മഹാരാഷ്ട്രയിൽ ബിജെപി പിന്നോട്ട്, ഗവർണറെ കണ്ടു, സർക്കാരുണ്ടാക്കാനുളള അവകാശവാദം ഉന്നയിച്ചില്ല!
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുളള നീക്കങ്ങളില്‍ നിന്ന് ബിജെപി പിന്നോട്ട് പോകുന്നു. മുഖ്യമന്ത്രി പദവി അടക്കമുളള വിഷയങ്ങളില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന പിടിവാശി തുടരുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ പിന്നോട്ട് പോക്ക്.
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുമായി ബിജെപി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഗവര്‍ണറെ കണ്ട ബിജെപി നേതാക്കള്‍ സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദം മുന്നോട്ട് വെച്ചില്ല. ഇതോടെ മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുകയാണ്.

അയയാതെ ശിവസേന
105 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബിജെപി മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടിരിക്കുകയാണ്. സഖ്യകക്ഷിയായ ശിവസേനയെ കൂടെ നിര്‍ത്താന്‍ ഇതുവരെ ബിജെപിക്ക് സാധിച്ചിട്ടില്ല. 50: 50 ഫോര്‍മുല പ്രകാരം രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി കസേര പങ്ക് വെയ്ക്കണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന.

ബിജെപി ഗവർണറെ കണ്ടു
സംസ്ഥാനത്തെ കാവല്‍ സര്‍ക്കാരിന്റെ കാലാവധി വെള്ളിയാഴ്ചയോടെ അവസാനിക്കാനിരിക്കുകയാണ്. ഈ സമയപരിധി അവസാനിക്കുന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വരും. തുടര്‍ന്ന് മഹാരാഷ്ട്ര വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്കും നീങ്ങും. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.

സർക്കാരുണ്ടാക്കാനല്ല
എന്നാല്‍ കണക്ക് കൂട്ടലുകളെ തെറ്റിച്ച് സര്‍ക്കാരുണ്ടാക്കാനുളള നീക്കത്തില്‍ നിന്ന് ബിജെപി പിന്നോട്ട് പോയിരിക്കുകയാണ്. ഗവര്‍ണറെ കണ്ടത് സര്‍ക്കാരുണ്ടാക്കാനുളള അവകാശ വാദം ഉന്നയിക്കാന്‍ അല്ലെന്നും മറിച്ച് സര്‍ക്കാര്‍ രൂപീകരണം വൈകുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ സംസാരിക്കുന്നതിന് വേണ്ടിയാണ് എന്നുമാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചർച്ച പ്രതിസന്ധിയെ കുറിച്ച്
മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, മന്ത്രിമാരായ സുധീര്‍ മുംഗദിവാര്‍, ഗിരീഷ് മഹാജന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിയെ കുറിച്ചാണ് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത് എന്നും പാട്ടീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സമ്മർദ്ദം ഫലം കാണുന്നു
വ്യക്തമായ ജനവിധിയാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ വേഗത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും മുന്നോട്ടുളള നീക്കം എന്താണെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ചന്ദ്രകാന്ത് പാട്ടീല്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ശിവസേനയുടെ സമ്മര്‍ദ്ദ തന്ത്രം ഫലിക്കുകയാണ് എന്നാണ് ബിജെപിയുടെ ഈ പിന്നോട്ട് പോക്ക് സൂചിപ്പിക്കുന്നത്.

റിസോർട്ട് രാഷ്ട്രീയം
പ്രശ്‌നപരിഹാരത്തില്‍ ആര്‍എസ്എസ് ഇടപെടല്‍ തളളിക്കളഞ്ഞ ശിവസേന തങ്ങളുടെ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഗോവയിലും കര്‍ണാടകത്തിലും നടന്നത് പോലുളള കുതിരക്കച്ചവടം ഒഴിവാക്കാനുളള മുന്‍കരുതലും ശിവസേന കൈക്കൊള്ളുന്നുണ്ട്. സ്വതന്ത്ര എംഎല്‍എമാരെ അടക്കം മുംബൈയിലെ റിസോര്‍ട്ടിലേക്ക് ശിവസേന മാറ്റുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫട്നാവിസ് ഭരിക്കുമെന്ന് ഗഡ്കരി
മഹാരാഷ്ട്രയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ദേവേന്ദ്ര ഫട്‌നാവിസ് ആയിരിക്കും മുഖ്യമന്ത്രി എന്നുമാണ് നാഗ്പൂരിലെത്തി ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നിതിന്‍ ഗഡ്കരി പ്രതികരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പദവി എന്ന ആവശ്യം അംഗീകരിക്കാതെ സര്‍ക്കാരുണ്ടാക്കാന്‍ കൂട്ട് നില്‍ക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ നീക്കം
മുംബൈയില്‍ ഉദ്ധവ് താക്കറെ നിയമസഭാ കക്ഷി യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ബിജെപി പാര്‍ട്ടി പിളര്‍ത്തുന്നത് തടയാന്‍ ഒരുമിച്ച് നില്‍ക്കാനുളള കര്‍ശന നിര്‍ദേശമാണ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുളള നീക്കമാണ് ബിജെപിയുടേത് എന്ന് സേന നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു. ബിജെപി ഇല്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് മറ്റ് വഴികളുണ്ടെന്നും റാവുത്ത് അവകാശപ്പെട്ടു.