ശിവരാജ് സിങ് ചൗഹാന് അഞ്ചാം ഊഴമോ? അതോ സിന്ധ്യയ്ക്ക് നറുക്ക് വീഴുമോ?; സാധ്യതകൾ ഇങ്ങനെ
ഭോപ്പാൽ: മധ്യപ്രദേശിൽ ബി ജെ പിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെയ്ക്കും എന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. എന്നാൽ പ്രവചനങ്ങളേയെല്ലാം കാറ്റിൽ പറത്തി കൂറ്റൻ ലീഡുമായി മുന്നേറുകയാണ് ഇവിടെ ബി ജെ പി. 155 ഓളം സീറ്റുകളിലാണ് പാർട്ടി മുന്നേറുന്നത്. സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകളിലേക്ക് ഇതിനോടകം നേതൃത്വം കടന്നു കഴിഞ്ഞു. എന്നാൽ ആരാകും ഇനി സംസ്ഥാനത്ത് ബി ജെ പിയെ നയിക്കുകയെന്നതാണ് ചോദ്യം. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അഞ്ചാമതും നേതൃത്വം അവസരം നൽകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
2005 ലാണ് ശിവരാജ് സിങ് ചൗഹാൻ ആദ്യമായി മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. തുടർച്ചയായ മൂന്ന് ടേം അദ്ദേഹം സംസ്ഥാനം ഭരിച്ചു. 2018 ൽ കമൽനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന ഭരണം കോൺഗ്രസ് പിടിച്ചു. 2019 ൽ ഓപ്പറേഷൻ താമര പയറ്റി ബി ജെ പി അധികാരം തിരിച്ചു പിടിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം വീണ്ടും ചൗഹാന്റെ കൈകളിലെത്തി. ചൗഹാന് പകരം മറ്റ് നേതാക്കളുടെ പേരുകൾ ദേശീയ നേതൃത്വം ആലോചിച്ചിരുന്നുവെങ്കിലും നേതാക്കൾ ഒന്നടങ്കം ചൗഹാന് പിന്നിൽ അണിനിരിക്കുകയായിരുന്നു.

ഇത്തവണ ചൗഹാന്റെ നേതൃത്വത്തിൽ കൂറ്റൻ വിജയം ആവർത്തിച്ചെങ്കിലും അദ്ദേഹത്തിന് നറുക്ക് വീഴാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര നേതൃത്വത്തിനുള്ള താത്പര്യക്കുറവ് തന്നെയാണ് ചൗഹാന് വെല്ലുവിളി തീർക്കുന്നത്. എന്നിരുന്നാലും സംസ്ഥാനത്തെ വലിയ വിജയത്തിലെ ചൗഹാന്റെ പങ്ക് നേതൃത്വത്തിന് അവഗണിക്കാൻ സാധിക്കില്ല. മാത്രമല്ല പാർട്ടിയിൽ വലിയ ജനപിന്തുണയുള്ള നേതാവ് കൂടിയാണ് ചൗഹാൻ. അദ്ദേഹത്തെ മാറ്റി നിർത്തിയാൽ കടുത്ത പ്രതിഷേധം നേതൃത്വം നേരിടേണ്ടി വരും.
അതേസമയം ചൗഹാന് പകരം മറ്റ് പേരുകൾ നേതൃത്വം പരിഗണിച്ചാൽ ഒരു പക്ഷേ ജ്യോതിരാദിത്യ സിന്ധ്യയ്ക്കോ പാർട്ടി അധ്യക്ഷൻ വിഡി ശർമ്മയ്ക്കോ ആയിരിക്കും സാധ്യത. യുവ നേതാവെന്ന നിലയിൽ സിന്ധ്യയെ പരിഗണിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉണ്ട്. എന്നാൽ ബിജെപിയിലെ നേതാക്കളെ അവഗണിച്ച് കോൺഗ്രസിൽ നിന്നെത്തിയ സിന്ധ്യയ്ക്ക് മുഖ്യമന്ത്രി കസേര നൽകുന്നത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും.
ഈ സാഹചര്യത്തിൽ കാലാവധി വീതിച്ച് നൽകി മുഖ്യമന്ത്രി സ്ഥാനമെന്ന ഫോർമുല ബി ജെ പി നേതൃത്വം പരീക്ഷിച്ചേക്കും. അങ്ങനെയെങ്കിൽ ചൗഹാന് ആദ്യ ടേം നൽകിയേക്കാനും സാധ്യതയുണ്ട്. എന്തായാലും അഞ്ചാമതും മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് അക്കാര്യങ്ങൾ പാർട്ടി നേതൃത്വമാണ് തീരുമാനിക്കണ്ടതെന്നും പാർട്ടി പറയുന്നത് അനുസരിക്കുമെന്നുമാണ് ചൗഹാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.












Click it and Unblock the Notifications