മൊത്തം എംഎല്‍എമാരുടെ കൈയിലുള്ളതിനേക്കാള്‍ ആസ്തി ആദ്യ 10 പേര്‍ക്ക്; കണക്കുകള്‍ പുറത്ത്
ഭോപ്പാല്‍: 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 17 നായിരുന്നു. 76 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ മൂന്നിനാണ് പ്രഖ്യാപിക്കുന്നത്. 2533 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മധ്യപ്രദേശില്‍ ജനവിധി തേടി ഇറങ്ങിയിരുന്നത്. കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ നേരിട്ട് മത്സരം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.
അതിനാല്‍ തന്നെ ഇവിടത്തെ ജനവിധി ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കും. അതേസമയം ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ആസ്തിയില്‍ കാര്യമായ മുന്നേറ്റമുണ്ടായി എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിവാക്കുന്നത്. മധ്യപ്രദേശിലെ 180 എം എല്‍ എമാര്‍ തങ്ങളുടെ ആസ്തിയില്‍ 2018 - 2023 കാലയളവില്‍ 1 മുതല്‍ 1192 ശതമാനം വരെ വര്‍ധിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം 12 പേരുടെ ആസ്തിയില്‍ 1 മുതല്‍ 64 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആസ്തിയില്‍ 1192 ശതമാനം വര്‍ധനവുള്ള മനവാര്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ ഡോ. ഹിരലാല്‍ അലവയാണ് പട്ടികയില്‍ ഒന്നാമത്. സബലഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ ബൈജ്‌നാഥ് കുശ്വാഹയുടെ ആസ്തിയില്‍ ആണ് 64 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബി ജെ പിയുടെ രത്ലം നഗരത്തെ പ്രതിനിധീകരിക്കുന്ന ചേതന്യ കശ്യപാണ് സംസ്ഥാനത്തെ ഏറ്റവും ധനികനായ എം എല്‍ എ. അദ്ദേഹത്തിന്റെ സമ്പത്ത് 2018-ല്‍ 204 കോടിയില്‍ നിന്ന് 2023-ല്‍ 296 കോടിയായി ഉയര്‍ന്നു, 91.4 കോടിയുടെ വര്‍ധന. 240 കോടിയിലധികം സമ്പത്തുമായി വിജയരാഘവ്ഗഡില്‍ നിന്നുള്ള ബിജെപിയുടെ സഞ്ജയ് സത്യേന്ദ്ര പതക് ആണ് തൊട്ടുപിന്നില്‍.
ഏറ്റവും ധനികരായ എം എല്‍ എമാരുടെ പട്ടികയില്‍ മൂന്നാമത് ഖുറൈയില്‍ നിന്നുള്ള എംപിയായ ബിജെപിയുടെ ഭൂപേന്ദ്ര സിംഗ് ആണ്. 2023 ല്‍ 33.65 ലക്ഷം രൂപ മൂല്യമുള്ള മൊത്തം ആസ്തിയുള്ള റൈഗാവില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ കല്‍പ്പന വര്‍മയ്ക്ക് 2018ല്‍ 14 ലക്ഷമായിരുന്നു ഉണ്ടായിരുന്നത്. എം എല്‍ എമാര്‍ക്കിടയില്‍ സമ്പത്തില്‍ വന്‍ അന്തരം കണ്ടെത്തിയിട്ടുണ്ട്.
സമ്പന്നരായ ആദ്യ പത്തിലുള്ള എം എല്‍ എമാരുടെ സമ്പത്ത് 1,728.52 കോടി രൂപയാണ്. ഇത് മറ്റ് 182 എം എല്‍ എമാരുടെയും മൊത്തം സ്വത്തിന് തുല്യമാണ്, 1,692 കോടി രൂപ. ഇത്തവണ വീണ്ടും സീറ്റ് ലഭിച്ച എം എല്‍ എമാര്‍ 192 ആണ്. ഇവരുടെ ആകെ ആസ്തി 3,507.34 കോടി രൂപയാണ്. ഇതില്‍ കോണ്‍ഗ്രസിന് 52.81 ശതമാനം വിഹിതവും ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് 46.05 ശതമാനം വിഹിതവും മറ്റുള്ളവര്‍ക്ക് 3.58 ശതമാനം വിഹിതവുമാണ് ഉള്ളത്.












Click it and Unblock the Notifications