കേന്ദ്രത്തെ വിശ്വാസമില്ല; കുക്കികളും മെയ്തികളും ചര്‍ച്ചയ്ക്കില്ല, മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: മണിപ്പൂരില്‍ കലാപം ഉടന്‍ അവസാനിക്കില്ലെന്ന് സൂചന. കേന്ദ്രം നടത്തുന്ന സമാധാന നീക്കങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമാധാന കമ്മിറ്റി വന്‍ പരാജയമായി മാറിയിരിക്കുകയാണ്. മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉക്കെയുടെ നേതൃത്വത്തിലുള്ളതാണ് കമ്മിറ്റി. കുക്കി-മെയ്തി സമുദായത്തിലെ പ്രബലരായ നേതാക്കളൊന്നും ഇതുവരെ സമാധാന ചര്‍ച്ചകളുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല.
കുക്കി സായുധ സംഘങ്ങളുമായി രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.ഇവര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മെയ്തി പൗരസമൂഹവുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കിടയില്‍ പരസ്പരം വിശ്വാസം രൂപപ്പെട്ടിട്ടില്ല. അതുകൊണ്ട് ചര്‍ച്ചകള്‍ വിജയം കാണാന്‍ മാസങ്ങള്‍ എടുത്തേക്കും. മണിപ്പൂര്‍ സര്‍ക്കാരും, മെയ്തി സമൂഹവും, മണിപ്പൂരിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന നിലപാടിലാണ്.

അതേസമയം കുക്കി വിഭാഗക്കാര്‍ മെയ്തികളുടെ രാഷ്ട്രീയ സ്വാധീനത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. നാല്‍പ്പതോളം എംഎല്‍എമാര്‍ അവര്‍ക്കുണ്ട്. പ്രത്യേക ഭരണകൂടത്തിലൂടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാവൂ എന്നാണ് കുക്കി വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പ്രത്യേക ഭരണകൂടത്തെ മണിപ്പൂര്‍ സര്‍ക്കാര്‍ എതിര്‍ക്കുന്നുണ്ട്. സുരക്ഷാ സേനയില്‍ കുക്കികള്‍ക്കും മെയ്തികള്‍ക്കും ഒട്ടും വിശ്വാസമില്ല. മണിപ്പൂര്‍ പോലീസ് വിവേചനപരമായി പെരുമാറുന്നുവെന്നാണ് കുക്കികളുടെ നിലപാട്.
അസം റൈഫിള്‍സ്, കേന്ദ്ര സേനകള്‍, എന്നിവരെ മെയ്തികളും അവിശ്വസിക്കുന്നു. കേന്ദ്ര സേനകള്‍ മണിപ്പൂരില്‍ അനിശ്ചിതമായി തുടരാന്‍ പാടില്ലെന്നാണ് ഇവരുടെ നിലപാട്.പോലീസ് സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കണമെന്നും, അസം റൈഫിള്‍സ് മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ കാര്യങ്ങള്‍ നോക്കണമെന്നുമാണ് മെയ്തികളുടെ ആവശ്യം. അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മയെയാണ് ബിജെപി മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നിയോഗിച്ചത്. പക്ഷേ അദ്ദേഹത്തെ മെയ്തികള്‍ വിശ്വസിക്കുന്നില്ല.
ഹിമന്തയും, കുക്കി വിമത ഗ്രൂപ്പുകളും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ മെയ്തികള്‍ ഹിമന്തയെ വിശ്വസിക്കുന്നില്ല. ബിജെപിയും, കേന്ദ്ര സര്‍ക്കാരും ഒരുപോലെ ഈ വിഷയത്തില്‍ നിസ്സഹായാവസ്ഥയിലാണ് നില്‍ക്കുന്നത്. ബിരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് കുക്കി ഗ്രൂപ്പുകള്‍. എന്നാല്‍ മെയ്തി വിഭാഗക്കാരില്‍ ഭൂരിപക്ഷവും അദ്ദേഹത്തെയാണ് പിന്തുണയ്ക്കുന്നത്.
മണിപ്പൂരിലെ ഏറ്റവും ആദിവാസി വിഭാഗമായ നാഗകള്‍ സംഘര്‍ഷത്തിലൊന്നും ഇടപെടാതെ മാറി നില്‍ക്കുകയാണ്. ഇവരുടെ പാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് ബിരേന്‍ സിംഗിനെയാണ് പിന്തുണയ്ക്കുന്നത്. ഇവര്‍ കേന്ദ്ര സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. മിസോറാം മുഖ്യമന്ത്രിയുടെ ഇടപെടലോടെ മണിപ്പൂരില്‍ സര്‍ക്കാരും, മെയ്തികളും കടുത്ത അതൃപ്തിയിലാണ്. മിസോ ആദിവാസികള്‍ക്ക് കുക്കി, സോ, ചിന്‍ വിഭാഗങ്ങളുമായി അടുത്ത ബന്ധമുണ്ട്. മ്യാന്മറില്‍ നിന്നും മണിപ്പൂരില്‍ നിന്നും ചിതറി തെറിച്ചവര്‍ക്ക് മിസോറാം സംരക്ഷണം ഒരുക്കുന്നുണ്ട്.












Click it and Unblock the Notifications