ഖാർഗെ നയിക്കും, പക്ഷെ കോണ്‍ഗ്രസ് കരകയറുമോ: പ്രതീക്ഷയുണ്ട്, അതിലേറെ വെല്ലുവിളികളും
ദില്ലി: കാല്‍നൂറ്റാണ്ടിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന നേതാവായി മാറുകയാണ് മല്ലികാർജ്ജുന്‍ ഖാർഗെ. 1998 ല്‍ സീതാറാം കേസരി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആറ് തവണ സോണിയ ഗാന്ധിയും ഒരു തവണ രാഹുല്‍ ഗാന്ധിയുമായിരുന്നു അധ്യക്ഷസ്ഥാനത്ത്.
കർണാടകയില്‍ നിന്നുള്ള ദളിത് നേതാവായ ഖാർഗെയ്ക്ക് പാർലമെന്ററി രാഷ്ട്രീയത്തിലും സംഘടനാ രാഷ്ട്രീയത്തിലും മികച്ച അനുഭവ സമ്പത്താണുള്ളത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ 7897 വോട്ടുകള്‍ നേടിയാണ് ഖാർഗെ വിജയം നേടിയത്. തരൂരിന് 1072 വോട്ടുകളും ലഭിച്ചു.

ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന കാര്യ പല തവണ വ്യക്തമാക്കിയപ്പോഴും ഏവരും സ്വാഭാവികമായി ഉറ്റുനോക്കിയത് രാഹുല്‍ ഗാന്ധിയിലേക്കായിരുന്നു. എന്നാല്‍ 2019 ല്‍ ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അധ്യക്ഷ പദവി ഒഴിഞ്ഞ രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി ആ കസേരയിലേക്ക് എത്താന്‍ തയ്യാറായില്ല.

രാഹുല്‍ ഇല്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും രാഹുലും സോണിയയും അതിനും തയ്യാറായില്ല. പാർട്ടിയിലെ ന്യൂനപക്ഷമെങ്കിലും ഒരു വിഭാഗം ആവശ്യപ്പെടുന്ന ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടേയെന്ന നിലപാടായിരുന്നു രാഹുലിന്. അവസാനം വരെ അദ്ദേഹം ആ നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് ഖാർഗെ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്.

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആർക്കും പിന്തുണയില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിരുന്നെങ്കിലും കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമായിരുന്നു. ആദ്യഘട്ടത്തില്‍ ഭാരത് ജോഡോ യാത്രയില്‍ നിന്നടക്കം സ്ഥാനാർത്ഥികളെ മാറ്റി നിർത്തിയെങ്കിലും ഏറ്റവും അവസാനം ഖാർഗയെ യാത്രയിലേക്ക് വിളിച്ച് വരുത്തി ഒപ്പം നിർത്തി രാഹുല്‍ ഗാന്ധി തന്നെ വ്യക്തമായ സൂചന എല്ലാവർക്കും നല്‍കി. അങ്ങനെ ഔദ്യോഗിക വിഭാഗത്തിന്റെ അനൌദ്യോഗിക സ്ഥാനാർത്ഥിയായി ഖാർഗെ മാറി.

സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഖാർഗെ എത്തുമ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷയും ആശങ്കയും ഒരുപോലെയുണ്ട്. ഖാർഗെ അധ്യക്ഷനായി നില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ജനകീയ വിഷയങ്ങളില്‍ കൂടുതലായി ഇടപെട്ട് പാർട്ടിയുടെ ജനകീയ മുഖമായി മാറാന്‍ സാധിക്കും. ഭാരത് ജോഡോ യാത്രയിലൂടെ അത്തരത്തിലുള്ള ശ്രമങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷ നല്‍കുന്നുമുണ്ട്.
ഹോട്ടലിന് മുകളില്‍ നിന്നും വീണ ഭാരതി മുതല്‍ ദീപ വരെ: അപ്രതീക്ഷിതമായ വിടപറഞ്ഞ താരങ്ങള്‍

ഗാന്ധി കുടുംബത്തിന്റെ കടുത്ത വിശ്വസ്തനായ ഖാർഗെ റിമോട്ട് കണ്‍ട്രോളില്‍ പ്രവർത്തിക്കുന്ന അധ്യക്ഷനാവുമോയെന്നതും ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. ഗാന്ധി കുടുംബത്തിന്റെ 'പിടി'യില്‍ നിന്നും മുക്തമായി ഒരു സ്വതന്ത്ര അധ്യക്ഷനാവുക എന്നുള്ളതാണ് ഖാർഗയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അദ്ദേഹം എടുക്കുന്ന എതൊരു തീരുമാനവും ഈ തലത്തില്‍ നിന്നുകൊണ്ടായിരിക്കും വിലയിരുത്തപ്പെടുക.

വിവിധ സംസ്ഥാനങ്ങളില്‍ തകർന്നടിഞ്ഞ സംഘടന സംവിധാനങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നുള്ളതാണ് ഖാർഗയ്ക്ക് മുന്നിലുള്ള മറ്റൊരു പ്രധാന വെല്ലുവിളി. തുടർച്ചയായ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം. അംഗീകൃത പ്രധാന പ്രതിപക്ഷ പാർട്ടിയാകാൻ പോലും കഴിയാത്തത്, പല സംസ്ഥാനങ്ങളിലെയും, പ്രത്യേകിച്ച് ഉത്തർപ്രദേശിലെ നാണംകെട്ട തോൽവികൾ, ശക്തമായ പ്രാദേശിക പാർട്ടികള്‍ തുടങ്ങി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയുടെ ഘട്ടത്തിലൂടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന അവസരത്തിലാണ് ഖാർഗെ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പും അതിന് മുമ്പായി നിരവധി സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളുമാണ് ഖാർഗെയ്ക്ക് മുന്നിലുള്ള ഏറ്റവും അടുത്ത പരീക്ഷണ ഘട്ടങ്ങള്‍. ഇതിനകം പ്രഖ്യാപിച്ച ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പും ഡിസംബറിൽ ഷെഡ്യൂൾ ചെയ്യാനിരിക്കുന്ന മോദി-ഷായുടെ തട്ടകമായ ഗുജറാത്തിലെ തിരഞ്ഞെടുപ്പും ഇവയിൽ ഉൾപ്പെടുന്നു. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പും അടുത്ത ആറ് മാസത്തിനുള്ളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കർണാടക, തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കും. ഇത്തരത്തില്‍ നിരവധി വെല്ലുവിളികള്‍ക്ക് ഇടയിലേക്കാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റും ചുമതലയേല്‍ക്കുന്നത്. എല്ലാത്തിനും ഉപരിയായി 2024 തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെടാവുന്ന പേരുകളില്‍ ഒന്നും ഖാർഗയുടേതാവും.












Click it and Unblock the Notifications