മണിപ്പൂരിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; എക്സിറ്റ് പോൾ ഫലങ്ങൾ
ദില്ലി; ഇക്കുറി മണിപ്പൂരിൽ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. അഞ്ച് സർവ്വേകളാണ് ബി ജെ പിക്ക് അനുകൂലമായ പ്രവചനം നടത്തിയത്. 20 നും 30 നും ഇടയിൽ സീറ്റുകൾ ആണ് മിക്ക സർവ്വേകളും പ്രവചിക്കുന്നത്.
ഇന്ത്യ ടിവി 23 മുതൽ 28 സീറ്റ് വരെയാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്. സർവ്വേ പ്രകാരം കോൺഗ്രസ് 10 മുതൽ 14 സീറ്റ് വരെ ലഭിക്കും. ഇന്ത്യ ടിവി-ഗ്രൗണ്ട് സീറോ റിസർച്ച് സർവ്വെ - ബി ജെ പി 23-28, കോൺഗ്രസ് 12-17, ന്യൂസ് 18 പി മാർക്ക് ബി ജെ പി-27-31, കോൺഗ്രസ് 11-17, സീ ന്യൂസ് ഡിസൈൻ ബോക്സ്ഡ് ബി ജെ പി 32-38, കോൺഗ്രസ് 12-17 എന്നിങ്ങനെയാണ് പ്രവചനങ്ങൾ.

2017 ൽ സംസ്ഥാനത്ത് കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 60 അംഗ സഭയിൽ 28 സീറ്റായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ഇതോടെ കോൺഗ്രസ് അധികാരത്തിലേക്ക് എന്ന് ഉറപ്പിച്ചിരിക്കേയാണ് പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ബി ജെ പി തന്ത്രപരമായി അധികാരം പിടിച്ചെടുത്തത്. അന്ന് നാഷ്ണൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്), ലോക് ജനശക്തി പാർട്ടി (എൽ ജെ പി) എന്നിവരുടെ പിന്തുണയോടെയായിരുന്നു ബി ജെ പി ഭരണം നേടിയത്. അതേസമയം ഇത്തവണ നാഷ്ണൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്)എന്നിവർ ബി ജെ പിക്കൊപ്പം ഇല്ല. ഇവർ തനിച്ചാണ് മത്സരിച്ചത്.
കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്. തൂക്കുസഭ ഉണ്ടായാൽ കഴിഞ്ഞ തവണത്തേതിന് സമാനമായി പ്രാദേശിക കക്ഷികളുടെ നിലപാടായിരിക്കും നിർണായകമാകുക. നാഷ്ണൽ പീപ്പിൾസ് പാർട്ടിയുടെ നിലപാടായിരിക്കും ഇക്കുറി ഉറ്റുനോക്കുക. 38 സീറ്റിലാണ് പാർട്ടി ഇക്കുറി മത്സരിക്കുന്നത്. കൂടുതൽ സീറ്റ് നേടി ഫലം വന്നതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ആരെ പിന്തുണയ്ക്കുമെന്ന് തിരുമാനിക്കുമെന്നാണ് നിലവിൽ പാർട്ടി നേതൃത്വം വ്യക്തമാക്കിയത്. ബിഹാറിൽ എൻ ഡി എ സഖ്യകക്ഷിയായ എൽ ജെ ഡിയും സംസ്ഥാനത്ത് നിർണായക ശക്തിയായേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.












Click it and Unblock the Notifications