മഹാരാഷ്ട്ര കോണ്‍ഗ്രസ് ശിവസേനക്കൊപ്പം; പറ്റില്ലെന്ന് സോണിയ ഗാന്ധി, ആശയക്കുഴപ്പം
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണക്കില്ലെന്ന് എന്‍സിപി നിലപാട് വ്യക്തമാക്കിയെങ്കിലും കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുമെന്ന് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കിയെങ്കിലും ശിവസേനയെ പിന്തുണയ്ക്കണമെന്നാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് രാജ്യസഭാ എംപി ഹുസൈന്‍ ദല്‍വായ് ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി ബുധനാഴ്ച ചര്‍ച്ച നടത്തി.

ശിവസേനയെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്ന് സോണിയാ ഗാന്ധി നിലപാടെടുത്തതിന് ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ശിവസേനയെ പിന്തുണയ്ക്കുമെന്നാണ് ഹുസൈന്‍ ദല്‍വായ് പറഞ്ഞത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം തീര്‍ന്നുകൊണ്ടിരിക്കുമ്പോഴും കോണ്‍ഗ്രസ് പ്രതീക്ഷയിലാണ് എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.
ബിജെപി മുഖ്യമന്ത്രി ഇനി മഹാരാഷ്ട്രയ്ക്ക് ഉണ്ടാകരുത് എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ബിജെപിക്ക് വീണ്ടും അവസരം നല്‍കുന്നതല്ല തിരഞ്ഞെടുപ്പ് ഫലം. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും സോണിയാ ഗാന്ധിയും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടനെ എടുക്കുമെന്നും ഹുസൈന്‍ ദല്‍വായ് പറഞ്ഞു.
കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കുമെന്നാണ് ഹുസൈന്‍ ദല്‍വായ് നല്‍കുന്ന സൂചന. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വേണ്ട. ബിജെപിയെയും ആവശ്യമില്ല. ബിജെപിയെ പോലെ വര്‍ഗീയ കക്ഷിയല്ല ശിവസേനയെന്നും ഹുസൈന്‍ ദല്‍വായ് പറഞ്ഞു. എന്തുവന്നാലും ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ശിവസേനയെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ഇടപെടുന്നുണ്ട്. നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയേക്കുമെന്ന സൂചനകളും വരുന്നുണ്ട്. വെള്ളിയാഴ്ച വരെയാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം.












Click it and Unblock the Notifications