മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനം ബിരേന്‍ സിംഗ് രാജിവെച്ചേക്കും; ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കാണും
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ബിരേന്‍ സിംഗ് രാജിവെച്ചേക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം ബിരേന്‍ സിംഗ് ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് തന്നെ മുഖ്യമന്ത്രി രാജിവെക്കാനാണ് സാധ്യതയെന്ന് ബിരേന്‍ സിംഗുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ബിരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസം അമിത് ഷായെ അദ്ദേഹം കണ്ടിരുന്നു. സംസ്ഥാനത്തെ സാഹചര്യങ്ങളും വിശദീകരിച്ചിരുന്നു.സാംഗായ് എക്‌സ്പ്രസില്‍ വന്ന റിപ്പോര്‍ട്ടില്‍, കേന്ദ്രത്തില്‍ നിന്ന് നിരവധി കോളുകള്‍ അദ്ദേഹത്തെ വ്യാഴാഴ്ച്ച തേടിയെത്തിയെന്നാണ് പറയുന്നത്.തുടര്‍ന്നാണ് രാജിവെക്കാമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ട് വെച്ചത്.
കേന്ദ്രം മണിപ്പൂരിലെ ഭരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നും ബിരേന്‍ സിംഗ് നിര്‍ദേശിച്ചു. ബിരേന്‍ സിംഗിന്റെ രാജിക്ക്‌ശേഷം സഭ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബിരേന്‍ സിംഗിന്റെ രാജിയില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, എന്നിവരെ ഡല്‍ഹിയിലെത്തി ബിരേന്‍ സിംഗ് കണ്ടിരുന്നു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എന്തെല്ലാം ശ്രമങ്ങള്‍ തന്റെ സര്‍ക്കാര്‍ നടത്തിയെന്നും ഇവരോട് വിശദീകരിച്ചിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശന വേളയിലാണ് ബിരേന്‍ സിംഗിന്റെ രാജിയില്‍ അഭ്യൂഹം ശക്തമായിരിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ക്രമസമാധാന നിലയുടെ കാര്യത്തില്‍ ബിരേന്‍ സിംഗിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മണിപ്പൂരില്‍ നിന്നുള്ള മന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗും ബിരേന്‍ സിംഗിനെതിരെ രംഗത്ത് വന്നിരുന്നു. രഞ്ജന്‍ സിംഗിന്റെ ഇംഫാലിലെ വസതി കലാപകാരികള്‍ കത്തിച്ചിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് വിവിധ സംഘടനകളും, പ്രതിപക്ഷമായ കോണ്‍ഗ്രസും ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെ വ്യാപക അക്രമ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
മെയ്തി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയാണ് ബിരേന്‍ സിംഗ്. സംസ്ഥാനത്ത് മെയ്തികളും കുക്കികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതുവരെ നൂറിലധികം ആളുകളാണ് മരിച്ചത്. മെയ് മൂന്നിനാണ് സംഘര്‍ഷം ആരംഭിച്ചത്.മെയ്തി വിഭാഗത്തിന് പട്ടികവിഭാഗ പദവി നല്‍കാനുള്ളനീക്കത്തിനെതിരെയാണ് പ്രതിഷേധം ആദ്യം ആരംഭിക്കുന്നത്. പിന്നീട് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് ഇത് നയിച്ചത്. നിരവധി വീടുകളും, വാഹനങ്ങളുമെല്ലാം കലാപകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു.












Click it and Unblock the Notifications