ഗുജറാത്ത് പോലീസ് വിവാദത്തില്‍, നാലു മണിക്കൂര്‍ ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു
25കാരന്‍ ബവേഷ് റാത്തോഡാണ് ആത്മഹത്യ ചെയ്തത്
അഹമ്മദാബാദ്: യുവാവിന്റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസ് വീണ്ടും വിവാദത്തില്‍. അടിപിടി കേസുമായി ബന്ധപ്പെട്ട് നാലു മണിക്കൂറോളം ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തതാണ് ഗുജറാത്ത് പോലീസിന് തലവേദനയായിരിക്കുന്നത്. 25കാരന്‍ ബവേഷ് റാത്തോഡാണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ ഉദാനയിലെ മദ്യവില്‍പ്പനശാലയിലെ ജോലിക്കാരനാണ് ഇയാള്‍.

മദ്യവില്‍പനശാലയുടെ ഉടമ റസാഖ് ഷെയ്ഖ് ഉള്‍പ്പെട്ട ഒരു കേസിലാണ് ബവേഷിനെ പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ലിമ്പായത്ത് മേഖലയില്‍ നടന്ന വിവാഹത്തിനിടെ റസാഖ് ഷെയ്ഖ് കുറച്ച് യുവാക്കളുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കത്തിനൊടുവില്‍ ഷെയ്ഖ് യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 20ഓളം വാഹനങ്ങള്‍ ഇയാള്‍ തകര്‍ക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം ഇവിടെ നിന്ന് രക്ഷപ്പെട്ട റസാഖിനെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് റസാഖിന്റെ കടയിലെ ജോലിക്കാരനായിരുന്ന ബവേഷിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. നാലു മണിക്കൂര്‍ ചോദ്യം ചെയ്ത് ഇയാളെ വിട്ടയച്ചെങ്കിലും വീട്ട് വിട്ട് പോകരുതെന്ന് ഇയാള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. പിന്നീട് വീട്ടിലെത്തിയ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. അതേസമയം മരണത്തെ തുടര്‍ന്ന് ഇയാളുടെ ബന്ധുക്കളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മരണകാരണമെന്താണെന്ന് അറിയില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications