വാരാണാസിയിൽ ബിജെപിയെ വിറപ്പിക്കും; മോദിയുടെ തട്ടകത്തിലേക്ക് മമതയും അഖിലേഷും ജയന്തും
ദില്ലി; മോദിയുടെ തട്ടകമായ വാരാണാസിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷിനൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആർ എൽ ഡി തലവൻ ജയന്ത് ചൗധരിയും എത്തും. വാരാണസിയിലെ ഹർഹുവ ബ്ലോക്കിലെ എയർഹെ ഗ്രാമത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും നേതാക്കളുടെ സംയുക്ത റാലി.
നേരത്തേ മമതയും അഖിലേഷും വാരണാസിയിൽ സംയുക്ത റാലി നടത്തിയിരുന്നു. അന്ന് ബിജെപിയെ കടന്നാക്രമിച്ച മമത ബിജെപിയെ പുറത്താക്കാൻ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് റാലിയിൽ ആവശ്യപ്പെട്ടിരുന്നു. പടിഞ്ഞാറൻ യുപിയിൽ ശക്തായ സാന്നിധ്യമുള്ള ആർഎൽഡി ഇത്തവണ എസ് പിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്.

മാർച്ച് 7 നാണ് വാരണാസിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മോദിയുടെ തട്ടകമായ വാരണാസിയിൽ 8 ൽ 8 മണ്ഡലങ്ങളിലും വിജയിക്കാൻ ബി ജെ പി സഖ്യത്തിന് സാധിച്ചിരുന്നു. 6 സീറ്റുകളിൽ ബി ജെ പിയും സഖ്യകക്ഷിയായ എസ് ബി എസ് പി, അപ്നാദൾ എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതവുമായിരുന്നു നേടിയത്. ഇത്തവണ രണ്ട് സീറ്റിൽ അപ്നാദളും ആറ് സീറ്റിൽ ബി ജെ പിയുമാണ് മത്സരിക്കുന്നത്
ഇത്തവണ ശക്തമായ മത്സരത്തിനാണ് ഇവിടെ കളമൊരുങ്ങിയിരിക്കുന്നത്. ബി ജെ പിയെ സംബന്ധിച്ച് അഭിമാന പോരാട്ടമായതിനാൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് വാരാണാസിയിൽ പ്രചാരണം നടത്തുന്നത്. മൂന്ന് ദിവസം മണ്ഡത്തിൽ മോദി പ്രചരണം നയിക്കും. വ്യാഴാഴ്ചയാണ് മോദിയും മണ്ഡലത്തിൽ എത്തുന്നത്.
കേന്ദ്രമന്ത്രിയും യു പിയുടെ ചുമതലയുള്ള ധർമ്മേന്ദ്ര പ്രധാനും ഒരാഴ്ചയായി ഇവിടെ പ്രചരണം നടത്തുന്നുണ്ട്. മാർച്ച് അഞ്ച് വരെ അദ്ദേഹം മണ്ഡലത്തിൽ തുടരും. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിൽ എത്തും.
ലോക്‌സഭാ എംപിയും ബിജെപി യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ തിങ്കളാഴ്ച മണ്ഡലത്തിൽ പ്രചരണം നടത്തിയിരുന്നു. വാരണാസിയിൽ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം പ്രചാരണവും അസ്സി ഘട്ടിന് സമീപം പദയാത്രയും നടത്തിയിരുന്നു. അതേസമയം നാളെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വാരണാസിയിൽ പ്രചരണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications