കോണ്‍ഗ്രസോ ബിജെപിയോ? മണിപ്പൂരില്‍ ഇഞ്ചോടിച്ച് മത്സരമെന്ന് എ ബി പി ന്യൂസ് - സീ വോട്ടര്‍ സര്‍വേ
ഇംഫാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ഇഞ്ചോടിഞ്ച് മത്സരമെന്ന് എ ബി പി ന്യൂസ് - സീ വോട്ടര്‍ സര്‍വേ. ബി ജെ പിയും കോണ്‍ഗ്രസും യഥാക്രമം 36%, 33% വോട്ട് വിഹിതം നേടുമെന്നാണ് സര്‍വേയില്‍ പറയുന്നത്.
കോണ്‍ഗ്രസിനേക്കാള്‍ മുന്നിലാണെങ്കിലും നേരിയ മേല്‍ക്കോയ്മ മാത്രമാണ് ബി ജെ പിയ്ക്ക് ലഭിക്കുന്നത് എന്നാണ് സര്‍വേയില്‍ പറയുന്നത്. നേരത്തെ പുറത്തുവന്ന സര്‍വേയില്‍ ബി ജെ പിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പ്രവചനം.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബി ജെ പിയ്ക്ക് 25 സീറ്റും കോണ്‍ഗ്രസിന് 24 സീറ്റുമായിരിക്കും ലഭിക്കുയെന്നാണ് പ്രവചനം. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് നാല് സീറ്റും മറ്റുള്ളവര്‍ക്ക് ഏഴ് സീറ്റുമാണ് പ്രവചിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന അഭിപ്രായഫലത്തിന് സമാനമായാണ് തെരഞ്ഞെടുപ്പ് ഫലമെങ്കില്‍ എന്‍ പി എഫിനും മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സീറ്റുകള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും.
ഫെബ്രുവരി 27, മാര്‍ച്ച് മൂന്ന് തീയതികളിലാണ് രണ്ടു ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. എന്‍ ബീരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരാണ് നിലവില്‍ മണിപ്പൂരില്‍ അധികാരത്തിലുള്ളത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിന് അധികാരത്തിലെത്താനായിരുന്നില്ല.
28 സീറ്റുകളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ 21 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബി ജെ പി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി), നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍ പി എഫ്), ലോക് ജനശക്തി പാര്‍ട്ടി (എല്‍ ജെ പി) എന്നിവരുമായി സഖ്യമുണ്ടാക്കിമണിപ്പൂരില്‍ അധികാരത്തിലേറുകയായിരുന്നു.
60 അംഗ നിയമസഭ പിടിക്കാന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വന്‍ പ്രോജക്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്. ആരോഗ്യം, റോഡ്, മൈബൈല്‍ കണക്ടിവിറ്റി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളിലൂന്നിയാണ് ബി ജെ പിയുടെ പ്രചരണം. ഇതെല്ലാം വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി നേതൃത്വം.
ആര്‍ എസ് എസിന്റെ വിശ്വസ്തനായ നിലവിലെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി തോങ്കാം ബിശ്വജത്തായിരിക്കാം ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായ ബീരേന്‍ സിംഗിനെ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ബിശ്വജിത്ത്.
അതേസമയം മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടതും കൂറുമാറിയതുമാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തുന്നത്. സൈനിക നിയമമായ അഫ്‌സപ ഉള്‍പ്പടെയുള്ളവ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രചരണം. ഇത്തവണ തനിച്ച് മത്സരിക്കുമെന്നാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എന്‍ പി പിയുടെ ശ്രമം.












Click it and Unblock the Notifications