മിശ്രവിവാഹം ചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ സമിതി രൂപീകരിച്ച് മഹാരാഷ്ട്ര സർക്കാർ
മുംബൈ: കുടുംബത്തിന്റെ പിന്തുണയില്ലാതെ മതം മാറി/ ജാതി മാറി വിവാഹം ചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ച് മഹാരാഷ്ട്ര സർക്കാർ. ദമ്പതികളെ കുറിച്ചും അവരുടെ മാതൃ കുടുംബങ്ങളെ കുറിച്ചുമുള്ള വിവരങ്ങളാണ് 13 അംഗ സമിതി ശേഖരിക്കുക. ശ്രദ്ധ വാക്കർ കേസ് പോലുള്ളവ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ നടപടിയെന്ന് സമിതി തലവനും സംസ്ഥാന വനിതാ-ശിശു വികസന മന്ത്രിയുമായ മംഗൾ പ്രഭാത് ലോധ പറഞ്ഞു.

കമ്മിറ്റി ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി യോഗങ്ങൾ നടത്തുകയും ജാതി മാറിയും മതം മാറിയും വിവാഹം ചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഓളിച്ചോടിയുള്ള വിവാഹങ്ങൾ ആണെങ്കിൽ സ്ത്രീകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൗൺസിലിംഗ് ലഭിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സമിതി ഇടപെടും.
'ചില സമയങ്ങളിൽ കുടുംബാങ്ങളുടെ സമ്മതമില്ലാതെയുള്ള വിവാഹങ്ങളോടെ പെൺകുട്ടി വീട്ടുകാരുമായി അകന്ന് പോകുന്ന സാഹചര്യം ഉണ്ടാകും. അത്തരം സന്ദർഭങ്ങളിൽ കമ്മിറ്റി അംഗങ്ങൾ കൗൺസിലർമാരുടെ സഹായത്തോടെ, കുടുംബങ്ങളുമായി ബന്ധം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുകയും ചെയ്യും', മന്ത്രി പറഞ്ഞു.
ശ്രദ്ധ വാക്കർ കേസിൽ പെൺകുട്ടി ആറ് മാസം മുൻപ് മരിച്ച് പോയെന്നത് വീട്ടുകാർ പോലും അറിഞ്ഞില്ലെന്നത് പേടിപ്പെടുത്തുന്നതാണ്. അത്തരം കാര്യങ്ങൾ ഇനിയും ആവർത്തിക്കരുതെന്നാണ് സർക്കാരിന്റെ ലക്ശ്യം.
അതേസമയം സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എൻ സി പി രംഗത്തെത്തി. നടപടി തികഞ്ഞ വിഡ്ഢിത്തമാണെന്നും വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാനുള്ള യാതൊരു അവകാശവും സർക്കാരിന് ഇല്ലെന്നും എൻ സി പി വിമർശിച്ചു.
'ആര് ആരെ വിവാഹം ചെയ്തുവെന്ന് അന്വേഷിക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് സർക്കാരിന് ഉള്ളത്? പുരോഗമന ചിന്ത പുലർത്തുന്ന മഹാരാഷ്ട്രയിൽ ഓക്കാനമുണ്ടാക്കുന്ന പിന്തിരിപ്പൻ നിലപാടാണിത്. ഏത് വഴിക്കാണ് മഹാരാഷ്ട്ര ഈ പോകുന്നത്? വ്യക്തികളുടെ ജീവിതത്തിൽ നിന്നും അകന്ന് നിൽക്കൂ', എൻ സി പി എം എൽ എയും മുൻ മന്ത്രിയുമായ ജിതേന്ദ്ക അവാദ് വിമർശിച്ചു.












Click it and Unblock the Notifications