ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി; ജൂൺ 30ന് ചുമതല ഏറ്റെടുക്കും
ന്യൂഡൽഹി: ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവിയായി ചുമതലയേൽക്കും. നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. ജൂൺ മുപ്പതിന് പുതിയ കരസേനാ മേധാവിയായി ഉപേന്ദ്ര ദ്വിവേദി സ്ഥാനമേൽക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
പരം വിശിഷ്‌ട സേവാ മെഡലും അതി വിശിഷ്‌ട സേവാ മെഡലും ഉൾപ്പെടെ നേടിയിട്ടുള്ള ലെഫ്റ്റനന്റ് ജനറൽ ദ്വിവേദി നിലവിൽ ആർമി സ്‌റ്റാഫ് വൈസ് ചീഫ് ആണ്. ദ്വിവേദിയുടെ വരവോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കരസേനകളിൽ ഒന്നിന്റെ നേതൃത്വമാണ് പുതിയ തലവനെ സ്വീകരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

1964ൽ ജനിച്ച ലെഫ്റ്റനൻ്റ് ജനറൽ ദ്വിവേദി 1984 ഡിസംബർ 15നാണ് ഇന്ത്യൻ ആർമിയുടെ കാലാൾപ്പടയായ ജമ്മു ആൻഡ് കശ്‌മീർ റൈഫിൾസിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. തുടർന്ന് തന്റെ 40 വർഷത്തെ സൈനിക സേവനത്തിൽ അദ്ദേഹം വൈവിധ്യമാർന്ന പദവികളാണ് വഹിച്ചത്.
കമാൻഡ് ഓഫ് റെജിമെന്റ് (18 ജമ്മു & കശ്മീർ റൈഫിൾസ്), ബ്രിഗേഡ് (26 സെക്‌ടർ അസം റൈഫിൾസ്), ഡിഐജി, അസം റൈഫിൾസ് (ഈസ്‌റ്റ്) എന്നിവ അദ്ദേഹത്തിന്റെ കമാൻഡ് നിയമനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് സർക്കാർ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.
സൈനിക് സ്‌കൂൾ രേവ, നാഷണൽ ഡിഫൻസ് കോളേജ്, യുഎസ് ആർമി വാർ കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഡിഎസ്എസ്‌സി വെല്ലിംഗ്ടണിലും മോവിലെ ആർമി വാർ കോളേജിലും പ്രത്യേക കോഴ്‌സുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഡിഫൻസ് ആൻഡ് മാനേജ്‌മെൻ്റ് സ്‌റ്റഡീസിൽ എം ഫിലും സ്ട്രാറ്റജിക് സ്‌റ്റഡീസിലും മിലിട്ടറി സയൻസിലും രണ്ട് ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള വ്യക്തി കൂടിയാണ് ലെഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി.
അതേസമയം, ഈ വർഷം മെയ് അവസാനം വിരമിക്കാനിരുന്ന ജനറൽ മനോജ് പാണ്ഡെക്ക് നേരത്തെ ഒരു മാസത്തെ സർവീസ് നീട്ടി നൽകുകയായിരുന്നു. 2022 ഏപ്രിൽ 30നാണ് അദ്ദേഹം കരസേനാ മേധാവിയായി നിയമിതനായത്. തുടർന്ന് പാണ്ഡെ വിരമിക്കുമ്പോൾ ലെഫ്റ്റനന്റ് ഉപേന്ദ്ര ദ്വിവേദി തന്നെ പകരക്കാരനായി എത്തുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. അതിനെ ശരിവെച്ചുകൊണ്ടാണ് സർക്കാർ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications