മണിപ്പൂർ കലാപം; 35 കുക്കി വിഭാഗക്കാരുടെ സംസ്കാര ചടങ്ങുകൾ തടഞ്ഞ് മെയ്തെയ് സംഘടന
ഇംഫാൽ: മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ മൃതേദഹം സംസ്കാരിക്കാനുള്ള ഒരുക്കങ്ങൾ തടഞ്ഞ് മെയ്തെയ് വിഭാഗം. ചുരചന്ദ്പൂർ ജില്ലയിലാണ് സംഭവം. കുക്കി വിഭാഗക്കാരയ 35 പേരുട മൃതദേഹം സംസ്കരിക്കുന്നതിനെതിരെയാണ് മെയ്തെയ് വിഭാഗം എതിർപ്പുമായി രംഗത്തെത്തിയത്. സംസ്കാരം അനുവദിക്കില്ലെന്നും സ്വന്തം പ്രദേശത്ത് സംസ്കാരം നടത്തണമെന്നുമാണ് മെയ്തെയ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ചുരചന്ദ്പൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ ബൊൽജാങ്ങിൽ സംസ്കാരം നടത്താനായിരുന്നു കുക്കികളുടെ സംഘടനയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ (ഐടിഎൽഎഫ്) തീരുമാനം. ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 35 പേരുടെ മൃതദേഹങ്ങളായിരുന്നു സംസ്കരിക്കാനുണ്ടായിരുന്നത്.എന്നാൽ പ്രദേശം തങ്ങളുടെ ഭൂരിപക്ഷ മേഖലയാണെന്നം സംസ്കാരം നടത്തിയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മെയ്തേയ് വിഭാഗത്തിന്റെ സംഘടനയായ കോ ഓർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (കൊകോമി) മുന്നറിയിപ്പ് നൽകുകയായിരുന്നു.

'മെയ്തേയ് വിഭാഗത്തെ കുടിയൊഴിപ്പിച്ച സ്ഥലത്ത് പുതുതായി ഉണ്ടാക്കിയ ശ്മശാനത്തിൽ മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്യുന്നത് ഇരുവിഭാഗത്തിലുമുള്ള ആളുകളുടെ വികാരത്തെ പ്രകോപിപ്പിക്കുമെന്ന് മാത്രമല്ല രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള ശത്രുതയ്ക്കും വഴിവെക്കും', എന്നായിരുന്നു കൊകോമി സംഘടന പ്രസ്താവനയിൽ പറഞ്ഞത്. സ്ഥിതി വഷളാകുന്നതിന് മുൻപ് സംസ്കാര നടപടികൾ നിർത്തിവെക്കണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം മെയ്തേയ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്കാര നടപടികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐ ടി എൽ എഫ് ചുരചന്ദ്പൂർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് കത്ത് നൽകി. ആരെങ്കിലും സംസ്കാര നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചാൽ അതിന്റെ അനന്തരഫലങ്ങൾക്ക് അവർ ഉത്തരവാദികളായിരിക്കുനെന്ന് ഐ ടി എൽ എഫ് വ്യക്തമാക്കി.
അതേസമയം മൂന്ന് മാസമായി തുടരുന്ന മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ 150 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നാണ് കണക്ക്. എന്നാൽ 118 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും മോർച്ചറിയിൽ ആണെന്നാണ് മുതിർന്ന അഭിഭാഷകനായ ഗോൺസാൽവസ് ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ ഇതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അത്രയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എത്ര മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്ര മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ടെന്നും സംബന്ധിച്ച വിശദ വിവരങ്ങൾ ഓഗസ്റ്റ് 7ന് അറിയിക്കണമെന്നും സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications