എന്‍സിപി പിളരുന്നു; അജിത് പവാര്‍ ബിജെപിയിലേക്ക്... ശരത് പവാറിന്റെ പ്രതികരണം ഇങ്ങനെ
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും ദേശീയ മാധ്യമങ്ങളില്‍ നിറയുന്നു. എന്‍സിപി പിളരുന്നു എന്നാണ് പുതിയ വാര്‍ത്ത. പാര്‍ട്ടിയിലെ രണ്ടാമനായ അജിത് പവാര്‍ ബിജെപിക്കൊപ്പം പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിരവധി എന്‍സിപി എംഎല്‍എമാരുടെ പിന്തുണ ഇദ്ദേഹത്തിനുണ്ടെന്നാണ് വിവരം. ഈ പ്രചാരണം ശക്തിപ്പെട്ടിരിക്കെ അജിത് പവാര്‍ ട്വിറ്ററിലെ എന്‍സിപി ലോഗോ മാറ്റി.
അതിനിടെ മഹാരാഷ്ട്ര സ്പീക്കര്‍ ജപ്പാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കുകയും ചെയ്തു. വലിയ രാഷ്ട്രീയ മാറ്റം മഹാരാഷ്ട്രയില്‍ സംഭവിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണിതെല്ലാം. അജിത് പവാര്‍ വൈകാതെ മാധ്യമങ്ങളെ കണ്ട് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചേക്കും. അതിനിടെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തുവന്നു.

അജിത് പവാര്‍ ബിജെപിക്കൊപ്പം പോകുമെന്ന വാര്‍ത്തകള്‍ ശരദ് പവാര്‍ തള്ളി. മാധ്യമങ്ങളില്‍ മാത്രമാണ് ഇത്തരം പ്രചാരണമുള്ളതെന്നും അജിത് പവാര്‍ പാര്‍ട്ടി കാര്യങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ബിജെപിക്കൊപ്പം പോയ ചരിത്രമുള്ള നേതാവാണ് അജിത് പവാര്‍. പിന്നീട് ഇദ്ദേഹത്തെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരികയായിരുന്നു.
എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചെന്ന വാര്‍ത്തകളും ശരദ് പവാര്‍ നിരസിച്ചു. എന്‍സിപിക്ക് 53 എംഎല്‍എമാരാണുള്ളത്. ഏതാനും എംഎല്‍എമാര്‍ മാത്രമാണ് ബിജെപിക്കൊപ്പം പോകുന്നതെങ്കില്‍ അയോഗ്യത വരും. മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടാല്‍ അയോഗ്യതയില്‍ നിന്ന് ഒഴിവാകും. കൂടുതല്‍ എംഎല്‍എമാരെ കൂടെ ചേര്‍ക്കാന്‍ അജിത് പവാര്‍ ശ്രമിക്കുന്നു എന്നാണ് വിവരം.
ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേയുടെ വാക്കുകളാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ചില രാഷ്ട്രീയ വിസ്‌ഫോടനങ്ങളുണ്ടാകുമെന്നും രണ്ടാഴ്ചയ്ക്കകം അതു സംഭവിക്കുമെന്നുമായിരുന്നു സുലെ നേരത്തെ പറഞ്ഞത്. അജിത് പവാര്‍ ഒരിക്കലും ബിജെപിക്കൊപ്പം പോകില്ലെന്നാണ് കരുതുന്നതെന്ന് ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെയും സഞ്ജയ് റാവതും പ്രതികരിച്ചു.
അജിത് പവാറിനെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധമുള്ള കമ്പനിയും അന്വേഷണ നിഴലിലാണ്. കരിമ്പ് ഫാക്ടറി വാങ്ങുന്നതിന് വേണ്ടി കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണമാണ് അജിത് പവാറും കമ്പനിയും നേരിടുന്നത്. 2019ല്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന നേതാവാണ് അജിത് പവാര്‍. അദ്ദേഹം ഉപമുഖ്യമന്ത്രിയും ബിജെപി നേതാവ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയുമായി സത്യ പ്രതിജ്ഞ ചെയ്യുകയുമുണ്ടായി.
48 മണിക്കൂര്‍ മാത്രമാണ് അന്ന് ഫഡ്‌നാവിസ് സര്‍ക്കാര്‍ നിലനിന്നത്. അജിത് പവാറിനെ എന്‍സിപിയും കോണ്‍ഗ്രസും സമ്മര്‍ദ്ദം ചെലുത്തി തിരിച്ചുകൊണ്ടുവരികയായിരുന്നു. എന്നാല്‍ ഇത്തവണ ചില സുപ്രധാന മാറ്റങ്ങള്‍ മഹാരാഷ്ട്രയില്‍ നടക്കുന്നുണ്ട്. ട്വിറ്റര്‍ പേജില്‍ നിന്ന് എന്‍സിപിയുടെ ലോഗോ അജിത് പവാര്‍ നീക്കിയിട്ടുണ്ട്. മാത്രമല്ല, നേരത്തെ പദ്ധതിയിട്ട ജപ്പാന്‍ സന്ദര്‍ശനം മഹാരാഷ്ട്ര സ്പീക്കര്‍ മുന്നറിയിപ്പില്ലാതെ വെട്ടിച്ചുരുക്കുകയും ചെയ്തു.
നാഗ്പൂരില്‍ മഹാവികാസ് അഗാഡി സഖ്യത്തിന്റെ വിജയാമൃത് റാലിയില്‍ പങ്കെടുത്ത അജിത് പവാര്‍ സംസാരിച്ചിരുന്നില്ല. പൂനെയില്‍ നടന്ന റാലിയില്‍ അദ്ദേഹം പങ്കെടുത്തതുമില്ല. ബിജെപി നേതാക്കള്‍ തിരക്കിട്ട് ഡല്‍ഹിയിലേക്ക് പോയതും സംശയത്തിന് ഇടയാക്കി. 15 എംഎല്‍എമാര്‍ക്കൊപ്പം അജിത് പവാര്‍ എന്‍സിപിയില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍.
ശിവസേനയില്‍ നിന്ന് ഏകനാഥ് ഷിന്‍ഡെയെയും സംഘത്തെയും അടര്‍ത്തിയെടുത്താണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. ഒരുപക്ഷേ ഷിന്‍ഡെയും സംഘവും അയോഗ്യത നേരിടാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാര്‍ വീഴാതിരിക്കാനാണ് അജിത് പവാറിനെ ബിജെപി കൂടെ ചേര്‍ക്കുന്നത് എന്നാണ് പ്രചാരണം.












Click it and Unblock the Notifications