മഹാരാഷ്ട്രയില്‍ ഗോസംരക്ഷകരുടെ ആക്രമണം; ബീഫ് കടത്തിയെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് കടത്തിയെന്നാരോപിച്ചുള്ള ഗോസംരക്ഷകരുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. നാസിക് ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മുംബൈ കുര്‍ള നിവാസിയും 32 കാരനുമായ അഫാന്‍ അന്‍സാരിയാണ് കൊല്ലപ്പട്ടത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് നസീര്‍ ഷെയ്ഖ് പരിക്കുകളോടെ ആശുപത്രിയിലാണ്. കാറില്‍ മാംസം കടത്തുന്നതിനിടെ ഇവരെ ഗോസംരക്ഷകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്‍സാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല എന്ന് പൊലീസ് പറഞ്ഞു. തങ്ങള്‍ റോഡില്‍ ഒരു കാര്‍ കിടക്കുന്നത് കണ്ട് ചെന്നപ്പോള്‍ ഇരുവരും കാറിനുള്ളില്‍ പരിക്കേറ്റ് കിടക്കുകയായിരുന്നു എന്നും ഉടന്‍ അവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും സബ് ഇന്‍സ്പെക്ടര്‍ സുനില്‍ ഭാമ്രെ പറഞ്ഞു. കേസില്‍ ഇതുവരെ പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരിക്കേറ്റയാളുടെ പരാതിയില്‍ കൊലപാതകത്തിനും കലാപത്തിനും കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇവര്‍ ബീഫ് കടത്തുകയായിരുന്നോ എന്നത് ലാബ് റിപ്പോര്‍ട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 450 കിലോഗ്രാം ഇറച്ചിയുമായി മുംബൈയിലേക്ക് പോവുകയായിരുന്നു ഇരുവരും എന്നാണ് വിവരം.
ഇവരെ 10-15 പേരടങ്ങുന്ന സംഘം സിന്നാര്‍-ഘോട്ടി റോഡില്‍ വെച്ച് പിടികൂടി ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊലപാതകം, കൊലപാതകശ്രമം, കലാപം തുടങ്ങിയ കുറ്റങ്ങള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. താനും അന്‍സാരിയും അഹമ്മദ്നഗറില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നെന്നാണ് ഷെയ്ഖ് പൊലീസിനോട് പറഞ്ഞത്. സിന്നാറിലെ ഒരു ടോള്‍ പ്ലാസയില്‍ എത്തിയപ്പോള്‍ ആരോ കാറിനുള്ളില്‍ മാംസമുള്ളതായി ആരോ മനസിലാക്കി.
അവര്‍ അറിയിച്ചത് പ്രകാരമാണ് തങ്ങളുടെ കാര്‍ ആക്രമിക്കപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു. ഈ മാസം എട്ടിന് രണ്ട് കന്നുകാലി കടത്തുകാര്‍ക്ക് നേരെയും ഈ സ്ഥലത്തിന് അടുത്ത് വെച്ച് ആക്രമിച്ചിരുന്നു. നാസിക് റൂറലില്‍ ഇഗത്പുരി താലൂക്കിലെ ഗോട്ടി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം വരുന്നത്. ഗോട്ടി, സിന്നാര്‍ വാദിവാര്‍ഹെ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവര്‍ എന്ന് പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കുന്നതിനായി ഒരു കമ്മീഷന്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തിന് മാര്‍ച്ചില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. പശുവിനെയോ കാളയെയോ കയറ്റുമതി ചെയ്യാന്‍ ഉപയോഗിക്കുന്ന ഏത് വാഹനവും ഒരു അതോറിറ്റിക്ക് തടയാനും പരിശോധിക്കാനും പിടിച്ചെടുക്കാനും അധികാരമുണ്ടായിരിക്കും എന്ന് കോടതി പറഞ്ഞിരുന്നു. കശാപ്പിനായി മാംസം കടത്തുന്നതിനുള്ള നിരോധനവും കോടതി ശരിവെച്ചിട്ടുണ്ട്.












Click it and Unblock the Notifications