ഭരണവിരുദ്ധ വികാരത്തെ മറികടന്നു, ജയിക്കുമെന്നുറപ്പിച്ച് ബിജെപി; കാരണമിതാണ്
ഭോപ്പാല്‍: 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം വരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളെ ബാക്കിയുള്ളൂ. കോണ്‍ഗ്രസും ബി ജെ പിയും ശക്തമായ പോരാട്ടം കാഴ്ച വെച്ച തിരഞ്ഞെടുപ്പില്‍ ആരായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ദേശീയ രാഷ്ട്രീയമാകെ ഉറ്റുനോക്കുന്നുണ്ട്. പുറത്ത് വന്ന് അഭിപ്രായ സര്‍വേകളില്‍ ഭൂരിഭാഗവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്.
എങ്കിലും നേരിയ മേല്‍ക്കൈ കോണ്‍ഗ്രസിനാണ് പല സര്‍വേകളിലും കാണുന്നത്. അതേസമയം വോട്ടെടുപ്പിന് പിന്നാലെ ബി ജെ പി ഇതെല്ലാം തള്ളിക്കളയുകയാണ്. ഭരണവിരുദ്ധ വികാര സാഹചര്യത്തേയും മറികടന്ന് ബി ജെ പി സംസ്ഥാനത്ത് മിന്നുന്ന വിജയം സ്വന്തമാക്കും എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ ഭരണവിരുദ്ധത വികാരം പാര്‍ട്ടി നേതൃത്വം മനസിലാക്കിയിരുന്നു.

എന്നാല്‍ ഉന്നത നേതൃത്വം വിഷയം മനസിലാക്കി വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചു എന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് സങ്കീര്‍ണ്ണ സ്വഭാവമുള്ളതായിരുന്നു എന്ന് നേതൃത്വം സമ്മതിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടക്ക സമയത്ത് പ്രചരണത്തിനിറങ്ങിയ പ്രവര്‍ത്തകരില്‍ പോലും അത് പ്രതിഫലിച്ചിരുന്നു എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം പ്രവര്‍ത്തകരുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള നേതൃത്വം പങ്കുവഹിച്ചു. ഉദാസീനത താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ പിടികൂടിയെങ്കിലും നരേന്ദ്ര മോദിയും അമിത് ഷായും പാര്‍ട്ടിയുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കാന്‍ രംഗത്തിറങ്ങി എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
'മോദിയും അമിത് ഷായും വെല്ലുവിളികള്‍ മുന്‍കൂട്ടി കാണുകയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വിളിക്കുകയും ചെയ്തു. അതിനാല്‍ തങ്ങളുടെ എതിരാളികളെക്കാള്‍ ഒരു മാസം മുമ്പ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കാനായി. ഇത് നിരാശരായ കേഡറിലേക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നു,' ഒരു ബി ജെ പി പ്രവര്‍ത്തകന്‍ പറഞ്ഞു. പിന്നലെ ആര്‍ എസ് എസും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
'ആര്‍ എസ് എസിന്റെ ശ്രമങ്ങള്‍ മധ്യപ്രദേശില്‍ ബി ജെ പിയുടെ അടിത്തറ ഉറപ്പിക്കുന്നതിനും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിനും സഹായിച്ചു. ഈ ശ്രമം ബി ജെ പിയെ കൂടുതല്‍ മത്സരാത്മക നിലപാടിലേക്ക് നയിച്ചു,' വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ട്ടിക്ക് വിജയസാധ്യത കുറവുള്ള സീറ്റുകളില്‍ പോലും ഇത് വഴി മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചു. ഒപ്പം ഒന്നിലധികം കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ബി ജെ പി മത്സരരംഗത്തിറക്കി.












Click it and Unblock the Notifications