കോച്ചിങ് സെന്റർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും; ഡൽഹിയിൽ വൻ പ്രതിഷേധം, സംഘർഷാവസ്ഥ
ഡൽഹി: രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിലെ വെള്ളക്കെട്ടിൽ മരിച്ചവരിൽ ഒരു മലയാളിയും. ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡാൽവിനാണ് മരിച്ചത്.രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്മെൻ്റിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. പുലർച്ചയോടെയാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. നവീനെ കൂടാതെ ഉത്തർപ്രദേശ് , തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികളും മരിച്ചു. സംഭവത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കോച്ചിങ് സെന്ററിലേക്ക് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാർച്ച് നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. സ്ഥലത്ത് പോലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇവിടെ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. വിദ്യാർത്ഥികളുമായി പോലീസ് ചർച്ച നടത്തുകയാണ്. തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഡൽഹി മുൻസിപ്പൽ കോർപറേഷനെതിരേയും വിദ്യാർത്ഥികൾ രംഗത്തെത്തി.

'എംസിഡി പറയുന്നത് ഇത് ഒരു ദുരന്തമാണെന്നാണ്.എന്നാൽ തികഞ്ഞ അശ്രദ്ധയാണിത്. മഴ പെയ്താൽ മുട്ടോളമാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഓട വൃത്തിയാക്കണമെന്ന് കഴിഞ്ഞ 10-12 ദിവസമായി കൗൺസിലറോട് ആവശ്യപ്പെടുന്നുവെന്നാണ് എന്റെ വീട്ടുട എന്നോട് പറഞ്ഞത്', വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആദ്യത്തെ ആവശ്യം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും യഥാർത്ഥ കണക്ക് പുറത്തുവിടണമെന്നും വിദ്യാർത്ഥി പറഞ്ഞു.
അതിനിടെ സംഭവ സ്ഥലത്ത് എത്തിയ എഎപി എംപി സ്വാതി മലിവാളിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തി. സ്വാതിക്കെതിരെ വിദ്യാർത്ഥികൾ 'ഗോ ബാക്ക്' മുദ്രാവാക്യം വിളിച്ചു. സംഭവത്തിൽ രാഷ്ട്രീയം കലർത്താൻ അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അതേസമയം ദുരന്തത്തിന്റെ ഉത്തരവാദികൾക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് സ്വാതി ആവശ്യപ്പെട്ടു.
'വിദ്യാർത്ഥികൾ വിഷമത്തിലും ദേഷ്യത്തിലുമാണ്. 12 മണിക്കൂറിലേറെയായി, ഇതുവരെ ഡൽഹി സർക്കാരിലെ ഒരു മന്ത്രിയോ എംസിഡിയുടെ മേയറോ ഒരു ഉദ്യോഗസ്ഥനോ ഇവിടേക്ക് വന്നിട്ടില്ല. ഈ മരണങ്ങൾ ഒരു ദുരന്തമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു, ഇത് കൊലപാതകമാണ്, ഉത്തരവാദികളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം, മരിച്ച എല്ലാ വിദ്യാർത്ഥികൾക്കും 1 കോടി രൂപ നഷ്ടപരിഹാരം നൽകണം. മേയർ ഉടൻ ഇവിടെ വന്ന് അവരോട് മാപ്പ് പറയണം', സ്വാതി പറഞ്ഞു.
ബിജെപിയും ആം ആദ്മിക്കെതിരെ രംഗത്തെത്തി. 'അരവിന്ദ് കെജ്‌രിവാളിൻ്റെയും അതിഷിയുടെയും അവരുടെ സർക്കാരിൻ്റെയും അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. 'ഓട എന്തുകൊണ്ടാണ് വൃത്തിയാക്കാതിരുന്നതെന്ന് അന്വേഷിക്കണം. അവർ അന്വേഷണത്തിന് ഉത്തരവിടുമോ?', അദ്ദേഹം ചോദിച്ചു.
അപകടസമയത്ത് 30 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലുള്ള ലൈബ്രറിയിൽ ഉണ്ടായിരുന്നത്. 14 ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ കുടുങ്ങിയത്, ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. കുടുങ്ങിയവരം പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചു.












Click it and Unblock the Notifications