'അല്ലെങ്കിലും ഇവിടെ മത്സരമൊന്നും ഇല്ലായിരുന്നു..'; ആത്മവിശ്വാസം പ്രകടിപ്പിച്ച് ശിവരാജ് സിംഗ് ചൗഹാൻ...
ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഉടൻ വരാനിരിക്കെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ ആർക്കും ചായ്‌വ് പ്രഖ്യാപിക്കാത്ത സാഹചര്യം പ്രവചിച്ചതിന് പിന്നാലെ പാർട്ടിയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്ത് മത്സരം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ജയിക്കാനുള്ള പാതയൊരുക്കുന്ന സഹോദരിമാർക്കും, പെൺമക്കൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു. 'പാർട്ടിയുടെ ജയത്തിന് കൃത്യമായ പാതയൊരുക്കിയ സഹോദരിമാർക്കും മക്കൾക്കും നന്ദി അറിയിക്കുന്നു' എന്നായിരുന്നു ചൗഹാന്റെ പ്രതികരണം. മധ്യപ്രദേശിൽ ബിജെപിയുടെ കൂട്ടായ നേതൃത്വത്തെ ഉയർത്തിക്കാട്ടിയ ചൗഹാൻ, വ്യക്തമായ ഭൂരിപക്ഷത്തോടെ പാർട്ടി സർക്കാർ രൂപീകരിക്കുമെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസവും ചൗഹാൻ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. "മധ്യപ്രദേശിൽ മത്സരമില്ലെന്നും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഞാൻ എപ്പോഴും പറയാറുണ്ട്. പ്രധാനമന്ത്രിയുടെ സ്നേഹവും മാർഗനിർദേശവും ആഭ്യന്തര മന്ത്രി അമിത് ഷായുടെ തന്ത്രങ്ങളും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വവും, ഞങ്ങളുടെ പ്രവർത്തകരുടെ പ്രയത്‌നങ്ങളും, സർക്കാരിന്റെ പദ്ധതികളും ബിജെപി സംസ്ഥാനത്ത് ഭൂരിപക്ഷം നേടുമെന്ന് ഉറപ്പാക്കി" അദ്ദേഹം പറഞ്ഞു.
2020ൽ അന്നത്തെ പാർട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ വിമത നീക്കത്തെ തുടർന്ന് കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലംപൊത്തിയതിന് ശേഷം തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഇക്കുറി മധ്യപ്രദേശിൽ ഇറങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദി ഹൃദയ ഭൂമിയിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് അവർ.
അതേസമയം, മധ്യപ്രദേശിൽ ബിജെപി അധികാരത്തിൽ തുടരുമെന്നാണ് ഇന്ത്യാ ടുഡേ-ആക്‌സിസ് സർവേ ഫലം വ്യക്തമാക്കുന്നതെങ്കിലും മറ്റ് സർവേകൾ പൂർണമായും ബിജെപിക്ക് അനുകൂലമല്ല. ചില എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം പ്രഖ്യാപിക്കുമ്പോള്‍ മറ്റ് ചിലത് ബിജെപിക്കൊപ്പമാണ് ജനങ്ങള്‍ എന്നാണ് പ്രവചിക്കുന്നത്. 230 അംഗ നിയമസഭാ സീറ്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളാണ്. ഡിസംബര്‍ മൂന്നിനാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കുക.












Click it and Unblock the Notifications