മണിപ്പൂർ സംഘർഷം: സോരംതംഗയെ വിളിച്ച് ബിരേന്‍ സിങ്, ബിജെപി എംഎല്‍എമാർ ഡല്‍ഹിയില്‍
ഇംഫാല്‍: മണിപ്പുരില്‍ സംഘർഷം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങ് മിസോറം മുഖ്യമന്ത്രി സോരംതംഗയുമായി ഫോൺ സംഭാഷണം നടത്തി. മിസോറാമിലെ മെയ്തേയ് സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സംഭാഷണത്തിനിടെ ബിരേൻ സിങ്ങ് സോരംതംഗയോട് ആവശ്യപ്പെട്ടു. മണിപ്പൂർ കഴിഞ്ഞാല്‍ മെയ്തേയ് വിഭാഗത്തിനും കുക്കികള്‍ക്കും നിർണ്ണായക സ്വാധീനമുള്ള സംസ്ഥാനമാണ് മിസോറാം.
കലാപം അമർച്ചചെയ്യാൻ ബിരേൻ സിങ് സഹായമാവശ്യപ്പെട്ടെന്ന് സോരംതംഗയും ട്വീറ്റുചെയ്തു. 'മിസോറാമിലെ ജനങ്ങൾ മെയ്തേയി സമൂഹത്തോട് അനുഭാവമുള്ളവരാണ്. സർക്കാരും എൻജിഒകളും സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മണിപ്പൂർ മുഖ്യമന്ത്രിയെ ഞാൻ അറിയിച്ചു. അതിനാൽ, മിസോറാമിൽ താമസിക്കുന്ന മെയ്തേയ് വിഭാഗത്തിന്, അവർ മിസോറാമിൽ ഉള്ളിടത്തോളം കാലം ഭയപ്പെടേണ്ടതില്ല. അവരുടെ സുരക്ഷ ഞങ്ങള്‍ ഉറപ്പ് വരുത്തും' - സോരംതംഗ ട്വീറ്റിലൂടെ വ്യക്തമാക്കി.

മണിപ്പൂരിലെ അക്രമത്തെത്തുടർന്ന് പാലായനം ചെയ്ത കുക്കി സമുദായത്തിൽ നിന്നുള്ള പതിനായിരത്തിലേറെ ആളുകള്‍ മിസോറാമിലേക്കായിരുന്നു കുടിയേറിയത്. മണിപ്പൂരിലെ മെയ്തേയ് സമുദായത്തിൽ നിന്നുള്ള നിരവധി ബിജെപി നിയമസഭാംഗങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഡല്‍ഹിയിലെത്തിയ സാഹചര്യത്തിലാണ് മിസോറാമിലെ മെയ്തികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബിരേന്‍ സിങ് ആവശ്യപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. മണിപ്പൂർ മുഖ്യമന്ത്രിയും ഈയാഴ്ച ഡൽഹിയിലെത്തി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയേക്കും.
അതേസമയം, മണിപ്പൂരിലെ സംഘർഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദത പാലിക്കുന്നുവെന്ന് ആരോപിച്ചുള്ള വിമർശനവും ശക്തമാണ്. ഞായറാഴ്ച, ഇംഫാൽ വെസ്റ്റിലെ നിരവധി ആളുകൾ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിനിടെ പ്രതിഷേധിക്കുകയും മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൗനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. റേഡിയോ ട്രാൻസിസ്റ്ററുകൾ തകർത്ത പ്രതിഷേധക്കാർ, "മൻ കി ബാത്ത് ഇല്ല, മണിപ്പൂർ കി ബാത്ത്" ആണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.
മണിപ്പൂരിലെ കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും, കേന്ദ്ര ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആർ എസ് എസ് നേതൃത്വവും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കലാപം ഈ വിധം നീളുന്നത് അസ്വസ്ഥപ്പെടുത്തുവെന്നാണ് ആർ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും ഏറെ നാളായി പ്രതിഷേധവുമായി രംഗത്തുണ്ട്.












Click it and Unblock the Notifications