അംബേദ്കര്‍ വിഷയം കത്തിക്കാന്‍ പ്രതിപക്ഷം; ബംഗാളില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് മമത
കൊല്‍ക്കത്ത: അംബേദ്കര്‍ വിഷയത്തില്‍ ബിജെപിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും. ഭരണഘടനാ ശില്‍പിയായ അംബേദ്കിെ അപമാനിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഡിസംബര്‍ 23 ന് ബി ജെ പിക്കെതിരെ പശ്ചിമ ബംഗാളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അംബേദ്കറിനെയും ഭരണഘടനാ കരട് സമിതിയിലെ മറ്റ് അംഗങ്ങളെയും കുറിച്ച് അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് മമത ബാനര്‍ജി ആരോപിച്ചു. ഇന്ത്യയുടെ ജനാധിപത്യത്തോടുള്ള അവഹേളനവും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണവുമാണ് ഇത് എന്നും മമത ബാനര്‍ജി പറഞ്ഞു.

'നമ്മുടെ ഭരണഘടനാ നിര്‍മ്മാതാവ് ബാബാസാഹെബ് അംബേദ്കറെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല! ഈ ജാതീയമായ ബിജെപി സര്‍ക്കാര്‍ നമ്മുടെ ജനാധിപത്യത്തെ നിരന്തരം ആക്രമിക്കുന്നു,' മമത ബാനര്‍ജി പറഞ്ഞു. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ ദളിത് വിരുദ്ധ അജണ്ടയെ തുറന്നുകാട്ടുന്നുവെന്നും അവര്‍ അവകാശപ്പെട്ടു. ഭരണഘടനയുടെ നട്ടെല്ലിന് നേരെയുള്ള ആക്രമണമാണിത് എന്നും മമത പറഞ്ഞു.
ദളിത്, ഗോത്ര വിഭാഗങ്ങളോടുള്ള വഞ്ചനയാണിത് എന്നും പശ്ചിമ ബംഗാളിലെ ജനങ്ങളെല്ലാവരും പ്രതിഷേധത്തില്‍ പങ്കുചേരണം എന്നും മുഖ്യമന്ത്രി പറഞ്ഞു. അംബേദ്കറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളിലും സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചതിലും പ്രതിഷേധിച്ച് ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും വാര്‍ഡുകളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും.
ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും ബിജെപിയുടെ സ്വേച്ഛാധിപത്യത്തെയും ഗൂഢാലോചനകളെയും ചെറുക്കാനും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മമത ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബിജെപി ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യത്തെയും തുരങ്കം വയ്ക്കുന്നു എന്നും മമത കുറ്റപ്പെടുത്തി. ഫെഡറലിസത്തിനും സാമൂഹിക നീതിക്കും എതിരായ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തേയും കേന്ദ്ര സര്‍ക്കാരിനെതിരെ മമത പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
'ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയുടെ സമാപനത്തില്‍ രാജ്യസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം. രാഷ്ട്രീയ വ്യവഹാരങ്ങളില്‍ അംബേദ്കറെ കുറിച്ച് പതിവായി പരാമര്‍ശിക്കുന്നതിനെ സൂചിപ്പിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയെന്നും അംബേദ്കര്‍ എന്നതിന് പകരം പലതവണ ദൈവനാമം ഉച്ഛരിച്ചിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കുമായിരുന്നു എന്നുമാണ് അമിത് ഷാ പറഞ്ഞിരുന്നത്.












Click it and Unblock the Notifications