Maharashtra Result; മഹാരാഷ്ട്രയിൽ എക്സിറ്റ് പോൾ പ്രവചനം ഫലിക്കുന്നു? ആദ്യ ലീഡ് മഹായുതിക്ക്
മുംബൈ: മഹാരാഷ്ട്രയിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ആദ്യ ലീഡ് ബി ജെ പി നയിക്കുന്ന മഹായുതിക്ക്. 5 വോട്ടുകൾക്കാണ് മഹായുതി ലീഡ് ചെയ്യുന്നത്. എം വി എ സഖ്യം 2 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ഇക്കുറി സംസ്ഥാനത്ത് മഹായുതി സഖ്യത്തിന് കൂറ്റൻ വിജയമാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്.
288 അംഗ നിയമസഭയിൽ 147 സീറ്റുകൾ ആണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ഇക്കുറി അതിശക്തമായ മത്സരത്തിനാണ് സംസ്ഥാനം വേദിയായത്. മഹായുതി സഖ്യത്തിൽ ബി ജെ പിക്കൊപ്പം ഏക്നാഥ് ഷിൻഡെയുടെ ശിവസനേയും അജിത് പവാറിന്റെ എൻ സി പിയും ഉൾപ്പെടുന്നു. കോൺഗ്രസ് നയിക്കുന്ന മഹാവികാസ് അഘാഡി സഖ്യത്തിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരദ് പവാറിന്റെ എൻ സി പിയുമാണ് കക്ഷികൾ.

ലോക്സഭ തിരഞ്ഞെടുപ്പിലെ കൂറ്റൻ മുന്നേറ്റം ആവേശമാക്കിയാണ് മഹാവികാസ് അഘാഡി സഖ്യം തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. ലോക്സഭയിൽ ആകെയുള്ള 40 സീറ്റുകളിൽ 13 സീറ്റുകളിലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. എൻ സി പിക്ക് 8 സീറ്റുകളും ശിവസേനയ്ക്ക് നാല് സീറ്റുകളുമാണ് നേടാൻ കഴിഞ്ഞത്. 2019 നെ അപേക്ഷിച്ച് 14 ഓളം സീറ്റുകളുടെ നഷ്ടത്തിൽ 9 സീറ്റായിരുന്നു ബി ജെ പിക്ക് വിജയിക്കാൻ സാധിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ അഭിപ്രായ സർവ്വേകൾ എല്ലാം തന്നെ എം വി എയ്ക്കുള്ള വിജയ സാധ്യതയാണ് പ്രവചിച്ചിരുന്നത്. എന്നാൽ ലാഡ്ലി ബെഹൻ യോജന ഉൾപ്പെടെയുള്ള ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കാര്യങ്ങൾ മഹായുതിക്ക് അനുകൂലമാക്കി എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. 170 സീറ്റുകൾ വരെ എക്സിറ്റ് പോളുകൾ മഹായുതിക്ക് പ്രവചിച്ചിരുന്നു.
അതേസമയം എം വി എ സഖ്യം ആത്മവിശ്വാസത്തിലാണ്. എക്സിറ്റ് പോളുകൾ ഫലിക്കില്ലെന്ന് ആവർത്തിക്കുകയാണ് നേതാക്കൾ. 165 വരെ സീറ്റുകൾ നേടി അധികാരം തിരിച്ചുപിടിക്കുമെന്നാണ് മഹാവികാസ് അഘാഡി സഖ്യം അവകാശപ്പെടുന്നത്. അതിനിടെ സംസ്ഥാനത്ത് കുതിരക്കച്ചവട നീക്കം തടയാനുള്ള ശ്രമങ്ങൾ എം വി എ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. കൂറുമാറ്റം തടയാന്‍ പ്രതിപക്ഷ എം എല്‍ എമാരെ ഹോട്ടലുകളിലേക്ക് മാറ്റാനാണ് നീക്കം. ഫലം അനുകൂലമായാൽ എം എൽ എമാരെ തെലങ്കാനയിലേക്കും കർണാടകയിലേക്കും മാറ്റാനാണ് തീരുമാനം.












Click it and Unblock the Notifications