ആഭ്യന്തരം ബിജെപിക്ക് തന്നെ, ഷിന്‍ഡെ വീണ്ടും 'കീഴടങ്ങി'; മന്ത്രിസഭാ വിഭജനം ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാരിന്റെ മന്ത്രിസഭ വിപുലീകരണം ഇന്ന്. ബിജെപിയില്‍ നിന്ന് 20 മുതല്‍ 22 വരെ എംഎല്‍എമാര്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. ശിവസേനയുടെ 10 മുതല്‍ 12 വരെ എംഎല്‍എമാരും അജിത് പവാറിന്റെ എന്‍സിപിയില്‍ നിന്ന് പത്തോളം നേതാക്കളും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ നിരവധി പുതുമുഖങ്ങള്‍ക്കായി വഴി മാറി കൊടുത്തിട്ടുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം വഹിച്ചിരുന്ന ശിവസേനയിലെ നാല് നേതാക്കളും ബിജെപിയില്‍ നിന്നുള്ള മൂന്ന് പേരും എന്‍സിപിയില്‍ നിന്നുള്ള രണ്ട് പേരും പദവി വിട്ടുനല്‍കിയിട്ടുണ്ട്. ബിജെപിയിലെ മേഘ്‌ന ബോര്‍ഡിക്കര്‍, ഗണേഷ് നായിക, നിതേഷ് റാണെ, ശിവേന്ദ്ര രാജെ ഭോസാലെ, ചന്ദ്രകാന്ത് പാട്ടീല്‍, പങ്കജ് ഭോയാര്‍, മംഗള്‍ പ്രഭാത് ലോധ, ഗിരീഷ് മഹാജന്‍, ജയകുമാര്‍ റാവല്‍, പങ്കജ മുണ്ടെ, രാധാകൃഷ്ണ വിഖേ പാട്ടീല്‍ തുടങ്ങിയവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നത്.

ശിവസേനയിലെ സഞ്ജയ് ഷിര്‍സാത്, ഉദയ് സാമന്ത്, ശംബുരാജെ ദേശായി, ഗുലാബ്രറാവു പാട്ടീല്‍, ഭരത് ഗോഗാവാലെ, സഞ്ജയ് റാത്തോഡ്, ആശിഷ് ജയ്സ്വാള്‍, പ്രതാപ് സര്‍നായിക്, യോഗേഷ് കദം, പ്രകാശ് ആബിത്കര്‍ എന്നിവരും എന്‍സിപിയിലെ അദിതി തത്കരെ, ബാബാസാഹേബ് പാട്ടീല്‍, ദത്തമാമ ബ്രാനെ, ഹസന്‍ മുഷ്രിഫ്, നര്‍ഹരി സിര്‍വാള്‍ എന്നിവരും മന്ത്രിമാരാകും.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച് ഹ്രസ്വമായ ചര്‍ച്ച നടത്തിയിരുന്നു. നിയമസഭയുടെ ശീതകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ ആഴ്ച ആദ്യം ഫഡ്നാവിസ് ബിജെപിയുടെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ആഭ്യന്തര വകുപ്പ് ബിജെപി തന്നെ ഏറ്റെടുക്കും എന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തിനായി കരുനീക്കം നടത്തിയിരുന്ന ഏക്‌നാഥ് ഷിന്‍ഡെ അവസാനം വഴങ്ങിയത് ആഭ്യന്തര വകുപ്പ് ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ഇതിനായി അമിത് ഷായുമായി ഷിന്‍ഡെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപി ആഭ്യന്തരം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്.
പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി), നഗരവികസന വകുപ്പുകള്‍ ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയേക്കുമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം, അജിത് പവാര്‍ ധനകാര്യ വകുപ്പ് നിലനിര്‍ത്തും. ഡിസംബര്‍ 5 നായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 288 ല്‍ 230 സീറ്റുകളും നേടിയാണ് മഹായുതി ഉജ്ജ്വല വിജയം ഉറപ്പിച്ചത്. ബിജെപി 132 സീറ്റുകളിലും ശിവസേന 57 സീറ്റുകളിലും എന്‍സിപി 41 സീറ്റുകളിലും വിജയിച്ചു.












Click it and Unblock the Notifications