10 വര്‍ഷം കൊണ്ട് ഫഡ്‌നാവിസിന്റെ ആസ്തിയിലുണ്ടായത് പത്തിരട്ടി വര്‍ധന; കൂടുതല്‍ സ്വത്തുക്കള്‍ ഭാര്യയ്ക്ക്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റേയും ഭാര്യ അമൃത ഫഡ്‌നാവിസിന്റേയും ആസ്തിയില്‍ പതിന്മടങ്ങ് വര്‍ധനവ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫഡ്‌നാവിസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഫഡ്നാവിസിന്റെ വരുമാനം 1.24 ലക്ഷം രൂപയും ഭാര്യയുടെ വരുമാനം 18.27 ലക്ഷം രൂപയുമായിരുന്നു.
എന്നാല്‍ ഇത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ യഥാക്രമം 38.73 ലക്ഷം, 79.30 ലക്ഷം രൂപയായി ഉയര്‍ന്നു എന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 2019-20 നും 2023-24 നും ഇടയില്‍ ഫഡ്നാവിസ് 1.66 കോടി രൂപ സമ്പാദിച്ചു. അതേ കാലയളവില്‍ അദ്ദേഹത്തിന്റെ ഭാര്യ 5.05 കോടി രൂപയാണ് സമ്പാദിച്ചത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഫഡ്നാവിസിന് 62 ലക്ഷം രൂപയുടെ വായ്പയുമുണ്ട്.

കൂടാതെ നാല് ക്രിമിനല്‍ കേസുകളും കെട്ടിക്കിടക്കുന്നുണ്ട്. 2019 ലേയും 2024 ലേയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലമനുസരിച്ച് അമൃതയ്ക്ക് ഫഡ്‌നാവിസിനേക്കാള്‍ കൂടുതല്‍ വരുമാനവും ആസ്തിയും ഉണ്ട് എന്നതും വ്യക്തമാണ്. അഞ്ച് വര്‍ഷത്തിനിടെ 4.57 കോടി രൂപയാണ് ദമ്പതികള്‍ സമ്പാദിച്ചത്. 99 ലക്ഷം രൂപയുടെ 1.35 കിലോഗ്രാം സ്വര്‍ണവും കുടുംബത്തിന്റെ പക്കലുണ്ട്. എന്നാല്‍ നിലവില്‍ അവര്‍ക്ക് സ്വന്തമായി കാറില്ല.
അമൃതയ്ക്ക് ഷെയര്‍ മാര്‍ക്കറ്റിലും മ്യൂച്വല്‍ ഫണ്ടുകളിലും വലിയ നിക്ഷേപമുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗണ്യമായ രീതിയില്‍ ഇത് വര്‍ധിച്ചു. 2019 ല്‍ അമൃതയുടെ ഉടമസ്ഥതയിലുള്ള 2.33 കോടി രൂപയുടെ ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും 2024ല്‍ 5.62 കോടി രൂപയായി ഉയര്‍ന്നു. 2019 ല്‍ ഫഡ്നാവിസിന് 45.94 ലക്ഷം രൂപ ജംഗമ സ്വത്തുക്കളും ഭാര്യക്ക് 3.39 കോടി ജംഗമ സ്വത്തുക്കളും ഉണ്ടായിരുന്നു.
2024 ആയപ്പോഴേക്കും മൊത്തം ആസ്തി 7.52 കോടി രൂപയായി ഉയര്‍ന്നു. 2019-ല്‍ കൈവശമുണ്ടായിരുന്ന 99.39 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 5.63 കോടി രൂപയായി ഉയര്‍ന്നു. ഫഡ്‌നാവിസിനെ സത്യവാങ്മൂലത്തില്‍ പൊതുപ്രവര്‍ത്തകന്‍ എന്നും കര്‍ഷകന്‍ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അമൃതയെ പ്രൊഫഷണല്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
1992ല്‍ നിയമബിരുദം പൂര്‍ത്തിയാക്കിയ ഫഡ്നാവിസ് ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മെത്തഡ്സ് ആന്‍ഡ് ടെക്നിക്സ് ഓഫ് പ്രോജക്ട് മാനേജ്മെന്റില്‍ മാനേജ്മെന്റ് ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.












Click it and Unblock the Notifications