മധ്യപ്രദേശ് എക്സിറ്റ് പോൾ; കോൺഗ്രസിന് തിരിച്ചടി, ബിജെപിക്ക് അധികാരത്തുടർച്ചയെന്ന് സർവ്വെ ഫലം
ഭോപ്പാൽ; മധ്യപ്രദേശിൽ ബി ജെ പിക്ക് വിജയം പ്രചചിച്ച് റിപബ്ലിക് ടിവി സർവ്വെ. 118 മുതൽ 130 വരെ സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് 97 മുതൽ 107 സീറ്റുകൾ വരേയും മറ്റ് പാർട്ടികൾക്ക് 2 സീറ്റുകൾ വരേയും സർവ്വെ പ്രവചിക്കുന്നു.
അതേസമയം കോൺഗ്രസിന് വിജയ സാധ്യതപ്രവചിക്കുന്നതാണ് ജൻ കി ബാത് സർവ്വെ ഫലം.125 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്ന് സർവ്വെ പറയുന്നു. ബി ജെ പിക്ക് 123 സീറ്റുകൾ വരെയാണ് സാധ്യത പറയുന്നത്.

സംസ്ഥാനത്ത് 230 സീറ്റുകളാണ് ഉള്ളത്. 116 സീറ്റുകളാണ് ഭൂരിപക്ഷം നേടാൻ ആവശ്യം. കഴിഞ്ഞ തവണ 114 സീറ്റുകൾ നേടി കോൺഗ്രസായിരുന്നു അധികാരം പിടിച്ചത്. 15 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ചായിരുന്നു ഇത്. എന്നാൽ ഒന്നര വർഷങ്ങൾക്കിപ്പുറം കോൺഗ്രസിലെ തമ്മിലടി ആയുധമാക്കി ബി ജെ പി ഭരണം പിടിച്ചെടുക്കുകയായിരുന്നു.
അന്ന് ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമൽനാഥും തമ്മിലുള്ള അധികാര വടംവലിയായിരുന്നു പ്രതിസന്ധിക്ക് കാരണമായത്. തുടർന്ന് സിന്ധ്യയേയും അദ്ദേഹത്തിന്റെ അനുയായികളായ 26 ഓളം എം എൽ എമാരേയും 'ഓപ്പറേഷൻ താമര' പയറ്റി ബി ജെ പി മറുകണ്ടം ചാടിക്കുകയായിരുന്നു. ഈ തിരിച്ചടിക്ക് ഇത്തവണ മറുപടി നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്.
ജനകീയ പദ്ധതികൾ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു പ്രചരണങ്ങൾ. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ സഹായം, 500 രൂപയ്ക്ക് എല്‍ പി ജി സിലിണ്ടറുകള്‍, സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കും, പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും എന്നിങ്ങനെയായിരുന്നു കോൺഗ്രസ് പ്രഖ്യാപനങ്ങൾ.
അതേസമയം കാടടച്ചുള്ള പ്രചരണമായിരുന്നു ബി ജെ പിയും നടത്തിയത്. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയുരത്തലുകളുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിമാരെ തന്നെ പാർട്ടി സ്ഥാനാർത്ഥികളാക്കി. മുൻനിര നേതാക്കളെയെല്ലാം തന്നെ മത്സരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കളെല്ലാം സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയിരുന്നു. ഇതെല്ലാം ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബി ജെ പി. കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചാലും ചെറുപാർട്ടികളെ ഒപ്പം നിർത്തി അധികാരം നേടാനാകുമെന്നും പാർട്ടി പ്രതീക്ഷ പുലർത്തുന്നുണ്ട്.












Click it and Unblock the Notifications