചാരങ്ങള്‍ എന്നിവയുടെ വൈവിധ്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി പ്രത്യേകം പരാമര്‍ശിച്ചു, പ്രത്യേകിച്ചും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള വലിയ വ്യത്യാസങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയും ആ വൈവിധ്യം നിലനിര്‍ത്തുന്നതിലൂടെ ഇന്ത്യന്‍ രാഷ്ട്രം എങ്ങനെ യാഥാര്‍ത്ഥ്യമായി അഭിവൃദ്ധി പ്രാപിക്കുമെന്നും അടിവരയിട്ടു.

സംസ്ഥാനങ്ങളുടെ യൂണിയനാണ് രാജ്യമെന്ന് രാഹുല്‍ പ്രസംഗത്തില്‍ എടുത്ത് പറയുന്നുണ്ട്. പ്രത്യേകിച്ച് തമിഴ്‌നാടിനേയും തമിഴ് ഭാഷയേയും അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അഭിനന്ദനത്തിനും പാത്രമായി. ഫെഡറിലസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നിച്ച് നില്‍ക്കണമെന്ന് ബി ജെ പി ഇതര മുഖ്യമന്ത്രിമാരോടും സംസ്ഥാനങ്ങളോടും കെ ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 2ന് തന്നെ കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ മമത ബാനര്‍ജി, ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സൂചിപ്പിച്ചിരുന്നു.
Recommended Video

ഈ തരത്തില്‍ പ്രാദേശിക പാര്‍ട്ടികളെ കൃത്യമായി ഏകോപിപ്പിച്ച് കൂടെ നിര്‍ത്താനും ഇടത് പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ ധാരണയുണ്ടാക്കാനും കഴിഞ്ഞാല്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാമെന്നാണ് രാഹുല്‍ കണക്കുകൂട്ടുന്നത്. പക്ഷെ സീറ്റ് ചര്‍ച്ചകളില്‍ കോണ്‍ഗ്രസടക്കം എല്ലാ കക്ഷികളും പുലര്‍ത്തുന്ന സമീപനവും ഇതില്‍ നിര്‍ണായകമാകും.












Click it and Unblock the Notifications